എന്നിട്ടും രക്ഷയില്ല; അശ്വിന്‍റെ ഡ്യൂപ്പിന് മുന്നില്‍ സ്മിത്ത് ഒറ്റദിവസം വീണത് ആറ് തവണ

അശ്വിന്‍റെ ബോളിങ് ആക്ഷന് സമാനമായി പന്തെറിയുന്ന മഹേഷ് പിത്തിയ എന്ന ബറോഡ താരത്തെ കളത്തിലിറക്കി ആസ്ത്രേലിയന്‍ താരങ്ങള്‍ പരിശീലനം നടത്തുന്ന വാര്‍ത്ത നേരത്തേ പുറത്ത് വന്നിരുന്നു

Update: 2023-02-08 09:36 GMT

 mahesh pithiya

Advertising

ബംഗളൂരു: ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പര ആരംഭിക്കാൻ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. പരമ്പക്ക് മുന്നോടിയായി ഇന്ത്യയിലെത്തിയ കങ്കാരുപ്പട നേരത്തേ തന്നെ പരിശീലനം ആരംഭിച്ച് കഴിഞ്ഞു. സ്പിന്നർമാരുടെ പറുദീസയായ ഇന്ത്യൻ പിച്ചുകളെ മെരുക്കാനുള്ള പതിനെട്ട് അടവും പയറ്റി വരികയാണ് സന്ദർശകർ.  നേരത്തേ  ഇന്ത്യൻ സ്പിൻ ആക്രമണത്തിന്റെ കുന്തമുനയായ രവിചന്ദ്രൻ അശ്വിന്‍റെ ബോളിങ് ആക്ഷന് സമാനമായി പന്തെറിയുന്ന മഹേഷ് പിത്തിയ എന്ന ബറോഡ താരത്തെ കളത്തിലിറക്കി ആസ്ത്രേലിയന്‍ താരങ്ങള്‍ പരിശീലനം നടത്തുന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു.

എന്നാല്‍ അതു കൊണ്ടും രക്ഷയില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നെറ്റ്സില്‍ മഹേഷ് പിത്തിയയെ നേരിടാന്‍ ഏറെ പണിപ്പെടുകയാണ് ഓസീസ് ബാറ്റര്‍മാര്‍. ആദ്യ ദിവസം പിത്തിയയുടെ പന്തുകള്‍ക്ക് മുന്നില്‍ ആറ് തവണയാണ ്ആസ്ത്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് വീണത്. മഹേഷ് പിത്തിയ തന്നെയാണ് ഇക്കാര്യം  വെളിപ്പെടുത്തിയത്. 

''ആസ്ത്രേലിയന്‍ താരങ്ങള്‍ക്ക് മുന്നില്‍ പന്തെറിയാന്‍ ഭാഗ്യം ലഭിച്ചത്  വലിയ കാര്യമാണ്. നെറ്റ്സില്‍ സ്റ്റീവ് സ്മിത്തിനെതിരെ പന്തെറിയാനായിരുന്നു എന്നെ ഏല്‍പ്പിച്ചത്. ആദ്യ ദിനം ആറ് തവണയാണ് സ്മിത്ത് എന്‍റെ പന്തുകള്‍ക്ക് മുന്നില്‍ വീണത്"'- പിത്തിയ പറഞ്ഞു. 

ഈ സീസണിലാണ് മഹേഷ് പിത്തിയ രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചത്. സീസണിൽ ഇതുവരെ ബറോഡയ്ക്കായി നാല് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇതിൽനിന്ന് എട്ടു വിക്കറ്റും നേടിയിട്ടുണ്ട്. ബൗളിങ് ആക്ഷനിലും ശൈലികളിലുമടക്കം അശ്വിനോട് സാമ്യത പുലർത്തുന്ന താരത്തിന് ഇന്ത്യൻ സീനിയർ താരത്തെപ്പോലെ ബാറ്റും വഴങ്ങും. നാല് മത്സരങ്ങളിൽനിന്ന് 116 റൺസ് അടിച്ചെടുത്തിട്ടുണ്ട് മഹേഷ്. ഇതിൽ ഒരു അർധസെഞ്ച്വറിയും ഉൾപ്പെടും.

ബൗളിങ് സമാനത കാരണം നേരത്തെ തന്നെ 'അശ്വിൻ' എന്ന വിളിപ്പേര് ലഭിച്ചിരുന്നു മഹേഷിന്. രഞ്ജിയിലെ അരങ്ങേറ്റത്തോടെ കൂടുതൽ ശ്രദ്ധ നേടുകയും ചെയ്തു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News