ഇഞ്ചുറി ടൈമില്‍ മെസി മാജിക്; പി.എസ്.ജിക്ക് തകര്‍പ്പന്‍ ജയം

നാടകീയതകള്‍ നിറഞ്ഞ മത്സരത്തില്‍ കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മെസിയുടെ ഫ്രീ കിക്ക് ഗോള്‍ പിറന്നത്

Update: 2023-02-20 06:59 GMT

lionel messi

പാരീസ്: മത്സരമവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ സൂപ്പർ താരം ലയണൽ മെസി നേടിയ ഫ്രീകിക്ക് ഗോളിൽ പി.എസ്.ജിക്ക് തകർപ്പൻ ജയം. ഫ്രഞ്ച് ലീഗില്‍ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് പി.എസ്.ജി ലില്ലെയെ തകർത്തത്. മത്സരം സമനിലയിൽ അവസാനിക്കാനിരിക്കെ 95 ാം മിനിറ്റിലാണ് മെസി മാജിക് പിറന്നത്. ലില്ലെ പ്രതിരോധ താരങ്ങള്‍ക്കും ഗോളിക്കും ഒരവസരവും നല്‍കാതെ മെസിയുടെ ഫ്രീകിക്ക് പോസ്റ്റിന്‍റെ വലതു മൂലയില്‍ തുളഞ്ഞു കയറി.

നീണ്ട ഇടവേളക്ക് ശേഷം  സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും കിലിയന്‍ എംബാപ്പെയും നെയ്മറും ഒരുമിച്ചിറങ്ങിയ മത്സരത്തില്‍ നാല് ഗോളുകളും പിറവിയെടുത്തത് സൂപ്പര്‍ താരങ്ങളുടെ ബൂട്ടില്‍ നിന്നായിരുന്നു. മത്സരത്തില്‍ കിലിയന്‍ എംബാപ്പെ ഇരട്ട ഗോള്‍ കണ്ടെത്തിയപ്പോള്‍ മെസ്സിയും നെയ്മറും ഓരോ തവണ വലകുലുക്കി.

Advertising
Advertising

മത്സരത്തിന്‍റെ 11 ാം മിനിറ്റില്‍ എംബാപ്പെയുടെ ഗോളിലൂടെ പി.എസ്.ജിയാണ് ആദ്യം മുന്നിലെത്തിയത്. ആറ് മിനിറ്റിനുള്ളില്‍ നെയ്മറും വലകുലുക്കി. 24 ാം മിനിറ്റില്‍  ഡിയാക്കിറ്റേയിലൂടെ ലില്ലെ ആദ്യ ഗോള്‍ മടക്കി. 

രണ്ടാം പകുതിയാരംഭിച്ച് ആറ് മിനിറ്റ് പിന്നിടുമ്പോള്‍ കണങ്കാലിന് പരിക്കേറ്റ് സൂപ്പര്‍ താരം നെയ്മര്‍ കളംവിട്ടു. 58 ാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടിയിലൂടെ ജൊനാഥന്‍ ഡേവിഡ് ലില്ലെയെ ഒപ്പത്തിനൊപ്പമെത്തിച്ചു. പത്ത് മിനിറ്റിനുള്ളില്‍ ജൊനാഥന്‍ ബാംബെയിലൂടെ ലില്ലെ മുന്നിലെത്തി. എന്നാല്‍ 87 ാം മിനിറ്റില്‍ എംബാപ്പെ തിരിച്ചടിച്ചു. മത്സരം സമനിലയിലേക്ക് എന്ന് തോന്നിച്ച ഘട്ടത്തിലാണ്  ലയണല്‍ മെസിയുടെ മനോഹര ഗോള്‍ പിറവിയെടുക്കുന്നത്. ഫ്രഞ്ച് ലീഗ് പോയിന്‍റ് പട്ടികയില്‍ 57 പോയിന്‍റുമായി പി.എസ്.ജിയാണ് ഒന്നാം സ്ഥാനത്ത്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News