ഐപിഎല്‍: സ്റ്റേഡിയത്തിലെ സഫാരി കാറിന് മുകളിലേക്ക് പന്തടിച്ചാല്‍ കോവിഡ് പ്രതിരോധത്തിന് ടാറ്റ രണ്ട് ലക്ഷം രൂപ നല്‍കും

സഫാരി ഗോൾഡ് ഹിറ്റ് ചലഞ്ച് എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയിൽ അക്ഷയപാത്ര ഫൗണ്ടേഷന്‍ വഴിയാണ് കോവിഡ് പ്രതിരോധത്തിന് കമ്പനി പണം നൽകുക.

Update: 2021-09-19 13:22 GMT
Editor : Nidhin | By : Web Desk

നാട്ടിലെ മൈതാനങ്ങളിൽ ക്രിക്കറ്റ് കളിക്കുമ്പോൾ വാഹനങ്ങൾക്ക് മുകളിൽ പന്തടിച്ചതിനെ തുടർന്ന് പലപ്പോഴും നമ്മൾ പ്രശ്‌നത്തിൽ പെട്ടിട്ടുണ്ടാകും. അങ്ങനെയിരിക്കുമ്പോൾ നമ്മൾ എല്ലാവരും ചിന്തിച്ചിട്ടുണ്ടാകും എന്ത് ധൈര്യത്തിലാണ് തീയുണ്ട പോലെ പന്തുകൾ പായുന്ന അന്താരാഷ്ട്ര-ആഭ്യന്തര ലീഗുകളുടെ സ്റ്റേഡിയത്തിനുള്ളിൽ വില കൂടിയ പുതുപുത്തൻ വാഹനങ്ങൾ വച്ചിരിക്കുന്നതെന്ന്. വിവിധ വാഹന കമ്പനികളുടെ പരസ്യമായാണ് ഇത്തരത്തിൽ വാഹനങ്ങൾ വെക്കുന്നതെന്ന് നമ്മൾക്കെല്ലാവർക്കുമറിയാം. മിക്കപ്പോഴും ടൂർണമെന്റിലെ താരത്തിന് ആ വാഹനം സമ്മാനമായി നൽകാറുമുണ്ട്.

Advertising
Advertising

എന്നാൽ ഇടക്കൊക്കെ പന്ത് കൊണ്ട് ഈ വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കാറുമുണ്ട്. ഇന്ന് ദുബൈയിൽ ആരംഭിക്കുന്ന ഐപിഎൽ 14-ാം സീണണിന്റെ രണ്ടാംപാദ മത്സരം നടക്കുന്ന സ്റ്റേഡിയത്തിൽ ഇതുപോലെ പ്രദർശത്തിന് വെക്കുന്നത് ടാറ്റയുടെ ഏറ്റവും പുതിയ സഫാരി ഗോൾഡ് എഡിഷനാണ്. ആ വാഹനത്തിന്റെ ആദ്യ അവതരണവും ഇന്ന് ദുബൈ സ്റ്റേഡിയത്തിലാണ്. എന്നാൽ മറ്റൊരു പ്രത്യേകത കൂടി ടാറ്റ ഇതിന് പിന്നിൽ ഒരുക്കിയിട്ടുണ്ട്.

സ്റ്റേഡിയത്തിൽ വെച്ചിരിക്കുന്ന സഫാരി ഗോൾഡ് സ്റ്റാൻഡേർഡ് കാറിന് മുകളിലോ കാർ വെച്ചിരിക്കുന്ന പോഡിയത്തിന് മുകളിലോ ബാറ്റ്‌സ്മാൻ പന്തടിച്ചാൽ രണ്ട് ലക്ഷം രൂപ ടാറ്റ കോവിഡ് പ്രതിരോധത്തിനായി രണ്ട് ലക്ഷം രൂപ നൽകും. സഫാരി ഗോൾഡ് ഹിറ്റ് ചലഞ്ച് എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയിൽ അക്ഷയപാത്ര ഫൗണ്ടേഷന്‍ വഴിയാണ് കോവിഡ് പ്രതിരോധത്തിന് കമ്പനി പണം നൽകുക.

അൽട്രോസിന് വേണ്ടി പുറത്തിറക്കിയ ഗോൾഡ് എഡിഷൻ ഇപ്പോൾ സഫാരിയിലേക്കും പറിച്ചുനട്ടിരിക്കുകയാണ് ടാറ്റ. നിലവിൽ ടാറ്റ ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും വിലകൂടിയ മോഡലാണ് സഫാരി.

പ്രധാനമായി കോസ്മറ്റിക്ക് മാറ്റങ്ങളാണ് ഗോൾഡ് എഡിഷനിൽ വന്നിരിക്കുന്നത്. വൈറ്റ് ഗോൾഡ്, ബ്ലാക്ക് ഗോൾഡ് എന്നീ രണ്ട് വേരിയന്റുകളിലാണ് ഗോൾഡ് എഡിഷൻ ലഭ്യമാക്കുക. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വൈറ്റ് ഗോൾഡിന് വെള്ള നിറത്തിലുള്ള ബോഡിക്ക് ഗോൾഡ് നിറത്തിലുള്ള ബേസ് ലൈനും കറുപ്പ് നിറത്തിലുള്ള റൂഫുമാണ്. ബ്ലാക്ക് ഗോൾഡിന്റെ പ്രധാന നിറം കറുപ്പുമാണ്. രണ്ട് വേരിയന്റിനും ഗ്രിൽ ഹെഡ്ലൈറ്റിന്റെ ചുറ്റുപാട്, ഡോർ ഹാൻഡിലുകൾ, റൂഫ് റെയിൽസ്, ബാഡ്ജിങ് എന്നിവയ്ക്ക് സ്വർണ നിറമായിരിക്കും. സഫാരി അഡ്വവെഞ്ച്വറിൽ ഉപയോഗിച്ചിരിക്കുന്ന 18 ഇഞ്ച് അലോയ് തന്നെയാണ് ഗോൾഡ് എഡിഷനിലുമുള്ളത്.

വാഹനത്തിന്റെ ഇന്റീരിയറിലും വിവിധ സ്ഥലങ്ങളിൽ സ്വർണ നിറം നൽകിയിട്ടുണ്ട്. എസി വെന്റുകൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡോർ ഹാൻഡിൽ, ബാഡ്ജുകൾ എന്നിവയിൽ സ്വർണ നിറം നൽകാൻ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്.

നിലവിൽ ലഭ്യമായ ടോപ്പ് വേരിയന്റായ എക്സ്.സെഡ്.എ പ്ലസ് മോഡലിനെക്കാൾ കുറച്ച് ഫീച്ചറുകളും ഗോൾഡ് എഡിഷനിൽ കമ്പനി കൂട്ടിച്ചേർത്തിട്ടുണ്ട്. ഡയമണ്ട് നിറത്തിന്റെ ആവരണത്തോട് കൂടിയ ലെതർ സീറ്റുകൾ, മുന്നിലെയും പിന്നിലെയും നിരയിലെ സീറ്റുകളിൽ വെന്റിലേഷൻ, വയർലെസ് ചാർജർ, എയർ പ്യൂരിഫയർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ ആപ്പിൾ കാർപ്ലേ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ചില ഫീച്ചറുകൾ സഫാരി അഡ്വവെഞ്ച്വർ എഡിഷനിലും ഉൾപ്പെടുത്തിയിരുന്നു. എഞ്ചിനിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

21.89 ലക്ഷം രൂപയാണ് എക്സ്.സെഡ് പ്ലസ് ഗോൾഡിന്റെ എക്സ് ഷോറൂം വില. ഓട്ടോമാറ്റിക്ക് മോഡലായ എക്സ്.സെഡ്.എ പ്ലസിന് 23.18 ലക്ഷം രൂപയുമാണ് എക്സ് ഷോറും വില.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News