വിരമിക്കലിനു പിന്നാലെ കുടുംബസമേതം സൗദിയിൽ; ഉംറ നിർവഹിച്ച് സാനിയ

മദീനയിലെ പ്രവാചകന്‍റെ പള്ളിയായ മസ്ജിദുന്നബവയിൽനിന്നുള്ള ചിത്രങ്ങളും സാനിയ പങ്കുവച്ചിട്ടുണ്ട്

Update: 2023-03-22 02:31 GMT
Editor : Shaheer | By : Web Desk
Advertising

റിയാദ്: ടെന്നീസ് കോർട്ടിനോട് വിടപറഞ്ഞതിനു പിന്നാലെ ആത്മീയവഴിയിലേക്ക് തിരിഞ്ഞ് ഇതിഹാസ താരം സാനിയ മിർസ. കഴിഞ്ഞ മാസം ദുബൈ ടെന്നീസ് ചാംപ്യൻഷിപ്പിലായിരുന്നു അവസാന മത്സരം. ഇപ്പോൾ ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലാണ് താരമുള്ളത്.

സോഷ്യൽ മീഡിയയിലൂടെ സാനിയ തന്നെയാണ് വിവരം പുറത്തുവിട്ടത്. കുടുംബസമേതമാണ് 36കാരി ഉംറ നിർവഹിക്കാൻ എത്തിയിരിക്കുന്നത്. മകൻ ഇഷാൻ മിർസ മാലിക് അടക്കം കുടുംബത്തിൻരെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. മദീനയിലെ പ്രവാചകന്റെ പള്ളി മസ്ജിദുന്നബവയിൽനിന്നുള്ള ചിത്രങ്ങളും കൂട്ടത്തിലുണ്ട്. 'അല്ലാഹുവിന് നന്ദി, നമ്മുടെ ആരാധനകൾ അവൻ സ്വീകരിക്കട്ടെ' എന്നാണ് ചിത്രങ്ങളുടെ അടിക്കുറിപ്പായി ചേർത്തിരിക്കുന്നത്.

ഏറെ നന്ദിയുണ്ടെന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്ത മദീന പള്ളിയുടെ ചിത്രങ്ങൾക്കൊപ്പം കുറിച്ചു. ദൈവത്തിനു നന്ദി എന്നാണ് മകൻ ഇഷാനൊപ്പമുള്ള സെൽഫിയുടെ അടിക്കുറിപ്പ്. ഇതിനു പുറമെ രാത്രിസമയങ്ങളിലെ ദൈവവുമൊത്തുള്ള പ്രാർത്ഥനകളാണ് ഏറ്റവും മികച്ചതെന്നും ഹൃദയം കരഞ്ഞുതേടുന്ന സമാധാനം കൊണ്ടുതരാൻ ഇത്തവണ റമദാനിനാകട്ടെ എന്നും വ്യത്യസ്ത സ്റ്റോറികളിൽ അവർ കുറിച്ചു.

കഴിഞ്ഞ വർഷം ആദ്യത്തിലാണ് സാനിയ കളിനിർത്തുന്നതായി പ്രഖ്യാപിച്ചിരുന്നത്. 2022 സീസണിന്റെ അവസാനത്തിൽ വിരമിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, യു.എസ് ഓപണിന്റെ തൊട്ടുമുൻപ് മുട്ടിനു പരിക്കേറ്റതോടെ വിരമിക്കൽ നീളുകയായിരുന്നു. കഴിഞ്ഞ ജനുവരി 26ന് ആസ്‌ട്രേലിയൻ ഓപണിലാണ് ഗ്രാൻഡ്സ്ലാം കരിയറിന് വിരാമമിട്ടത്. രോഹൺ ബൊപ്പണ്ണയ്‌ക്കൊപ്പം മിക്സഡ് ഡബിൾസിൽ കിരീടത്തിലൂടെ കരിയർ അവസാനിപ്പിക്കാനുള്ള മോഹങ്ങൾ പക്ഷെ ഫൈനലിൽ ബ്രസീലിന്റെ ലൂയിസ സ്റ്റെഫാനി-റാഫേൽ മാറ്റോസ് സഖ്യം തകർക്കുകയായിരുന്നു.

ഫെബ്രുവരി 21ന് ദുബൈ ടെന്നീസ് ചാംപ്യൻഷിപ്പായിരുന്നു കരിയറിലെ അവസാന മത്സരം. ചാംപ്യൻഷിപ്പിൽ ഒന്നാം റൗണ്ടിൽ തന്നെ തോറ്റ് പുറത്തായി. അമേരിക്കൻ താരം മാഡിസൺ കെയ്‌സിനൊപ്പം കളിച്ച സാനിയ റഷ്യയുടെ വെറോണിക്ക കുദർമെറ്റോവ-ല്യൂഡ്മില സാംസണോവ സഖ്യത്തോടാണ് പരാജയപ്പെട്ടത്.

Summary: Soon after the retirement, the Indian tennis star Sania Mirza embarked on a pilgrimage to Saudi Arabia to perform Umrah

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News