''വിരമിക്കൽ പ്രഖ്യാപനം ഇത്രയും നേരത്തെ വേണ്ടായിരുന്നു''; സങ്കടം പറഞ്ഞ് സാനിയ മിര്‍സ

ആസ്ത്രേലിയൻ ഓപൺ മിക്സഡ് ഡബിൾസിൽ ഇന്ന് നടന്ന ക്വാർട്ടർ പോരാട്ടത്തിൽ സാനിയ മിർസ-രാജീവ് റാം സഖ്യം തോറ്റിരുന്നു

Update: 2022-01-25 15:22 GMT
Editor : Shaheer | By : Web Desk
Advertising

വിരമിക്കൽ പ്രഖ്യാപനത്തിൽ ഖേദപ്രകടനവുമായി ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. 2022 ആസ്ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസിൽ ആദ്യ റൗണ്ട് തോൽവിക്ക് പിന്നാലെയാണ് സാനിയ വിരമിക്കൽ കാര്യം പ്രഖ്യാപിച്ചത്. ഇത്രയും പെട്ടെന്ന് പ്രഖ്യാപനം വേണ്ടിയിരുന്നില്ലെന്ന് സാനിയ സോണി സ്‌പോർട്‌സ് നെറ്റ്‌വർക്കിനോട് അവർ പറഞ്ഞു.

''വളരെ പെട്ടെന്നായി പ്രഖ്യാപനമെന്ന് ഇപ്പോൾ തോന്നുന്നു. സത്യം പറഞ്ഞാൽ അതിലിപ്പോൾ ഖേദമുണ്ട്. കാരണം അതേക്കുറിച്ചാണിപ്പോൾ ചോദ്യമെല്ലാം. ജയിക്കാൻ വേണ്ടിയാണ് ഞാൻ ടെന്നീസ് കളിക്കുന്നത്. കളിക്കിറങ്ങുംമുൻപ് വരെ ജയിക്കാനുള്ള ശ്രമത്തിലാണ് ഞാൻ. ഇതൊരു വിരമിക്കലിനുശേഷമുള്ള ചിന്ത മാത്രമല്ല. നിരന്തരമായി മനസ്സിലുള്ള കാര്യമാണിത്. ജയിച്ചാലും തോറ്റാലും ഞാൻ ആസ്വദിച്ചാണ് ടെന്നീസ് കളിക്കുന്നത്. അക്കാര്യം നിങ്ങൾക്ക് അറിയുന്നതാണ്...'' സാനിയ ചാനലിനോട് പറഞ്ഞു.

ഇതേ കാഴ്ചപ്പാട് തന്നെയാണ് ഇപ്പോഴും എനിക്കുള്ളത്. കളിക്കായി നൂറുശതമാനവും സമർപ്പിക്കുന്നു ഞാൻ. ചിലപ്പോൾ കാര്യങ്ങൾ അനുകൂലമായിവരും. ചിലപ്പോൾ എതിരാകുകയും ചെയ്യും. വർഷാന്ത്യത്തിൽ എന്തു സംഭവിക്കുന്നുവെന്ന് ഞാൻ സത്യത്തിൽ ആലോചിക്കാറില്ലെന്നും സാനിയ കൂട്ടിച്ചേർത്തു.

ആസ്ത്രേലിയൻ ഓപൺ മിക്സഡ് ഡബിൾസിൽ ഇന്ന് നടന്ന ക്വാർട്ടർ പോരാട്ടത്തിൽ സാനിയ മിർസ-രാജീവ് റാം സഖ്യം തോറ്റിരുന്നു. ആസ്ത്രേലിയയുടെ ജൈമി ഫോർലിസ്-ജാസൺ കുബ്ലർ സഖ്യത്തോടാണ് ഇന്ത്യ-യുഎസ് ജോഡി കീഴടങ്ങിയത്. സ്‌കോർ 4-6, 6-7 (57). ഈ സീസണോടെ വിരമിക്കുമെന്ന് പ്രഖ്യാപിച്ച സാനിയയ്ക്ക് ഇതോടെ ഒരു മടങ്ങിവരവുകൂടി മെൽബൺ പാർക്കിലേക്കുണ്ടാകില്ല.

മിക്സഡ് ഡബിൾസിൽ മഹേഷ് ഭൂപതിക്കൊപ്പം 2009ലും 2016ൽ സ്വിസ് ഇതിഹാസം മാർട്ടിന ഹിൻജിനൊപ്പം ഡബിൾസിലും സാനിയ ആസ്ത്രേലിയൻ ഓപൺ നേടിയിട്ടുണ്ട്. ഇന്ത്യൻ വനിതാ ടെന്നിസ് ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരി കൂടിയാണ് മുപ്പത്തിയഞ്ചുകാരിയായ സാനിയ. മൂന്ന് മിക്സഡ് ഡബിൾസ് ട്രോഫിയടക്കം ആറു ഗ്രാൻഡ് സ്ലാം ടൈറ്റിലുകൾ സ്വന്തം പേരിലുണ്ട്. വിംബിൾഡണിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ്. ഖേൽരത്‌ന, അർജുന അവാർഡുകൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. 2016നുശേഷം കുടുംബത്തോടൊപ്പം ചെലവഴിക്കാനായി ടെന്നീസ് കോർട്ടിൽനിന്ന് വിട്ടുനിന്ന സാനിയ 2020ലാണ് മത്സരത്തിലേക്ക് തിരിച്ചെത്തിയത്.

Summary: ''Think I made it too soon, I give my 100 percent in the game''; Sania Mirza regrets making retirement announcement

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News