സച്ചിനേക്കാള്‍ ഉയരത്തിലെത്തേണ്ടവന്‍; വിനോദ് കാംബ്ലിക്ക് എന്ത് സംഭവിച്ചു?
ഇന്ത്യക്കായി 17 ടെസ്റ്റ് മത്സരങ്ങളിൽ പാഡണിഞ്ഞ കാംബ്ലിയുടെ സമ്പാദ്യം 1084 റൺസാണ്. 14 ഫിഫ്റ്റിയും രണ്ട് സെഞ്ച്വറിയുമുൾപ്പെടെ 104 ഏകദിനങ്ങളിൽ നിന്ന് അടിച്ചെടുത്തത് 2477 റൺസ്
സച്ചിന്റെ കയ്യിൽ വിടാതെ മുറുകെ പിടിച്ചിരിക്കുകയാണ് വിനോദ് കാംബ്ലി. ഇടറിയ സ്വരത്തിൽ അയാളെന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട്. ശിവജി പാർക്കിലെ രമാകാന്ത് അച്ചരേക്കറിന്റെ പ്രതിമ അനാച്ഛാദനച്ചടങ്ങാണ് ക്രിക്കറ്റ് ആരാധകരുടെ കണ്ണു നനയിച്ച കാഴ്ചകൾക്ക് വേദിയായത്. സച്ചിൻ സ്വന്തം ഇരിപ്പിടത്തിലേക്ക് പോകാൻ തുനിഞ്ഞിട്ടും വിടാൻ കൂട്ടാക്കാതെ കയ്യിൽ പിടിച്ച് നിൽക്കുന്ന ആ 52 കാരന്റെ മുഖം ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ പെട്ടെന്നൊന്നും മറക്കാനിടയില്ല.
.തങ്ങളെ ക്രിക്കറ്റിന്റെ ആകാശ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ അച്ഛരേക്കറെ കുറിച്ച ഓർമകൾ അയവിറക്കുന്നതിനിടെ കാബ്ലി ഒരു പഴയ ബോളിവുഡ് ഗാനം ആ വേദിയിലിരുന്ന് പാടി . 'സർ ജോ തേരാ ചകരായെ യാ ദിൽ ദൂബ ജായേ' ഇടറിത്തുടങ്ങിയ അയാളുടെ ശബ്ദത്തിന് സച്ചിനൊപ്പം സദസ്സും കയ്യടിച്ചു.
1988 ലെ ഹാരിസ് ഷീൽഡ് ട്രോഫി സെമിഫൈനൽ. ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തി ശാരദാശ്രമം സ്‌കൂളിലെ രണ്ട് പയ്യന്മാർ മൂന്നാം വിക്കറ്റിൽ അന്നൊരു റെക്കോർഡ് റൺമല പടുത്തുയർത്തി. 664 റൺസിൻറെ പടുകൂറ്റൻ കൂട്ടുകെട്ട്. ഇന്ത്യൻ ക്രിക്കറ്റിൽ രണ്ടിതിഹാസങ്ങളുടെ പിറവിയാണാ മൈതാനം അന്ന് കണ്ടത്. സച്ചിൻ രമേഷ് തെണ്ടുൽക്കർ 326 റൺസടിച്ചെടുത്തപ്പോൾ വിനോദ് കാംബ്ലി പുറത്താവാതെ 349 റൺസുമായി ക്രീസിൽ നിലയുറപ്പിച്ചു. ആ റെക്കോർഡ് തകർക്കപ്പെടാൻ പിന്നെ 18 വർഷത്തോളമെടുത്തു. സച്ചിനൊപ്പം കളിയാരംഭിച്ച കാംബ്ലി ഗ്രൌണ്ടിൽ ഒരുകാലത്ത് സച്ചിനേക്കാൾ ഒരുപടി മുകളിലായിരുന്നു. അത്ഭുതപ്പെടുത്തുന്ന റെക്കോർഡുകളുമായി ആരംഭിച്ച അയാളുടെ കരിയറെന്നാൽ ഒരു ദുരന്തത്തിൽ ചെന്നാണ് അവസാനിച്ചത്.
അരങ്ങേറി മൂന്നാം ടെസ്റ്റിൽ തന്നെ ഡബിൾ സെഞ്ച്വറി. നാലാം ടെസ്റ്റിലും അത് തന്നെ ആവർത്തിക്കുന്നു. തുടർന്നു വന്ന ലങ്കൻ പര്യടനത്തിൽ വീണ്ടും രണ്ട് സെഞ്ച്വറികൾ. ആദ്യ ഏഴ് ടെസ്റ്റ് പൂർത്തിയാവുമ്പോൾ ബാറ്റിങ് ശരാശരി 100 . അതിശയകരമായിരുന്നു കാംബ്ലിയുടെ കളിക്കാലങ്ങളുടെ തുടക്കം. ഇന്ത്യൻ ക്രിക്കറ്റിൽ ഒരു ബ്രയാൻ ലാറ പിറവി കൊണ്ടിരിക്കുന്നു എന്നാണ് 1991 ൽ അയാളുടെ ക്രിക്കറ്റ് അരങ്ങേറ്റത്തിന് ശേഷം മാധ്യമങ്ങൾ തലവാചകമെഴുതിയത്. എന്നാൽ അരങ്ങേറ്റത്തിൽ തന്നെ സൂപ്പർ സ്റ്റാർ പരിവേഷം ലഭിച്ച ആ മനുഷ്യൻ കരിയറിൽ പിന്നെ പത്ത് ടെസ്റ്റുകൾ കൂടെയെ കളിച്ചിട്ടുള്ളൂ എന്ന് പറഞ്ഞാൽ അവിശ്വസനീയമായി തോന്നിയേക്കാം. വെറും 17 ടെസ്റ്റുകളിലും 104 ഏകദിനങ്ങളിലുമാണ് വിനോദ് കാംബ്ലി ദേശീയ കുപ്പായമണിഞ്ഞത്. 21ാ ം വയസിൽ അരങ്ങേറിയ അയാളുടെ ടെസ്റ്റ് കരിയറിന് 23ാം വയസിൽ തിരശീല വീണു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദിന കരിയറും അവസാനിച്ചു.
കുത്തഴിഞ്ഞ ജീവിതവും മദ്യാസക്തിയുമൊക്കെ കാംബ്ലിയുടെ കരിയറിന് മുകളിൽ വില്ലൻ വേഷത്തിൽ അവതരിച്ചു. സച്ചിൻ കഠിനാധ്വാനിയായിരുന്നു. ഇന്ത്യൻ ക്രിക്കറ്റിൽ ദ്രാവിഡും ലക്ഷ്മണും ഗാംഗുലിയുമൊക്കെ രംഗപ്രവേശം ചെയ്തപ്പോഴും കാംബ്ലിക്ക് കുലുക്കമൊന്നുമുണ്ടായില്ല. നഷ്ടപ്പെടാനിരിക്കുന്ന അവസരങ്ങളെ കുറിച്ച ആദിയൊന്നും അയാളെ അലട്ടിയേയില്ല. കരിയറിനോട് അയാൾ കാണിച്ച നിരർത്ഥകമായ ഈ സമീപനം അയാളിലെ പ്രതിഭയെ നശിപ്പിച്ചു. ഗ്രൌണ്ടിലെ തുടർ പരാജയങ്ങൾ കാരണം കാംബ്ലിക്ക് മുന്നിൽ ഇന്ത്യൻ ക്രിക്കറ്റിലേക്കുള്ള വാതിലുകൾ എന്നെന്നേക്കുമായി കൊട്ടിയടക്കപ്പെട്ടു.
1996 മാർച്ച് 13. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻ സ്റ്റേഡിയത്തിന്റെ ഗാലറിയിൽ അന്ന് പുക പടർന്നു. ശ്രീലങ്കക്ക് മുന്നിൽ തകർന്ന് തരിപ്പണമായ ഇന്ത്യൻ ക്രിക്കറ്റ് ടീം ഫൈനൽ കാണില്ല എന്ന് ഉറപ്പായതോടെ ആരാധകർ രോഷാകുലരായി. മൈതാനത്തേക്ക് കുപ്പികൾ പാഞ്ഞെത്തി. ഒടുവിൽ അവർ ഗാലറിക്ക് തീയിട്ടു. ക്രീസിൽ 29 പന്തിൽ 10 റൺസുമായി വിനോദ് കാംബ്ലി നിൽപ്പുണ്ട്. ഒപ്പം അനിൽ കുബ്ലേയും. ഇനിയൊരു വിക്കറ്റ് ആരാധകർക്ക് താങ്ങാനാവുന്നതിലും അധികമായിരുന്നു. നവ്ജ്യോത് സിദ്ധുവും മുഹമ്മദ് അസ്ഹറുദ്ദീനും ജവഗൽ ശ്രീനാഥും അജയ് ജഡേജയുമൊക്കെ പരാജയപ്പെട്ടിടത്ത് വിനോദ് കാംബ്ലി ഒരു രക്ഷാപ്രവർത്തനത്തിന് തയ്യാറെടുക്കുമ്പോഴാണ് ആരാധകരുടെ പ്രതിഷേധച്ചൂടിൽ ഗാലറി കത്തിയമർന്നത്. ഒടുവിൽ 35ാം ഓവറിൽ അമ്പയർമാർ കളിയവസാനിപ്പിച്ചു. മാച്ച് റഫറി ക്ലൈവ് ലോയിഡ് ശ്രീലങ്കയെ വിജയിയായി പ്രഖ്യാപിച്ചു. മൈതാനത്ത് നിറകണ്ണുകളുമായി നിസ്സഹായനായി നിൽക്കുന്ന കാംബ്ലിയുടെ മുഖം ആരാധകർ എങ്ങനെ മറക്കാനാണ്. അവിടം മുതൽ കാംബ്ലിയുടെ വീഴ്ച്ചകൾ ആരംഭിക്കുകയായിരുന്നു. പിന്നീട് കളിച്ച 35 മത്സരങ്ങളിൽ കാംബ്ലിയുടെ ബാറ്റിങ് ശരാശരി വെറും 19.31 ആയിരുന്നു.
പയ്യെ പയ്യെ അയാൾ മൈതാനങ്ങളിൽ നിന്ന് അപ്രത്യക്ഷനായി. ഗ്രൌണ്ടിനകത്തും പുറത്തും അയാൾ ഒരുമിച്ചാണ് വീണതെന്ന് പറയേണ്ടി വരും. വിരമിക്കലിന് ശേഷം വിവാദങ്ങളുടെ തോഴനായാണ് കാംബ്ലിയെ പിന്നെ ആരാധകർ പലപ്പോഴും കണ്ടത്. 1996 ലോകകപ്പ് സെമിയിൽ ഇന്ത്യ ഒത്തു കളിച്ചെന്ന് ഒരിക്കൽ കാംബ്ലി ആരോപിച്ചു. ഇത് ഇന്ത്യൻ ക്രിക്കറ്റിൽ വലിയ കോളിളക്കങ്ങളാണ് സൃഷ്ടിച്ചത്. സെമിയിൽ ടോസ് നേടിയാൽ ആദ്യം ബാറ്റ് ചെയ്യണമെന്നാണ് തീരുമാനിച്ചിരുന്നതെന്നും പിന്നീട് ടോസ് നേടിയപ്പോൾ ഇന്ത്യ ഫീൽഡിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നെന്നും ഇതിനുപിന്നിൽ ഒത്തുകളി ഉണ്ടെന്നുമായിരുന്നു കാംബ്ലിയുടെ ആരോപണം. മറ്റൊരിക്കൽ ജാതിയുടെയും നിറത്തിൻറേയും പേരിൽ ബി.സി.സി.ഐ തന്നെ നിരന്തരം അവഗണിച്ചെന്ന് കാംബ്ലി വെളിപ്പെടുത്തി.
ഒപ്പം തൻറെ ബാല്യകാല സുഹൃത്ത് സച്ചിനെതിരെയും കാംബ്ലിയുടെ പരിഭവങ്ങളും ആരോപണങ്ങളും നീണ്ടു. വിരമിക്കൽ സമയത്ത് സച്ചിൻ തന്നെ കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞില്ലെന്നും അത് തന്നെ വല്ലാതെ വേദനിപ്പിച്ചെന്നും കാംബ്ലി ഒരിക്കൽ തുറന്നടിച്ചു. മദ്യ ലഹരിയിൽ ഭാര്യയെ ക്രൂരമായി മർദിച്ചതിനെ തുടർന്ന് കാംബ്ലി 2023 ൽ വാർത്തകളിൽ നിറഞ്ഞു. ബി.സി.സി.ഐ നൽകുന്ന പെൻഷൻ കൊണ്ടാണ് താനിപ്പോൾ ജീവിക്കുന്നത് എന്നും കൊടിയ ദാരിദ്ര്യത്തിലാണെന്നും കാംബ്ലി ഒരിക്കൽ തുറന്ന് പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങൾ തളർത്തി അവശാവസ്ഥയിലാണ് കാബ്ലിയെ പിന്നെ ആരാധകർ പലപ്പോഴും കണ്ടത്.
ഇന്ത്യക്കായി 17 ടെസ്റ്റ് മത്സരങ്ങളിൽ പാഡണിഞ്ഞ കാംബ്ലിയുടെ സമ്പാദ്യം 1084 റൺസാണ്. 14 ഫിഫ്റ്റിയും രണ്ട് സെഞ്ച്വറിയുമുൾപ്പെടെ 104 ഏകദിനങ്ങളിൽ നിന്ന് അടിച്ചെടുത്തത് 2477 റൺസ്. ഷോട്ട് ബോളുകൾ നേരിടുന്നതിലെ പിഴവുകൾ, ഫൂട്ട് വർക്കിലെ പോരായ്മകൾ, ഗ്രൌണ്ടിലെ അലസഭാവം തുടങ്ങി മൈതാനത്തെ കാംബ്ലിയുടെ പോരായ്മകളെ പലരും അക്കമിട്ട് നിരത്തുമ്പോഴും മൈതാനത്തിന് പുറത്തേ കുത്തഴിഞ്ഞ ജീവിതമാണ് ഇന്ത്യൻ ക്രിക്കറ്റിൽ ഇതിഹാസമായി മാറേണ്ടിയിരുന്ന കാബ്ലിയുടെ കരിയറിന് വേഗത്തിൽ അടിവരയിട്ടതെന്നാണ് ക്രിക്കറ്റ് പണ്ഡിറ്റുകളിൽ പലരും ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നത്.