അഹ്മദാബാദിലെ കടം വീട്ടുമോ ഇന്ത്യ ?

വിശ്വവേദികളിലെ ഇന്ത്യ ആസ്‌ത്രേലിയ പോരാട്ടങ്ങൾ എക്കാലവും ആരാധകർക്ക് ത്രസിപ്പിപ്പിക്കുന്ന ഓർമകളാണ്

Update: 2025-03-03 07:53 GMT

''അഹ്‌മദാബാദ് സ്‌റ്റേഡിയത്തിന്റെ ഗാലറിയിൽ നിന്ന് നാളെ ഏകപക്ഷീയമായാണ് ആരവങ്ങൾ മുഴങ്ങാൻ പോവുന്നത് എന്ന് എനിക്ക് നന്നായി അറിയാം. പക്ഷെ നിങ്ങളൊരു കാര്യം മറന്ന് പോവരുത്. ഒരു വലിയ ജനക്കൂട്ടത്തെ നിശബ്ദതയിലേക്ക് എടുത്തെറിഞ്ഞ ശേഷം കിരീടമണിയുന്നതിനേക്കാൾ സംതൃപ്തി നൽകുന്ന മറ്റൊന്നും കായിക ലോകത്തില്ല. നാളെ അത് തന്നെ സംഭവിക്കും''- ലോകകപ്പ് ഫൈനലിന് തൊട്ട് മുമ്പ് നടന്ന വാർത്താ സമ്മേളനത്തിൽ പാറ്റ് കമ്മിൻസ് ഏറെ ആത്മവിശ്വാസത്തോടെയാണീ വർത്തമാനം പറഞ്ഞ് വച്ചത്.

ഒടുവിൽ അയാളുടെ വാക്കുകൾ അച്ചട്ടായി. മുഹമ്മദ് സിറാജെറിഞ്ഞ 43ാം ഓവറിലെ അവസാന പന്തിനെ ഡീപ് സ്‌ക്വയർ ലെഗ്ഗിലേക്ക് അടിച്ചിട്ട് ഗ്ലെൻ മാക്‌സ്വെൽ ആ രണ്ട് റൺസ് ഓടിപ്പൂർത്തിയാക്കുമ്പോൾ അഹ്‌മദാബാദ് സ്റ്റേഡിയം നിശബ്ദമായിരുന്നു. ടൂർണമെന്റിൽ ഒറ്റ മത്സരം പോലും തോൽക്കാതെ ഫൈനലിലേക്ക് മാർച്ച് ചെയ്ത ഇന്ത്യയെക്കാൾ ആ കിരീടം അർഹിച്ചിരുന്ന മറ്റാരെങ്കിലുമുണ്ടായിരുന്നോ? ഇല്ലെന്നായിരുന്നു അന്ന് ഗാലറിയിൽ തടിച്ച് കൂടിയിരുന്ന ഒന്നേ കാല്‍ ലക്ഷം മനുഷ്യർ കരുതിയിരുന്നത്. എന്നാൽ അവരുടെയൊക്കെ  പ്രതീക്ഷകളിൽ ട്രാവിസ് ഹെഡ് കനൽ കോരിയിട്ടു. ക്രിക്കറ്റ് ലോകത്ത് ഒരു കാലത്തും അവസാനിക്കാത്ത ഓസ്‌ത്രേലിയൻ പ്രതാഭത്തെ പാറ്റ് കമ്മിൻസും സംഘവും ചേർന്ന് ഒരിക്കൽ കൂടി അരക്കെട്ടുറപ്പിച്ചു.

Advertising
Advertising

2024 ജൂൺ 24. കങ്കാരുക്കൾ ഏകദിന ലോകകപ്പിൽ മുത്തമിട്ടിട്ട് അപ്പോൾ ഒരു വർഷം പോലും പിന്നിട്ടിട്ടുണ്ടായിരുന്നില്ല. ടി20 ലോകകപ്പിൽ വച്ച് ഇന്ത്യയും ഓസീസും ഒരിക്കൽ കൂടി കണ്ടുമുട്ടി. ''ഇന്ത്യയെ തോൽപ്പിക്കാൻ ഞങ്ങളെക്കാൾ മികച്ചൊരു ടീമില്ല..''- ഓസീസ് നായകൻ മിച്ചൽ മാർഷിന് ആ കോൺഫിഡൻസ് എവിടെ നിന്നാണ് ലഭിച്ചത്.  അഹ്‌മദാബാദിൽ നിന്നാവണം. എന്നാൽ അമിതാത്മവിശ്വാസത്തിന്റെ ആകാശം കയറിയ മാർഷിനെ താഴെയിറക്കാൻ ഡാരൻ സമി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അന്നവതരിച്ചത് ഹിറ്റ്മാനാണ്. ട്രാവിസ് ഹെഡിനെ ഒരിക്കൽ കൂടി വിജയം തട്ടിപ്പറിക്കാൻ അനുവദിക്കാതിരുന്ന ഇന്ത്യ 24 റൺസിന് കളിപിടിച്ചു. ആ പടയോട്ടം ഒടുക്കം ചെന്നവസാനിച്ചത് കുട്ടിക്രിക്കറ്റിന്റെ വിശ്വകിരീടത്തിൽ ചെന്നാണ്.

വിശ്വവേദികളിലെ ഇന്ത്യ ആസ്‌ത്രേലിയ പോരാട്ടങ്ങൾ എക്കാലവും ആരാധകർക്ക് ത്രസിപ്പിപ്പിക്കുന്ന ഓർമകളാണ്. കൊണ്ടും കൊടുത്തുമവ പല കാലങ്ങളിലായി ആവർത്തിച്ച് കൊണ്ടിരുന്നു. ഇപ്പോഴിതാ ഒരിക്കൽ കൂടി ആ വലിയ പോരാട്ടത്തിന് ചാമ്പ്യൻസ് ട്രോഫിയിൽ അരങ്ങൊരുങ്ങുകയാണ്.

ചരിത്രം പരിശോധിക്കുമ്പോൾ കങ്കാരുക്കളോട് ഇന്ത്യക്ക് കണക്കുകൾ ഏറെ വീട്ടാൻ ബാക്കിയുണ്ട്. ഏകദിന ലോകകപ്പുകളുടെ ചരിത്രത്തിൽ 14 തവണയാണ് ഇന്ത്യയും ആസ്‌ത്രേലിയയും നേർക്കു നേർ വന്നത്. അതിൽ 9 തവണയും കങ്കാരുക്കൾ വെന്നിക്കൊടി പാറിച്ചു. അഞ്ച് വിജയങ്ങളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. നോക്കൗട്ട് മത്സരങ്ങളിൽ നാല് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോൾ മൂന്നിലും വിജയം ഓസീസിനൊപ്പമായിരുന്നു. 2003 ലും 2023 ലും കലാശപ്പോരാട്ടങ്ങളിൽ ഇന്ത്യയെ തകർത്ത് ആസ്‌ത്രേലിയ കിരീടത്തിൽ മുത്തമിട്ടു.

എന്നാല്‍ ടി20 ലോകകപ്പ് വേദികളില്‍ ഇന്ത്യക്കാണ് മേൽക്കൈ. കുട്ടി ക്രിക്കറ്റിന്റെ വിശ്വവേദിയിൽ ആറ് തവണ ഇരുവരും നേർക്കുനേർ വന്നപ്പോൾ നാലിലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. ഒരേ ഒരു തവണയാണ് നോക്കൗട്ട് സ്‌റ്റേജിൽ ഇരുവരും ഏറ്റുമുട്ടിയത്. അന്നും ഇന്ത്യ വിജയം കുറിച്ചു.

ചാമ്പ്യൻസ് ട്രോഫിയിൽ നാല് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോൾ രണ്ട് തവണ ഇന്ത്യ വെന്നിക്കൊടി പാറിച്ചു. ഒരു മത്സരം ഓസീസ് വിജയിച്ചപ്പോൾ ഒരു മത്സരം മഴയെടുത്തു. ചാമ്പ്യൻസ് ട്രോഫി നോക്കൗട്ട് സ്‌റ്റേജിൽ ഏറ്റുമുട്ടിയ രണ്ട് തവണയും വിജയം ഇന്ത്യക്കൊപ്പമായിരുന്നു.

ബോര്‍ഡര്‍ ഗവാസ്‌കർ ട്രോഫിയിലാണ് അവസാനമായി ഇന്ത്യയും ആസ്‌ത്രേലിയയും നേർക്കു നേർ വന്നത്. 3-1 ന് പരമ്പര സ്വന്തമാക്കിയ കങ്കാരുക്കള്‍ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ അവസാനിപ്പിച്ചു. പരമ്പരയിൽ അന്ന് നിറഞ്ഞ് കളിച്ച പാറ്റ് കമ്മിൻസും മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസൽവുഡുമൊന്നും ഇല്ലാതെ കളത്തിലിറങ്ങുന്ന ഓസീസിന് മേൽ ഇന്ത്യക്ക് തന്നെയാണ് ഒരൽപം മേൽക്കൈ.

പ്രത്യേകിച്ച് ഇന്ത്യൻ സ്പിന്നർമാരെ നേരിടാൻ എതിരാളികൾ ഏറെ വിയർക്കുന്ന ദുബൈയിൽ. എന്നാൽ തങ്ങളുടെ ബാറ്റിങ് കരുത്തിൽ ഓസ്‌ട്രേലിയക്ക് സംശയങ്ങളൊന്നുമില്ല. ഇംഗ്ലണ്ടിനെതിരായ ഗ്രൂപ്പ് മത്സരത്തിൽ ട്രാവിസ് ഹെഡ്ഡിനേയും സ്റ്റീവ് സ്മിത്തിനേയും നഷ്ടമായ ശേഷമാണ് 351 റൺസ് വിജയലക്ഷ്യം അവർ രണ്ടോവർ ബാക്കി നിൽക്കേ മറികടന്നത്. അഫ്ഗാനെതിരായ മത്സരത്തിൽ ഹെഡ്ഡും ട്രാക്കിലായി. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ മാത്യൂ ഷോർട്ട് ടീമിൽ നിന്ന് പുറത്തായത് ഓസീസിന് തിരിച്ചടിയാവും. ഷോർട്ടിന് പകരക്കാരനായി ട്രാവലിങ് റിസർവിലുള്ള ഓൾ റൗണ്ടർ കൂപ്പർ കൊണോലിയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗ്രൂപ്പ് റൗണ്ടിലെ മുഴുവൻ മത്സരങ്ങളും ജയിച്ചെത്തിയ ഇന്ത്യ ഏറെ ആത്മവിശ്വാസത്തോടെയാണ് സെമിക്കൊരുങ്ങുന്നത്. കിവീസിനെതിരെ 249 റൺസ് പടുത്തുർത്തിയ ശേഷം 205 റൺസിനാണ് അവരെ കഴിഞ്ഞ ദിവസം രോഹിതും സംഘവും കറക്കി വീഴ്ത്തിയത്. ഹർഷിത് റാണയെ പുറത്തിരുത്തിയ ശേഷം നാല് സ്പിന്നർമാരുമായാണ് ഇന്നലെ ഇന്ത്യ കിവീസിനെ നേരിട്ടത്. അത് വിജയം കാണുകയും ചെയ്തു. കിവീസിന്റെ ഒമ്പത് ബാറ്റർമാരെയും കൂടാരം കയറ്റിയത് സ്പിന്നർമാരാണ്. പകരക്കാരനായെത്തിയ വരുൺ ചക്രവർത്തി അഞ്ച് വിക്കറ്റ് പോക്കറ്റിലാക്കി. ദുബൈയിലെ സ്പിൻ കെണിയിൽ  കങ്കാരുക്കളെയും കറക്കി വീഴ്ത്താന്‍ തന്നെയാവും രോഹിതിന്‍റെ പദ്ധതി. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഐ.സി.സി ടൂര്‍ണമെന്‍റുകളിലെ ക്ലാസിക്ക് പോരിന് കളമൊരുങ്ങുമ്പോള്‍ അഹ്മദാബാദിലെ കടം വീട്ടുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News