താന്‍സാനിയന്‍ പ്രസിഡന്‍റ് ജോണ്‍ മഗുഫുളി അന്തരിച്ചു
അധികാരത്തിലിരിക്കുമ്പോള്‍ മരിക്കുന്ന ആദ്യ താന്‍സാനിയന്‍ പ്രസിഡന്‍റാണ് മഗുഫുളി.
താന്‍സാനിയന്‍ പ്രസിഡന്‍റ് ജോണ്‍ മഗുഫുളി(61) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളാണ് മരണകാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. താന്‍സാനിയന്‍ വൈസ് പ്രസിഡന്‍റാണ് മഗുഫുളിയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ചത്. അധികാരത്തിലിരിക്കുമ്പോള്‍ മരിക്കുന്ന ആദ്യ താന്‍സാനിയന്‍ പ്രസിഡന്‍റാണ് മഗുഫുളി.
കഴിഞ്ഞ രണ്ടാഴ്ചയോളം പൊതുയിടങ്ങളില്‍ മഗുഫുളിയുടെ സാന്നിധ്യമുണ്ടായിരുന്നില്ല. പ്രസിഡന്‍റ് കോവിഡ് പോസിറ്റീവാണെന്ന വാര്‍ത്തകള്‍ വന്നത് ഈ സാഹചര്യത്തിലാണ്. എന്നാല്‍ ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പ്രസിഡന്‍റിന്‍റെ ആരോഗ്യ പ്രശ്നങ്ങള്‍ സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ മാര്‍ച്ച് 12ന് താന്‍സാനിയന്‍ ഭരണകൂടം തള്ളിയിരുന്നു. കോവിഡിനെ നിസ്സാരവത്കരിച്ച മഗുഫുളി മാസ്ക് ധരിക്കുന്നതിനെതിരെ നിലപാടെടുക്കുകയും ചെയ്തിരുന്നു. ആരോഗ്യ നില മോശമായതോടെ ഇന്ത്യയിലെ രഹസ്യ കേന്ദ്രത്തില്‍ മഗുഫുളി ചികിത്സ തേടിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.