'എതിർപ്പ് അറിയിക്കും': സഞ്ചാർ സാഥി ആപ്പിൽ കേന്ദ്രസര്‍ക്കാരിനെതിരെ ആപ്പിൾ
ലോകത്ത് ഒരിടത്തും ഇത്തരം സർക്കാർ ആപ്പുകൾ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യാൻ ആപ്പിൾ അനുവദിക്കാറില്ല
മുംബൈ: രാജ്യത്ത് പുതുതായി പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകളിൽ ‘സഞ്ചാർ സാഥി’ ആപ്പ് ഇൻബിൽറ്റായി ഉൾപ്പെടുത്താനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ ആപ്പിള്‍.
ഇന്ത്യയിൽ വിൽക്കുന്ന എല്ലാ സ്മാർട്ട്‌ഫോണുകളിലും സർക്കാർ ആപ്പ് നിർബന്ധമാക്കിയ കേന്ദ്ര നീക്കം പൗരൻമാരുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് ആപ്പിളിന്റെ നീക്കം.
ഇത്തരം ഉത്തരവുകൾ തങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസിന്റെ സുരക്ഷാ പ്രോട്ടോക്കോളുകളെയും ആഗോള സ്വകാര്യത മാനദണ്ഡങ്ങളെയും ലംഘിക്കുന്നതാണെന്നാണ് ആപ്പിളുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ ഔദ്യോഗികമായി തന്നെ അറിയിക്കാനാണ് കമ്പനിയുടെ പദ്ധതി.
ലോകത്ത് ഒരിടത്തും ഇത്തരം സർക്കാർ ആപ്പുകൾ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യാൻ ആപ്പിൾ അനുവദിക്കാറില്ല. അതേസമയം ‘സഞ്ചാർ സാഥി ആപ്പ് വേണ്ടെങ്കിൽ ഡിലീറ്റ് ചെയ്യാമെന്ന വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത് എത്തി. വ്യാപക എതിർപ്പിനു പിന്നാലെയായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. ‘സഞ്ചാർ സാഥി’ ആപ്പ് ഉപഭോക്താക്കളുടെ ഫോണുകളിൽ നിർബന്ധമല്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
എല്ലാ ഫോണുകളിലും നിർബന്ധമായും മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്ന് സർക്കാർ മൊബൈൽ നിർമാണക്കമ്പനികൾക്ക് നിർദേശം നൽകിയെങ്കിലും സഞ്ചാര്‍ സാഥി ആപ്പ് ഉപയോക്താവിന് ഡിലീറ്റ് ചെയ്യാൻ കഴിയുമെന്ന് കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.