പുതിയ അംഗങ്ങൾക്ക് പഴയ സന്ദേശങ്ങൾ കാണാനാകുന്നില്ലേ? പരിഹാരമുണ്ട്; ഗ്രൂപ്പ് ചാറ്റ് ഹിസ്റ്ററി ഫീച്ചറുമായി വാട്സ്ആപ്പ്

പുതിയ ഗ്രൂപ്പുകളില്‍ ചേരുമ്പോള്‍ മുന്‍പ് ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ നടത്തിയ സന്ദേശങ്ങളൊന്നും കാണാന്‍ ഉപഭോക്താക്കള്‍ക്ക് ഇതുവരെയും സാധിക്കുമായിരുന്നില്ല

Update: 2026-02-21 09:33 GMT

സ്‌കൂളുകളിലും തൊഴിലിടങ്ങളിലും ബിസിനസ് മേഖലകളിലുമെല്ലാം ഇടതടവില്ലാതെ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരാണ് നാം. വാട്‌സാപ്പിനെ അവഗണിച്ചുകൊണ്ട് ഒരു നിമിഷംപോലും കഴിച്ചുകൂട്ടാനാവാത്ത അവസ്ഥകളിലേക്ക് വഴുതിവീണവരും ചില്ലറയല്ല. പരസ്പരമുള്ള ആശയവിനിമയത്തിനും അറിയിപ്പുകള്‍ കൈമാറുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി ലോകമൊന്നടങ്കം ഉപയോഗിക്കപ്പെടുന്ന മാധ്യമമായി ഇതിനോടകം മാറിയിരിക്കുകയാണ് വാട്‌സ്ആപ്പ്.

പുതുതായി ലിങ്ക് വഴി പ്രവേശിച്ചതോ അഡ്മിന്റെ അപ്രൂവല്‍ വഴി കയറിപ്പറ്റുന്നതോ ആയ ഗ്രൂപ്പുകളില്‍ ഗ്രൂപ്പംഗങ്ങള്‍ നേരത്തെ നടത്തിയ സന്ദേശങ്ങള്‍ കാണാന്‍ സാധിക്കാത്തത് വാട്‌സ്ആപ്പിന്റെ പോരായ്മയായി പണ്ടുമുതലേ ഉപഭോക്താക്കള്‍ ഉയര്‍ത്തിക്കാട്ടാറുണ്ട്. ജോലിസ്ഥലങ്ങളിലായാലും വിദ്യാഭ്യാസസ്ഥാപനങ്ങളിലായാലും വാട്‌സ്ആപ്പിന്റെ ഈയൊരു പോരായ്മ ചില്ലറയൊന്നുമല്ല ഉപഭോക്താക്കളെ വലക്കാറുള്ളത്. പല ഘട്ടങ്ങളിലായി റിവ്യൂകളിലൂടെയും ടെക് നിരീക്ഷകരുടെ അഭിപ്രായങ്ങളിലൂടെയും ഇക്കാര്യം ചര്‍ച്ചാവിഷയമായെങ്കിലും പരിഹാരമൊന്നും കാണാന്‍ കമ്പനി തയ്യാറായിരുന്നില്ല.

Advertising
Advertising

ഇപ്പോഴിതാ, ഉപഭോക്താക്കളെ നിരന്തരം വലച്ചുകൊണ്ടിരുന്ന ആ തലവേദനയ്ക്ക് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്. പുതുതായി ചേരുന്ന ഗ്രൂപ്പില്‍ അഡ്മിനോ ഗ്രൂപ്പംഗങ്ങളോ നേരത്തെ അയച്ച സന്ദേശങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്ന തരത്തിലുള്ള ഫീച്ചര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഇത് ഉപഭോക്താക്കള്‍ക്ക്, പ്രത്യേകിച്ച് ജോലി സംബന്ധമോ സ്‌കൂള്‍ ആവശ്യങ്ങളിലോ തുടങ്ങിയ ഗ്രൂപ്പുകളില്‍ ഏറെ സഹായകരമായിരിക്കും. ആപ് അപ്‌ഡേഷന്‍ നടത്തുന്നതോടെ ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകളില്‍ പുതിയ ഫീച്ചര്‍ ലഭ്യമാകും.

പുതിയ ഗ്രൂപ്പുകളില്‍ ചേരുമ്പോള്‍ മുന്‍പ് ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ നടത്തിയ സന്ദേശങ്ങളൊന്നും കാണാന്‍ ഉപഭോക്താക്കള്‍ക്ക് ഇതുവരെയും സാധിക്കുമായിരുന്നില്ല. മറ്റെല്ലാവരും ഗ്രൂപ്പിലെ സന്ദേശങ്ങളെ കുറിച്ച് വാചാലരാകുമ്പോഴും ശൂന്യമായ ഒരിടത്തില്‍ നില്‍ക്കുന്നത് പോലെയായിരിക്കും നിങ്ങളുടെ ഇന്റര്‍ഫേസ്. പഴയ മെസേജുകള്‍ക്കായി മറ്റാരോടെങ്കിലും അഭ്യര്‍ഥിക്കേണ്ടതായും വരും.

പുതിയ അപ്‌ഡേഷനോടെ കൂടുതല്‍ സുഗമമായി വാട്‌സ്ആപ്പ് ഉപയോഗിക്കാനാകും. ഗ്രൂപ്പിലെ പഴയ 25 മുതല്‍ പരമാവധി 100 വരെ സന്ദേശങ്ങള്‍ തിരഞ്ഞെടുത്ത് പുതിയ മെമ്പര്‍മാര്‍ക്ക് അയക്കാന്‍ സാധിക്കും. ഗ്രൂപ്പിന്റെ സ്വഭാവം അനുസരിച്ച് കൂടുതല്‍ സന്ദേശങ്ങള്‍ അയക്കാനും കഴിയും. പൂര്‍ണമായും മാനുവലായി ചെയ്യേണ്ട ഈ പ്രക്രിയ അഡ്മിന് വേണമെങ്കില്‍ ഓഫ് ചെയ്ത് വെക്കാനാകും. അഥവാ, ഗ്രൂപ്പില്‍ പ്രവേശിക്കുന്ന ഉടനെ പഴയ മെസേജുകള്‍ പ്രത്യക്ഷമാകുന്ന രീതിയിലല്ല അപ്‌ഡേഷനെന്ന് ചുരുക്കം.

പുതിയ അംഗങ്ങള്‍ ഗ്രൂപ്പില്‍ പ്രവേശിക്കുന്നതിലൂടെ പഴയ സന്ദേശങ്ങള്‍ അവര്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്യാനുള്ള ഓപ്ഷന്‍ അഡ്മിന്റെ സെറ്റിങ്‌സില്‍ തെളിയും. ആവശ്യമെന്ന് അഡ്മിന്‍ കരുതുന്നെങ്കില്‍ അയച്ചുകൊടുക്കുകയും അല്ലാത്തപക്ഷം ആ സംവിധാനം ഓഫ് ചെയ്തിടുകയുമാവാം.

വ്യക്തികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതാണ് പുതിയ അപ്‌ഡേഷനെന്ന് വാട്‌സ്ആപ്പ് അറിയിച്ചിട്ടുണ്ട്. എന്‍ഡ്-ടു-എന്‍ക്രിപ്ഷന്‍ സുരക്ഷയോടെയാണ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. അയച്ച സന്ദേശങ്ങള്‍ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മാത്രമേ കാണാനാവൂ. ചാറ്റ് ഹിസ്റ്ററി ഷെയര്‍ ചെയ്യുമ്പോള്‍ ഗ്രൂപ്പിലുള്ള എല്ലാവര്‍ക്കും നോട്ടിഫിക്കേഷന്‍ പോവുകയും ചെയ്യും.

പുതിയ ഫീച്ചര്‍ പ്രകാരം, ഒരുപാട് സമയം ലാഭിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ജോലിസംബന്ധമായ ഗ്രൂപ്പുകള്‍, ഫാമിലി ചാറ്റുകള്‍, സ്റ്റഡി ഗ്രൂപ്പുകള്‍ എന്നിങ്ങനെയുള്ള ഗ്രൂപ്പുകളിലെല്ലാം പുതുതായി പ്രവേശിക്കുന്നവരോട് നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിച്ചുപറയുകയെന്ന ചടങ്ങ് ഒഴിവാക്കാന്‍ പുതിയ ഫീച്ചര്‍ സഹായകരമാകും.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Similar News