വെറും 12 മാസം മതി, വൈറ്റ് കോളര്‍ ജോലികള്‍ ഭൂരിഭാഗവും എഐ കൊണ്ടുപോകുമെന്ന് മൈക്രോസോഫ്റ്റ് എഐ മേധാവി

ഒരു പ്രൊഫഷണല്‍ ചെയ്യുന്ന ജോലികള്‍ ചെയ്യാന്‍ പ്രാപ്തിയുള്ള എഐ മോഡലുകള്‍ വരുമെന്ന് മുസ്തഫ സുലൈമാന്‍ പറയുന്നു

Update: 2026-02-12 12:55 GMT

മുസ്തഫ സുലൈമാന്‍

ന്യൂഡല്‍ഹി: 12 മാസത്തിനുള്ളില്‍ തന്നെ മിക്ക വൈറ്റ് കോളര്‍ ജോലികളും നിര്‍മിത ബുദ്ധി (എഐ) ഏറ്റെടുക്കുമെന്ന് മൈക്രോസോഫ്റ്റിന്റെ എഐ മേധാവി മുസ്തഫ സുലൈമാന്‍. കോഡര്‍മാരുടെ ജോലി മാത്രമല്ല പോകുക, അഭിഭാഷകരുടെയും അക്കൗണ്ടന്റുമാരുടെയും ഉള്‍പ്പെടെ ജോലി മേഖല എഐ കയ്യടക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്. പ്രൊഫഷണല്‍-ഗ്രേഡ് എജിഐ (ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ്) ഉപയോഗിച്ച് എന്റര്‍പ്രൈസ് വിപണിയില്‍ ശക്തമായ സാന്നിധ്യമുറപ്പിക്കാന്‍ മൈക്രോസോഫ്റ്റ് ശ്രമം തുടങ്ങിയതായും ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

Advertising
Advertising

ഒരു പ്രൊഫഷണല്‍ തൊഴിലാളി ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തിയുള്ള എഐ മോഡലുകള്‍ വരുമെന്ന് ഇദ്ദേഹം പറയുന്നു. കംപ്യൂട്ടര്‍ ഉപയോഗിച്ച് മാത്രം ചെയ്യുന്ന ജോലികള്‍ വെല്ലുവിളി നേരിടും. വൈറ്റ് കോളര്‍ ജോലികള്‍ -അത് അഭിഭാഷകരാകട്ടെ, അക്കൗണ്ടന്റുമാരാകട്ടെ, പ്രൊജക്ട് മാനേജര്‍മാരാകട്ടെ, മാര്‍ക്കറ്റിങ് ജോലിക്കാരാകട്ടെ -12 മുതല്‍ 18 മാസത്തിനകം ഈ തൊഴില്‍ മേഖലകളില്‍ എഐ പകരക്കാരായി വരും. എഐ മേഖല വികസിക്കുന്നതോടെ കൂടുതല്‍ പുതിയ മോഡലുകള്‍ വരും. പ്രത്യേക ആവശ്യങ്ങള്‍ക്കായി മാത്രം രൂപപ്പെടുന്ന മോഡലുകള്‍ വരും. ഒരു ബ്ലോഗ് എഴുതുന്ന പോലെയോ പോഡ്കാസ്റ്റ് ചെയ്യുന്ന പോലെയോ എളുപ്പമായിരിക്കും ജോലികള്‍. ഭാവിയില്‍ ഏത് സാഹചര്യത്തിനും ഏത് ആളുകള്‍ക്കും അനുയോജ്യമായ എഐ മോഡലുകള്‍ വരെ സൃഷ്ടിക്കപ്പെടാനുള്ള സാധ്യതയുണ്ട് -മുസ്തഫ സുലൈമാന്‍ പറഞ്ഞു.

വന്‍കിട സ്ഥാപനങ്ങളുടെ വര്‍ക്ക്ഫ്ലോ വരെ നിയന്ത്രിക്കുന്ന വിധത്തിലേക്ക് അടുത്ത രണ്ടുമൂന്ന് വര്‍ഷത്തിനുള്ളില്‍ എഐ വളരുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ സ്ഥാപനങ്ങള്‍ എഐയെ ആശ്രയിക്കുന്നത് തൊഴില്‍ മേഖലയില്‍ ആശങ്ക സൃഷ്ടിക്കുന്ന ഒരു സാഹചര്യത്തില്‍ കൂടിയാണ് മൈക്രോസോഫ്റ്റ് എഐ മേധാവിയുടെ വാക്കുകള്‍. ഓഫീസ് ജോലികളടക്കം കൃത്യതയോടെ ചെയ്യാന്‍ കഴിയുന്ന ആന്ത്രോപിക്സിന്റെ ക്ലോഡ് കോവര്‍ക്ക് ഈയിടെ പുറത്തിറങ്ങിയത് ഓഹരിവിപണികളെ പോലും പിടിച്ചുലച്ചിരുന്നു. കൂടുതല്‍ മേഖലകളില്‍ എഐ വിന്യസിക്കുന്നതിന്റെ ഭാഗമായി ആമസോണ്‍ 14,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. 

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News