പ്രതിസന്ധി ഒഴിയുന്നില്ല; വൈറ്റ്ഹാറ്റ് ജൂനിയറിന് താഴിടാൻ ബൈജൂസ്

ബൈജൂസ് ഇതുവരെ നടത്തിയ 17 ഏറ്റെടുക്കലിൽ ഏറ്റവും സുപ്രധാനമായിരുന്നു വൈറ്റ്ഹാറ്റിന്റേത്.

Update: 2023-02-25 10:43 GMT
Editor : abs | By : Web Desk

ബംഗളൂരു: രണ്ടു വർഷം മുമ്പ് 300 ദശലക്ഷം യുഎസ് ഡോളറിന് ഏറ്റെടുത്ത കോഡിങ് പ്ലാറ്റ്‌ഫോം വൈറ്റ്ഹാറ്റ് ജൂനിയർ അടച്ചുപൂട്ടാൻ ബൈജൂസ്. അടുത്ത കാലത്ത് കമ്പനി നേരിട്ട പ്രതിസന്ധി ഒഴിഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്നതാണ് അടച്ചുപൂട്ടൽ. ബൈജൂസ് ഇതുവരെ നടത്തിയ 17 ഏറ്റെടുക്കലിൽ ഏറ്റവും സുപ്രധാനമായിരുന്നു വൈറ്റ്ഹാറ്റിന്റേത്.

കോവിഡിന് ശേഷം സ്‌കൂൾ തുറന്നതോടെ വൈറ്റ്ഹാറ്റ് വഴി കോഡിങ് പഠിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ കമ്പനിക്കു കീഴിലുള്ള സ്ഥാപനങ്ങളുടെ മൂല്യനിർണയം നടന്നു കൊണ്ടിരിക്കുകയാണ് എന്നും വൈറ്റ്ഹാറ്റ് ജൂനിയർ അടച്ചുപൂട്ടാൻ തീരുമാനമെടുത്തിട്ടില്ലെന്നും ബൈജൂസ് വക്താവ് ഫൈനാൻഷ്യൽ എക്‌സ്പ്രസിനോട് പറഞ്ഞു.

Advertising
Advertising

ഈയിടെ, കനത്ത നഷ്ടം നേരിട്ടതോടെ പന്ത്രണ്ടായിരം ജീവനക്കാരെ പിരിച്ചുവിടാൻ ബൈജൂസ് തീരുമാനിച്ചിരുന്നു. കേരളത്തിൽ അടക്കമുള്ള ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചിരുന്നു.

2021 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 4,588 കോടിയാണ് ബൈജൂസിന്റെ നഷ്ടം. മുൻ വർഷത്തെ അപേക്ഷിച്ച് 19 മടങ്ങ് കൂടുതലാണിത്. 2021ലെ വരുമാനം 2511 കോടിയിൽനിന്ന് 2428 കോടിയായി ചുരുങ്ങുകയും ചെയ്തു. 2022 സാമ്പത്തിക വർഷത്തിൽ വരുമാനം പതിനായിരം കോടിയിലെത്തുമെന്നാണ് കമ്പനി പറയുന്നത്. എന്നാൽ ആ വർഷത്തെ ലാഭമോ നഷ്ടമോ കമ്പനി പുറത്തുവിട്ടിട്ടില്ല.

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള എജ്യു സ്റ്റാർട്ടപ്പാണ് മലയാളിയായ ബൈജു രവീന്ദ്രൻ നേതൃത്വം നൽകുന്ന ബൈജൂസ്. 22 ബില്യൺ ഡോളറാണ് കമ്പനിയുടെ ആകെ മൂല്യം. ആകാശ അടക്കമുള്ള വമ്പൻ കമ്പനികളെ ബൈജൂസ് ഏറ്റെടുത്തെങ്കിലും ഓൺലൈൻ ട്യൂഷൻ രംഗത്ത് മത്സരം കടുത്തത് ബൈജൂസിന്റെ വളർച്ചയ്ക്ക് തടസ്സമായി. രണ്ടു വർഷത്തിനിടെ മാത്രം ഏറ്റെടുക്കലുകൾക്ക് മാത്രമായി 2.5 ബില്യൺ യുഎസ് ഡോളറാണ് ബംഗളൂരു ആസ്ഥാനമായ കമ്പനി ചെലവഴിച്ചിരുന്നത്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News