ഹാക്കിങിന് എഐ, ചൈനയുടെ പുതിയ തന്ത്രം, പേടിക്കണമെന്ന് മുന്നറിയിപ്പ്
എന്താണ് ഇനി വരാനിരിക്കുന്നത് എന്നതിന്റെ ചെറിയൊരു സൂചനയാണിതെന്നാണ് അമേരിക്കയിലെ ഒരു സൈബർ വിദഗ്ധൻ ചൂണ്ടിക്കാട്ടുന്നത്
വാഷിങ്ടണ്‍: ഹാക്കിങ് ഉള്‍പ്പെടെയുള്ള സൈബർ ആക്രമണങ്ങള്‍ക്കായി ചൈനീസ് ഹാക്കര്‍മാര്‍മാര്‍ എഐ സംവിധാനം ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍. അമേരിക്കൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പ് കമ്പനി ആന്ത്രോപികാണ് ടെക് ലോകത്തെ ഞെട്ടിപ്പിക്കുന്ന പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. അവരുടെ തന്നെ ക്ലോഡ് എഐ ഉപയോഗിച്ചാണ് പരാക്രമം. ഇതാദ്യമായാണ് എഐ ഉപയോഗിച്ച് വലിയ തോതിലുള്ള സൈബര്‍ ചാരവൃത്തി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ടെക്നോളജി കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ, കെമിക്കൽ നിർമ്മാതാക്കൾ, സർക്കാർ ഏജൻസികൾ തുടങ്ങി ഏകദേശം 30ലധികം സ്ഥാപനങ്ങളെയാണ് ലക്ഷ്യംവെച്ചതെന്നാണ് ആന്ത്രോപിക് പറയുന്നത്. കമ്പനികളുടെ ഡാറ്റാബേസുകളിൽ നിന്ന് ഉപയോക്താക്കളുടെ പാസ്‌വേഡുകളും പേരുകളും ശേഖരിക്കാനാണ് ഹാക്കർമാർ എഐ പ്ലാറ്റ്‌ഫോം ഉപയോഗിച്ചത്. എന്നാല്‍ ശ്രമം വലിയ തോതില്‍ വിജയിച്ചില്ലെന്നും ആന്ത്രോപിക് പറയുന്നു.
വലിയ തോതില്‍ മനുഷ്യ ഇടപെടലുകളൊന്നുമില്ലാതെ നടന്ന സൈബർ ആക്രമണത്തിന്റെ ആദ്യ കേസാണിതെന്നാണ് ആന്ത്രോപിക് പറയുന്നത്. സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള കമ്പനി തങ്ങളുടെ കണ്ടെത്തലുകൾ സിബിഎസ് ന്യൂസുമായി പങ്കിട്ടെങ്കിലും കൂടുതൽ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
സെപ്തംബര്‍ പകുതിയോടെയാണ് സംശയാസ്പദമായ പ്രവർത്തനം കണ്ടെത്താൻ തുടങ്ങിയെന്ന് ആന്ത്രോപിക് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചൈനയുടെ കരങ്ങള്‍ വെളിവായത്. പരമ്പരാഗത സൈബർ ആക്രമണങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ പ്രവർത്തനത്തിന് വളരെ കുറഞ്ഞ 'മനുഷ്യ ഇടപെടൽ' മാത്രമേ ആവശ്യമുള്ളൂ എന്ന് കമ്പനി പറയുന്നു. നുഴഞ്ഞുകയറ്റം എളുപ്പത്തില്‍ കണ്ടെത്താനും സാധിക്കില്ല. എഐ സൈബർ ആക്രമണങ്ങൾ ഇനിയും വളരുമെന്ന മുന്നറിയിപ്പും ആന്ത്രോപിക് നല്‍കുന്നുണ്ട്.
പ്രൊഫഷണൽ ഹാക്കർമാരേക്കാൾ 'വിലകുറവും' എന്നാല്‍ വലിയ തോതിൽ വേഗത്തിൽ പ്രവർത്തിക്കാൻ കഴിയുന്നതുമായ എഐ ഏജന്റുമാർ സൈബർ കുറ്റവാളികൾക്ക് ആകർഷകമാണെന്ന് മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ചൂണ്ടിക്കാണിക്കുന്നത്. എന്താണ് ഇനി വരാനിരിക്കുന്നത് എന്നതിന്റെ ചെറിയൊരു സൂചനയാണിതെന്നാണ് അമേരിക്കയിലെ ഒരു സൈബര്‍ വിദഗ്ധന്‍ ചൂണ്ടിക്കാട്ടുന്നത്.