ടെലഗ്രാം നിരോധിക്കപ്പെട്ട രാജ്യങ്ങൾ

വലിയ ഫയലുകൾ ഷെയർ ചെയ്യാനുള്ള സൗകര്യവും സ്വകാര്യത സംരക്ഷിക്കുന്ന എൻഡ് ടു എൻഡ് എൻക്രിപ്ഷൻ എന്നിവയൊക്കെയാണ് ടെലഗ്രാമിന്റെ സ്വീകാര്യത കൂട്ടിയത്.

Update: 2021-12-18 16:10 GMT
Editor : Nidhin | By : Web Desk
Advertising

ലോകത്താകമാനം ഉപയോക്താക്കളുള്ള പേഴ്‌സൺ മെസേജിങ്, ഫയൽ ഷെയറിങ് ആപ്പാണ് ടെലഗ്രാം. ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിൽ നിന്നായി 500 മില്യണലധികം സജീവ ഉപയോക്താക്കളുണ്ട് ടെലഗ്രാമിന്. വലിയ ഫയലുകൾ ഷെയർ ചെയ്യാനുള്ള സൗകര്യവും സ്വകാര്യത സംരക്ഷിക്കുന്ന എൻഡ് ടു എൻഡ് എൻക്രിപ്ഷൻ എന്നിവയൊക്കെയാണ് ടെലഗ്രാമിന്റെ സ്വീകാര്യത കൂട്ടിയത്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ടെലഗ്രാം വിവിധ കാരണങ്ങളാൽ നിരോധിക്കപ്പെട്ട രാജ്യങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

അസർബൈജാൻ

കഴിഞ്ഞ വർഷം സെപ്റ്റംബർ 27 നാണ് അസർബൈജാനിൽ താത്കാലികമായി ടെലഗ്രാം നിരോധിച്ചത്. നാഗോർണോ-കരാബക്ക് യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം. ടെലഗ്രാമിനൊപ്പം ഫേസ്ബുക്ക്, വാട്‌സാപ്പ്, യുട്യൂബ്, ഇൻസ്റ്റാഗ്രാം, ടിക്ടോക്, ലിങ്ക്ഡ് ഇൻ, സൂം, സ്‌കൈപ്പ് എന്നീ സമൂഹ മാധ്യമങ്ങളും നിരോധിച്ചിരുന്നു. ആ വർഷം നവംബർ 10 ന് നിരോധനം പിൻവലിച്ചു.

ബഹ്‌റൈൻ

ഗൾഫ് രാജ്യമായ ബഹ്‌റൈൻ സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി 2016 ജൂണിലാണ് ടെലഗ്രാം നിരോധിച്ചത്.

ചൈന

ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ചൈന 2015ലാണ് ടെലഗ്രാം നിരോധിച്ചത്. രാജ്യതാത്പര്യത്തിനും സുരക്ഷയ്ക്കും തടസമാണ് എന്നത് ചൂണ്ടിക്കാട്ടിയാണ് ചൈന ടെലഗ്രാം നിരോധിച്ചത്.

ക്യൂബ

സർക്കാർ വിരുദ്ധ സന്ദേശങ്ങൾ കൈമാറുവെന്നാരോപിച്ച് ഈ വർഷം ജൂലൈയിലാണ് ടെലഗ്രാം അടക്കം നിരവധി സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ ക്യൂബ നിരോധിച്ചത്.

ഇന്തോനേഷ്യ

2017 ജൂലൈയിലാണ് ഇന്തോനേഷ്യ താത്കാലികമായി ടെലഗ്രാം നിരോധിച്ചത്. രാജ്യത്തിനും സമൂഹത്തെയും തെറ്റായി ബാധിക്കുന്ന ഉള്ളടടക്കമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് ഇന്തോനേഷ്യ ടെലഗ്രാം നിരോധിച്ചത്. പക്ഷേ പിന്നീട് ടെലഗ്രാം സ്വയം സെൻസർഷിപ്പ് കൊണ്ടുവന്നതോടെ 2017 ഓഗസ്റ്റിൽ ടെലഗ്രാമിന് ഏർപ്പെടുത്തിയ ബാൻ ഇന്തോനേഷ്യ പിൻവലിച്ചു.

ഇറാൻ

ടെലഗ്രാം പല പ്രാവശ്യം വിവിധ കാരണങ്ങളാൽ ഇറാനിൽ നിരോധിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ 2019 സെപ്റ്റംബർ 27 മുതൽ ഇറാനിൽ പൂർണമായും ടെലഗ്രാം നിരോധിച്ചു.

പാകിസ്ഥാൻ

ഇന്ത്യയുടെ അയൽരാജ്യമായ പാകിസ്ഥാനിൽ 2017 നവംബർ 18നാണ് ടെലഗ്രാം നിരോധിച്ചത്.

റഷ്യ

ടെലഗ്രാമിന്റെ ജന്മദേശമായ റഷ്യയിലും ടെലഗ്രാം നിരോധിക്കപ്പെട്ടിരുന്നു. തീവ്രവാദ ശക്തികൾ ഉപയോഗിക്കുന്നു എന്നാരോപിച്ച് 2018 ഏപ്രിൽ 13 മുതൽ 2020 ജൂൺ 18 വരെ രണ്ടു വർഷകാലത്തേക്കാണ് ടെലഗ്രാം നിരോധിച്ചത്.

തായ്‌ലൻഡ്

രാജ്യവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി 2020 ഒക്ടോബർ 19നാണ് തായ്‌ലൻഡ് സർക്കാർ ടെലഗ്രാം നിരോധിച്ചത്.

മേൽപ്പറഞ്ഞ രാജ്യങ്ങളിൽ ടെലഗ്രാം നിരോധിച്ചിട്ടുണ്ടെങ്കിലും വിപിഎൻ പോലുള്ള സങ്കേതങ്ങൾ ഉപയോഗിച്ച് ആ രാജ്യങ്ങളിൽ ജനങ്ങൾ ടെലഗ്രാം ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല ചില രാജ്യങ്ങൾ പകർപ്പകാശ നിയമം ലംഘിക്കുന്നു എന്നാരോപിച്ച് ടെലഗ്രാമിനെതിരേ രംഗത്ത് വന്നിരുന്നു. കുട്ടികളുടെ ലൈംഗിക വീഡിയോകൾ പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയും ടെലഗ്രാമിനെതിരേ നിലപാട് എടുത്തിരുന്നു. ടെലഗ്രാം അത്തരം ദൃശ്യങ്ങൾ സെൻസർ ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News