ഗൂഗിളിന് ഇന്ത്യയില്‍ ഒരാഴ്ചക്കിടെ വീണ്ടും പിഴ; ഇത്തവണ 936 കോടി രൂപ

ഗൂഗിള്‍ വിപണിയിലെ മേധാവിത്വം ദുരുപയോഗം ചെയ്തെന്നാണ് സി.സി.ഐയുടെ കണ്ടെത്തല്‍

Update: 2022-10-25 15:43 GMT
Advertising

ഡല്‍ഹി: ഗൂഗിളിന് വീണ്ടും പിഴ ചുമത്തി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സി.സി.ഐ). 936 കോടി രൂപയാണ് പിഴയായി ചുമത്തിയത്. പ്ലേ സ്റ്റോർ നയങ്ങളുമായി ബന്ധപ്പെട്ട് വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തതിനാണ് നടപടി. കഴിഞ്ഞ ആഴ്ച സമാന കുറ്റത്തിന് 1334 കോടി രൂപ സി.സി.ഐ ഗൂഗിളിന് പിഴ ചുമത്തിയിരുന്നു.

അന്യായമായ ബിസിനസ് രീതികള്‍ അവസാനിപ്പിക്കാന്‍ സി.സി.ഐ ഗൂഗിളിനോട് ആവശ്യപ്പെട്ടു. ഗൂഗിൾ ആപ്പുകളും സേവനങ്ങളും ഉപയോഗിക്കാൻ ആൻഡ്രോയ്ഡ് ഫോൺ ഉപയോക്താക്കളുടെ മേൽ സമ്മർദം ചെലുത്തുകയും സമാന്തര ആപ്പുകൾ തെരഞ്ഞെടുക്കാനുള്ള അവസരം നിഷേധിക്കുകയും ചെയ്തതിന് യൂറോപ്യൻ യൂണിയൻ 31,000 കോടി രൂപ നേരത്തെ ഗൂഗിളിന് പിഴ വിധിച്ചിരുന്നു.

ദക്ഷിണ കൊറിയ കഴിഞ്ഞ വർഷം 1303 കോടി രൂപയാണ് ഗൂഗിളിന് പിഴ ചുമത്തിയത്. സാംസങ് പോലെയുള്ള സ്മാർട്ഫോൺ കമ്പനികൾ മറ്റ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നത് വിലക്കിയതിനാണ് നടപടി. ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് ട്രാക്കിങ് സംവിധാനം എടുത്തുകളയാനുള്ള ഓപ്ഷൻ ദുഷ്കരമാക്കി വച്ചതിന് ഫ്രാൻസിൽ 1265 കോടി രൂപ പിഴ വിധിച്ചു. ആഗോള തലത്തില്‍ വിവിധ രാജ്യങ്ങളില്‍ കമ്പനിയ്‌ക്കെതിരെ വിവിധ കേസുകള്‍ നടക്കുന്നുണ്ട്. ഓണ്‍ലൈന്‍ മാധ്യമങ്ങളുമായി വരുമാനം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ മാധ്യമ കൂട്ടായ്മ ഗൂഗിളിനെതിരെ നല്‍കിയ പരാതി കോടതിയുടെ പരിഗണനയിലാണ്. 



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News