നിരന്തരമായ പവര്‍കട്ട്, പ്രതികൂലമായ കാലാവസ്ഥ, ടെക്‌നിക്കല്‍ തകരാറുകള്‍, പ്ലാനിങ്ങിലെ പിഴവുകള്‍...നല്ല രീതിയില്‍ തുടങ്ങിയ ദിവസത്തിന്റെ മൊത്തം മൂഡും മാറ്റിമറിക്കാന്‍ ഇതിലും നല്ല കാരണങ്ങള്‍ വേറെയുണ്ടാകില്ല. ദിവസത്തിലെ പ്രധാന പരിപാടികളെ കുറിച്ച് കൃത്യമായ പദ്ധതികളെല്ലാം തയ്യാറാക്കിവെച്ചിട്ടുണ്ടെങ്കിലും ഇതിലേതെങ്കിലുമൊന്ന് ക്ഷണിക്കപ്പെടാതെ കയറിവന്നാല്‍ അതോടെ തകരും എല്ലാം.
ഈ തകരാറുകള്‍ക്കിടെ ഫോണിന്റെ ബാറ്ററി ചാര്‍ജ് കൂടി തീര്‍ന്നുപോയാല്‍ എങ്ങനെയുണ്ടാകും? ചെല്ലുന്ന മുക്കിലും മൂലയിലുമെല്ലാം ഫോണും കൊണ്ടുപോകുന്ന പലര്‍ക്കും സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമായിരിക്കും അത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മറ്റൊരാളെ വിളിക്കാനാകില്ല. പേയ്‌മെന്റ് നടത്താനാകില്ല. അങ്ങനെ ഇരുട്ടടികളേറെ കിട്ടാനുണ്ട് ഈ വകയില്‍. എങ്കിലും, വൈദ്യുതി ഇല്ലാത്തതിന്റെ പേരില്‍ ചാര്‍ജ് തീര്‍ന്ന ഫോണിനേയും ബാറ്ററിയേയും കുറിച്ചോര്‍ത്ത് വിഷമിച്ചിരിക്കാന്‍ വരട്ടെ. പൂര്‍ണമായും വൈദ്യുതിയെ ആശ്രയിക്കാതെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ നിരവധി വഴികളുണ്ട്. കൃത്യമായ ആസൂത്രണവും പദ്ധതികളുമുണ്ടെങ്കില്‍ ഇനി കറന്റ് പോയാലും നിങ്ങളുടെ ബാറ്ററി തീരില്ലെന്ന് ചുരുക്കം.
പ്രധാനമായും പവര്‍ ബാങ്ക് ഉപയോഗിക്കുന്നതാണ് ഏറ്റവും ഉപകാരം. കറന്റില്ലാത്ത ഘട്ടങ്ങളില്‍ ഏറ്റവും സൗകര്യപ്രദവും ലളിതവുമായ അതിജീവനോപാധിയാണ് പവര്‍ ബാങ്ക്. കറന്റ് പോകുന്നതിന് മുന്‍പേ കൃത്യമായി ചാര്‍ജ് ചെയ്തുവെക്കണമെന്ന് മാത്രമേ ഉപയോക്താക്കള്‍ ശ്രദ്ധിക്കേണ്ടതുള്ളൂ. ഇടക്കിടെ പവര്‍ ബാങ്കിന്റെ ബാറ്ററി ചെക്ക് ചെയ്യുകയും ആവശ്യാനുസരണം ചാര്‍ജ് ചെയ്തുവെക്കുകയും ചെയ്യാൻ നിങ്ങള്‍ക്ക് സാധിച്ചാല്‍ പിന്നെ ടെന്‍ഷനടിക്കാന്‍ ഒന്നുമില്ല. അത്യാവശ്യം ക്വാളിറ്റിയുള്ള കമ്പനിയുടേതാണെങ്കില്‍ ഒന്നിലധികം തവണ ഫോണ്‍ ഫുള്‍ ചാര്‍ജ് ചെയ്യാന്‍ ഇതിലും മികച്ചൊരു ഓപ്ഷന്‍ വേറെയില്ല.
കാര്‍ മുഖേനയും ചാര്‍ജ് ചെയ്യാനാകും. യുഎസ്ബി പോര്‍ട്ടോ ചാര്‍ജിങ് സോക്കറ്റോ നേരത്തേ ഘടിപ്പിച്ച കാറാണ് നിങ്ങളുടേതെങ്കില്‍ സ്മാര്‍ട്ട് ഫോണ്‍ അതുവഴി ചാര്‍ജ് ചെയ്യാനാകും. വാഹനം സ്റ്റാര്‍ട്ട് ചെയ്തതിന് ശേഷം ചാര്‍ജിങ് ആരംഭിക്കുകയാണെങ്കില്‍ വണ്ടിയുടെ ബാറ്ററിക്ക് കേടുപാടുകള്‍ സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയുമാകും.
അതേസമയം, ആവശ്യമുള്ളത്രയും മാത്രം ചാര്‍ജ് ചെയ്തതിന് ശേഷം ഫോണ്‍ ഊരിയെടുക്കുകയും വേണം. അത്യാവശ്യ സാഹചര്യങ്ങളില്‍ മാത്രമേ ഇതുപയോഗിക്കാവൂവെന്ന് ടെക് വിദഗ്ധര്‍ പലപ്പോഴായി അഭിപ്രായപ്പെടാറുണ്ട്.
കയ്യില്‍ ലാപ്‌ടോപുണ്ടോ? വഴിയുണ്ട്. താല്‍ക്കാലിക ആവശ്യങ്ങള്‍ക്കായി ലാപ്‌ടോപ്പ് വഴിയും ഫോണ്‍ ചാര്‍ജ് ചെയ്യാനാകും. യുഎസ്ബി പോര്‍ട്ട്, കാബിള്‍ സംവിധാനമുള്ള ലാപ്‌ടോപ്പാണെങ്കില്‍ സ്മാര്‍ട്ട്‌ഫോണിലേക്ക് നിഷ്പ്രയാസം ചാര്‍ജ് ചെയ്യാനാകും.
ഇതും അത്യാവശ്യ സാഹചര്യങ്ങളില്‍ മാത്രമേ ഉപയോഗിക്കാവൂ. ദീര്‍ഘനേരം ചാര്‍ജിങ് തുടരുന്നത് ലാപ്‌ടോപ്പിനും ഫോണിനും ഒരുപോലെ പ്രശ്‌നമായേക്കാം.
എളുപ്പത്തില്‍ കൊണ്ടുപോകാന്‍ കഴിയുന്ന സോളാര്‍ ചാര്‍ജര്‍ ഉപയോഗിക്കാം. തങ്ങള്‍ക്കാവശ്യമുള്ള എവിടേക്ക് വേണമെങ്കിലും സൗകര്യപൂര്‍വം കൊണ്ടുപോകാനാകുന്ന സോളാര്‍ ചാര്‍ജറുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. സൂര്യപ്രകാശത്തിലൂടെ ഇവ നിര്‍മിക്കുന്ന ഇലക്ട്രിസിറ്റി ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണ്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ചാര്‍ജ് നടത്താനാകും. സൂര്യപ്രകാശത്തിന്റെ കടുപ്പമനുസരിച്ച് ദീര്‍ഘനേരം ഇത് ഉപയോഗിക്കാനായേക്കും.