'ട്രൂകോളറൊന്നും വേണ്ട, വിളിക്കുന്നയാളുടെ പേര് ഇനി സ്‌ക്രീനിൽ തെളിയും': പുതിയ സേവനം വരുന്നു...

നിലവിൽ, ട്രൂകോളർ പോലുള്ള തേർഡ്-പാർട്ടി ആപ്പുകളാണ് ആരാണ് വിളിക്കുന്നതെന്ന് കാണിക്കാൻ ഉപയോഗിക്കുന്നത്

Update: 2025-11-03 06:18 GMT
Editor : rishad | By : Web Desk

Representative Image

ന്യൂഡൽഹി: ആരാണോ ഫോണ്‍ വിളിക്കുന്നത് അയാളുടെ പേര് സ്വീകര്‍ത്താവിന്റെ ഫോണില്‍ പ്രദര്‍ശിപ്പിക്കണമെന്നത് നിര്‍ബന്ധിതമാക്കാനുളള നീക്കവുമായി കേന്ദ്രം.

കോളർ നെയിം പ്രസന്റേഷൻ (CNAP) എന്ന് പേരിട്ടിരിക്കുന്ന ഈ സേവനം 2026 മാർച്ച് മാസത്തോടെ രാജ്യത്തെ എല്ലാ ടെലികോം സർക്കിളുകളിലും നടപ്പിലാക്കാൻ ടെലികോം വകുപ്പ് (DoT) സേവനദാതാക്കൾക്ക് നിർദേശം നൽകി. ഫീച്ചര്‍ നിലവില്‍ വരുന്നതോടെ അപരിചിതമായ നമ്പറില്‍ നിന്ന് ഫോണ്‍ വരുമ്പോള്‍ അത് ആരുടേതാണെന്ന് സ്‌ക്രീനില്‍ കാണാനാവും.

നിലവിൽ, ട്രൂകോളർ പോലുള്ള തേർഡ്-പാർട്ടി ആപ്പുകളാണ് കോളറിന്റെ പേര് കാണിക്കാൻ ഉപയോഗിക്കുന്നത്. എന്നാൽ, സ്നാപ് വഴി, സിം കണക്ഷൻ എടുക്കുമ്പോൾ നൽകിയ കെവൈസി രേഖകളിലെ പേര് ആയിരിക്കും മൊബൈലിൽ തെളിഞ്ഞ് വരിക.  ഫോണ്‍ വിളിക്കുന്നത് ആരാണെന്ന് അറിഞ്ഞാല്‍ ആ ഫോണ്‍കോള്‍ എടുക്കണോ എന്ന് തീരുമാനിക്കാന്‍ ഇത് സഹായിക്കും. തട്ടിപ്പുകാരില്‍ നിന്നുള്ള കോളുകള്‍ തടയാനും ഇത് സഹായിക്കും.

Advertising
Advertising

വോഡഫോൺ ഐഡിയ (Vi), ഭാരതി എയർടെൽ, റിലയൻസ് ജിയോ പോലുള്ള പ്രമുഖ ടെലികോം കമ്പനികൾ ചില വടക്കൻ സർക്കിളുകളിൽ നിലവിൽ പൈലറ്റ് പ്രോജക്റ്റുകൾ നടത്തുന്നുണ്ട്.  ആദ്യ ഘട്ടത്തിൽ 4G, 5G നെറ്റ്‌വർക്കുകളിലെ ഉപയോക്താക്കൾക്കായിരിക്കും ലഭിക്കുക. ഇന്ത്യയിലെ എല്ലാ ടെലികോം സേവന ദാതാക്കളും ഈ ഫീച്ചര്‍ ലഭ്യമാക്കണം. അതേസമയം സേവനം താത്പര്യമില്ലെങ്കില്‍ സേവനദാതാവിനെ ബന്ധപ്പെട്ട് ഈ ഫീച്ചർ ഒഴിവാക്കാനുള്ള (Opt-out) സൗകര്യവും ഉണ്ടാകും. 

ഈ വർഷം അവസാനത്തോടെ സേവനം നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നതെങ്കിലും, ടെലികോം കമ്പനികൾക്ക് സമയപരിധി നീട്ടി നൽകുകയായിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News