പുതിയ സ്മാര്‍ട്ട് ഫോണുകളില്‍ കേന്ദ്രത്തിന്റെ 'സഞ്ചാര്‍ സാഥി' ആപ്പ് ഉൾപ്പെടുത്താൻ നിർദേശം; നീക്കത്തിന് പിന്നിലെന്ത്...?
ഈ ആപ്പ് ഉപയോക്താക്കൾക്ക് അൺ ഇൻസ്റ്റാൾ ചെയ്യാനോ ഡിസേബിൾ ആക്കാനോ സാധിക്കില്ല.
ന്യൂഡൽഹി: സൈബർ സുരക്ഷയ്ക്കായി പുതിയ സ്മാർട്ട് ഫോണുകളിൽ ’സഞ്ചാർ സാഥി’ ആപ്പ് നിർബന്ധമായും ഉൾപ്പെടുത്താൻ കേന്ദ്ര നിർദേശം. ഈ സൈബർ സുരക്ഷാ ആപ്ലിക്കേഷൻ പ്രീ- ഇൻസ്റ്റാൾ ചെയ്യണമെന്നാണ് സ്മാർട്ട്‌ഫോൺ നിർമാതാക്കൾക്ക് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ നിർദേശമെന്നാണ് റിപ്പോർട്ടുകൾ. ഉപയോക്താക്കൾക്ക് അൺ ഇൻസ്റ്റാൾ ചെയ്യാനോ ഡിസേബിൾ ആക്കാനോ സാധിക്കാത്തവിധം ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്നാണ് നിർദേശം.
എല്ലാ പുതിയ സ്മാർട്ട് ഫോണുകളിലും സർക്കാർ നിയന്ത്രണത്തിലുള്ള ഈ സൈബർ സുരക്ഷാ ആപ്പ് ഉണ്ടാകണം എന്നാണ് കേന്ദ്രം നിർദേശിച്ചിരിക്കുന്നത്. സൈബർ കുറ്റകൃത്യങ്ങളും ഹാക്കിങ്ങും വർധിക്കുന്നത് തടയുക, മോഷ്ടിക്കപ്പെട്ട ഫോണുകൾ തട്ടിപ്പുകൾക്കായി ഉപയോഗിക്കുന്നത് ഒഴിവാക്കുക എന്നിവയാണ് ആപ്ലിക്കേഷൻ അവതരിപ്പിച്ചതിന്റെ ലക്ഷ്യമെന്നാണ് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ വാദം.
1.2 ബില്യണിലധികം വരിക്കാരുള്ള ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ വിപണികളിലൊന്നായ ഇന്ത്യയിൽ സൈബർ തട്ടിപ്പ്, ഫോൺ മോഷണം, വ്യാജ ഐഎംഇഐ നമ്പരുകളുടെ ദുരുപയോഗം എന്നിവയ്‌ക്കെതിരെ കർശന നിയന്ത്രണം വേണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് തീരുമാനമെന്നാണ് റിപ്പോർട്ട്.
ഇന്ത്യയിൽ വിൽക്കുന്ന എല്ലാ പുതിയ ഫോണുകളിലും ആപ്പ് ഉണ്ടെന്ന് ഉറപ്പാക്കാൻ നിർമാതാക്കൾക്ക് 90 ദിവസത്തെ സമയമാണ് നിൽകിയിരിക്കുന്നത്. ഈ സമയപരിധിക്കുള്ളിൽ സർക്കാരിന്റെ ’സഞ്ചാർ സാഥി’ ആപ്പ് പുതിയ മൊബൈൽ ഫോണുകളിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണം. നിലവിൽ വിതരണ ശൃംഖലയിലുള്ള ഫോണുകളിലേക്ക് വരാനിരിക്കുന്ന സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ വഴി കമ്പനികൾ ആപ്പ് എത്തിക്കണം.
കേന്ദ്ര സർക്കാർ നിയന്ത്രിത പ്ലാറ്റ്‌ഫോം വഴി ഉപയോക്താക്കൾക്ക് ഐഎംഇഐ നമ്പരുകൾ പരിശോധിക്കാനും സംശയാസ്പദമായ സന്ദേശങ്ങൾ കണ്ടെത്താനും മോഷ്ടിക്കപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാൻ അഭ്യർഥിക്കാനുമുള്ള കഴിവ് ’സഞ്ചാർ സാഥി’ നൽകുന്നുവെന്നാണ് റിപ്പോർട്ട്. ഇതിനോടകം, 30 ദശലക്ഷത്തിലധികം വ്യാജ കണക്ഷനുകൾ അവസാനിപ്പിക്കാനും 3.7 ദശലക്ഷം മോഷ്ടിക്കപ്പെട്ട ഫോണുകൾ ഉപയോഗിക്കുന്നത് തടയാനും ഈ ആപ്പ് സഹായിച്ചെന്ന് അധികൃതർ അവകാശപ്പെടുന്നു. ജനുവരി മുതൽ ഇതുവരെ, നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഏഴ് ലക്ഷത്തിലധികം ഫോണുകൾ വീണ്ടെടുക്കാനും ആപ്പ് സഹായിച്ചെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
തട്ടിപ്പുകാരും ക്രിമിനൽ ഗ്രൂപ്പുകളും തങ്ങളുടെ ഉപകരണ ഐഡന്റിറ്റികൾ മറച്ചുവയ്ക്കാൻ വ്യാജ ഐഎംഇഐകളാണ് ഉപയോഗിക്കുന്നത് എന്നതിനാൽ, അവ മൂലമുണ്ടാകുന്ന ഗുരുതര അപകടം പരിഹരിക്കാൻ ആപ്പ് അത്യാവശ്യമാണെന്ന് മന്ത്രാലയം പറയുന്നു. ’സഞ്ചാര്‍ സാഥി’യുടെ വെബ്‌സൈറ്റ് മാത്രമാണ് ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. ഇതുകൂടാതെയാണ് ഇപ്പോള്‍ ആപ്ലിക്കേഷനും പുറത്തിറക്കിയിരിക്കുന്നത്.
നമ്മുടെ പേരിലുള്ള സിം കണക്ഷനുകളെ കുറിച്ചറിയാനുള്ള ഓപ്ഷനും ആപ്പിലുണ്ട്. മറ്റാരെങ്കിലും നമ്മുടെ പേരിൽ സിം എടുത്തിട്ടുണ്ടെങ്കിൽ അത് കണ്ടെത്താനും ബ്ലോക്ക് ചെയ്യാനും ഈ ആപ്പിലൂടെ കഴിയും. സൈബര്‍ തട്ടിപ്പ് സംശയിക്കുന്ന കോളുകളും മെസേജുകളും (സ്പാം) റിപ്പോര്‍ട്ട് ചെയ്യാനുള്ള ‘ചക്ഷു’ ഓപ്ഷനും സഞ്ചാര്‍ സാഥിയിലുണ്ട്. സെക്കന്‍ഡ് ഹാന്‍ഡ് ഫോണുകള്‍ വാങ്ങുമ്പോള്‍ അവയുടെ വിശ്വാസ്യത ഉറപ്പിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. ഇന്ത്യന്‍ നമ്പരിൽ വരുന്ന അന്താരാഷ്ട്ര കോളുകള്‍ റിപ്പോര്‍ട്ട് ചെയ്യാം എന്നതാണ് മറ്റൊരു ഓപ്ഷന്‍.
അതേസമയം, കേന്ദ്ര നിര്‍ദേശം പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ അംഗീകരിക്കുമോയെന്ന് സംശയമുണ്ട്. സ്വന്തം ആപ്പുകള്‍ മാത്രമേ ആപ്പിള്‍ ഫോണുകളില്‍ പ്രീന്‍ ഇന്‍സ്റ്റാള്‍ ചെയ്യാറുള്ളൂ. തേര്‍ഡ് പാര്‍ട്ടി ആപ്പുകളോ സര്‍ക്കാര്‍ ആപ്പുകളോ ആപ്പിള്‍ ഫോണുകളില്‍ പ്രീലോഡ് ചെയ്യാറില്ല. സാധാരണയായി തങ്ങളുടെ സ്വന്തം ആപ്പുകൾ മാത്രമാണ് ആപ്പിൾ പ്രീലോഡ് ചെയ്യാൻ അനുവദിക്കുന്നത്. ഒരു സർക്കാർ ആപ്പ് നിർബന്ധമാക്കുന്നത് അവരുടെ ആന്തരിക നയങ്ങൾക്കും ഉപയോക്തൃ സ്വകാര്യത സംബന്ധിച്ച നിലപാടുകൾക്കും എതിരാണ്.
അങ്ങനെ വരുമ്പോള്‍ പുതിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആപ്പിൾ എന്ത് നിലപാടെടുക്കും എന്നാണ് കണ്ടറിയേണ്ടത്. സർക്കാർ നിർദേശത്തെക്കുറിച്ച് ഗൂഗിൾ, സാംസങ്, ഷവോമി എന്നീ കമ്പനികളും ഇതുവരെ പ്രതികരിച്ചിട്ടില്ല. കേന്ദ്ര നീക്കം ഉപയോക്താക്കളുടെ സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. ആപ്പിൾ ഉൾപ്പെടെയുള്ള കമ്പനികളും, ഈ നീക്കത്തിൽ ആശങ്ക രേഖപ്പെടുത്തുന്നു.
ഒരു സർക്കാർ ആപ്ലിക്കേഷൻ ഉപയോക്താവിന്റെ സമ്മതമില്ലാതെ ഫോണിൽ സ്ഥിരമായി നിലനിർത്തുന്നത്, ഉപകരണത്തിലുള്ള വ്യക്തികളുടെ നിയന്ത്രണം ഇല്ലാതാക്കുന്നു. നീക്കം ചെയ്യാനാകാത്തൊരു ആപ്പ്, ഉപയോക്താവിന്റെ ഫോൺ ലോഗുകൾ, ലൊക്കേഷൻ, മറ്റ് ആക്ടിവിറ്റികൾ എന്നിവ ശേഖരിക്കാൻ സാധ്യതയുണ്ടെന്നും ഇത് ഒരുതരം ഡിജിറ്റൽ നിരീക്ഷണത്തിന് വഴിയൊരുക്കുമെന്നും വിമർശകർ പറയുന്നു.
ഈ ആപ്പിന് കോൾ/എസ്എംഎസ് ലോഗുകളും മൊബൈൽ നമ്പർ പോലുള്ള വിവരങ്ങളും ആവശ്യമാണ്. സ്വകാര്യതാ നിയമങ്ങൾ നിലവിലുണ്ടെങ്കിലും, ശേഖരിക്കുന്ന ഡാറ്റയുടെ വ്യാപ്തിയും അത് കൈകാര്യം ചെയ്യുന്ന രീതിയും സംബന്ധിച്ച് സുതാര്യത കുറവുണ്ടെങ്കിൽ സ്വകാര്യതയ്ക്ക് ഭീഷണിയാകും. ചുരുക്കത്തിൽ, സുരക്ഷ ഉറപ്പാക്കാനുള്ള നീക്കം എന്നതിലുപരി, ഇത് പൗരന്മാരുടെ സ്വകാര്യവിവരങ്ങളിലേക്കുള്ള ഭരണകൂടത്തിന്റെ അനധികൃത കടന്നുകയറ്റമായി മാറാനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.