ഇന്ത്യയുടെ 5ജി യുഗവും മസ്‌കിന്റെ ട്വിറ്ററും... 2022 ലെ ടെക് ലോകം

2023 ലും ടെക് ലോകത്ത് വലിയ മാറ്റങ്ങൾ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്

Update: 2023-01-01 15:00 GMT
Advertising

മാറ്റങ്ങൾക്ക് മാറ്റം നൽകുന്ന ലോകമാണ് ടെക് ലോകം. ദിവസം കഴിയുംതോറും പുതിയ ടെക്നോളജികളാണ് ടെക് ലോകത്ത് വരുന്നത്. കോവിഡ് പ്രതിസന്ധിയിൽ വിറങ്ങലിച്ചിരുന്ന ലോകം പതുക്കെ ഉയർത്തെഴുന്നേറ്റ വർഷമായിരുന്നു 2022. ഇതിന്റെ പ്രതിഫലനം ടെക് ലോകത്തും പ്രകടനമായിരുന്നു. എന്തൊക്കെ മാറ്റങ്ങളാണ് ടെക് ലോകത്ത് സംഭവിച്ചതെന്ന് നമുക്കൊന്ന് പരിശോധിക്കാം.

ഇന്ത്യയുടെ 5ജി യുഗം

വയർലെസ് സാങ്കേതികവിദ്യയുടെ അഞ്ചാം തലമുറയാണ് 5ജി. ലോകം കണ്ട ഏറ്റവും വേഗതയേറിയ സാങ്കേതികവിദ്യകളിലൊന്ന്. ഉയർന്ന മൾട്ടി-ജിബിപിഎസ് പീക്ക് ഡാറ്റ സ്പീഡ്, നെറ്റ്വർക്ക് കപ്പാസിറ്റി, ലഭ്യത, എന്നിവയാണ് 5ജിയുടെ പ്രത്യേകത. അതോടൊപ്പം മെഷീനുകളെയും ഗൃഹോപകരണങ്ങളെയുമെല്ലാം പരസ്പരം ബന്ധിപ്പിക്കലും 5ജിയുടെ ലക്ഷ്യമാണ്. 4ജി നെറ്റ്വർക്കിനെക്കാൾ നൂറു മടങ്ങ് വേഗത്തിൽ 5ജിക്ക് ഡേറ്റ കൈമാറാൻ സാധിക്കും. അതായത് ഇത്രയും കാലം ഇന്റർനെറ്റ് വേഗത കണക്കാക്കിയിരുന്നത് എം.ബി പെർ സെക്കന്റിലാണെങ്കിൽ 5ജി വരുന്നതോടെ അത് ജി.ബി പെർ സെക്കന്റിലേക്ക് മാറും. 4ജിയിൽ ഒരു സിനിമ ഡൗൺലോഡ് ചെയ്യാൻ 6 മിനുറ്റ് എടുക്കുമെങ്കിൽ 5ജിയിലേക്ക് എത്തുമ്പോൾ ഇത് 3 സെക്കന്റായി കുറയും.



സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഏറ്റവുമധികം വിമർശിക്കാറുള്ള ഒരു സംഭവമാണ് വീഡിയോ ബഫറിങ്. 5ജി വരുന്നതോടെ ഈ പ്രശ്നത്തിനൊരു പരിഹാരമാകുകയും ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി വീഡിയോ കാണുന്നതിന് യാതൊരു തടസ്സവും നേരിടേണ്ടി വരില്ല. 8 കെ ക്വാളിറ്റിയിൽ ഒരു ബഫറിങ്ങുമില്ലാതെ സുഗമമായി വീഡിയോ കാണാൻ സാധിക്കും. നേരത്തെ ത്രീജിയിൽ 14 എം.ബി പെർ സെക്കന്റ് വേഗതയായിരുന്നു അവകാശപ്പെട്ടിരുന്നത്. ഫോർജിയിലേക്ക് എത്തിയപ്പോൾ ഇത് 21.21 എം.ബി പെർ സെക്കന്റായി ഉയർന്നു. എന്നാൽ ഉപഭോക്താക്കൾക്ക് ഇത്രയധികം വേഗതയിൽ ഇന്റർനെറ്റ് സേവനം ലഭ്യമായിട്ടില്ലെന്നുള്ളത് മറ്റൊരു വസ്തുതയാണ്.

വിവിധ ടെലികോം കമ്പനികൾ 5ജി സേവനങ്ങൾ നിലവിൽ നൽകി തുടങ്ങിയിട്ടുണ്ടെങ്കിലും രാജ്യവ്യാപകമായി 5ജി ലഭിക്കാൻ ഇനിയും സമയമെടുക്കും. ചുരുക്കത്തിൽ ക്ഷമ വേണം, കാത്തിരിക്കണം എന്നൊന്നും ഇതിന് അർത്ഥമില്ല. അധികം വൈകാതെ ഫൈവ് ജി എത്തും. അഹമ്മദാബാദ്, ബെംഗളുരു, ചണ്ഡിഗഢ്, ചെന്നൈ, ഡൽഹി, ഗാന്ധിനഗർ, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗർ, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, പുനെ എന്നിങ്ങനെ തിരഞ്ഞെടുത്ത 13 നഗരങ്ങളിലാണ് ഇപ്പോൾ 5ജി ലഭിച്ചു തുടങ്ങിയത്.



5ജി വന്നാൽ ഞങ്ങൾക്ക് ഒരു ഉപകാരവുമില്ലെന്ന് കരുതുന്നവരുണ്ടാകും. എന്നാൽ സാധാരണക്കാരെ ബാധിക്കുന്ന നിരവധി മേഖലകളിൽ 5ജി വിപ്ലവം തീർക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

വിദ്യാഭ്യാസ മേഖലയിൽ വരുന്ന മാറ്റങ്ങളാണ് ഇതിൽ പ്രധാനപ്പെട്ട ഒന്ന്. 5ജി വരുന്നതോടെ സ്മാർട്ട് ക്ലാസ്മുറികൾ വ്യാപകമാകും. അതോടൊപ്പം ഇന്റർനെറ്റ് വേഗത ഓൺലൈൻ പഠനത്തെയും കൂടുതൽ ശക്തപ്പെടുത്തും. വിർച്വൽ റിയാലിറ്റി പോലുള്ള പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പഠനരീതിയും ഇതോടെ വ്യാപകമാകും.



ആരോഗ്യ മേഖലയിലും 5ജി വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശങ്ങളിലെ ആരോഗ്യ സംവിധാനങ്ങൾ അവിടെ പോകാതെ തന്നെ നമ്മുടെ രാജ്യത്തും പ്രാപ്യമാകുമെന്നതാണ് പ്രധാന കാര്യം. ഇതുവഴി എത്ര ദൂരെയാണെങ്കിലും റോബോട്ടിക് സർജറികൾ നടത്താൻ സാധിക്കും. കൂടാതെ സ്മാർട്ട് ആംബുലൻസുകളുടെ സർവീസും വ്യാപകമാകും.

ഗതാഗത മേഖല അടിമുടി മാറുമെന്നതാണ് 5ജിയുടെ മറ്റൊരു പ്രധാനനേട്ടം. ഡ്രൈവറില്ലാ വാഹനങ്ങളും റിമോർട്ട് ഡ്രൈവിങ്ങും 5ജിയുടെ വരവോടെ വ്യാപകമാകും. ഒരേ സമയം ഒന്നിലധികം വാഹനങ്ങൾ അപകടങ്ങൾ വരില്ലെന്ന് ഉറപ്പുവരുത്തി ഓടിക്കാൻ സൗകര്യമൊരുക്കുന്ന വെഹിക്കിൾ പ്ലാറ്റൂണിങ് സംവിധാനവും രാജ്യത്ത് വികസിക്കും. മറ്റൊരു കാര്യം ടോൾപിരിവാണ്. 5ജി എത്തുന്നതോടെ ടോൾ ബൂത്തിന് മുന്നിലെ നീണ്ട ക്യൂവിന് ഒരു പരിധിവരെ മാറ്റമുണ്ടാകും. പ്രളയവും പ്രകൃതി ദുരന്തങ്ങളും ഇന്ന് ഇന്ത്യക്കാർക്ക് സുപരിചിതമായ വാക്കുകളാണ്. 5ജി വരുന്നതോടെ കാലാവസ്ഥ മേഖലയിലും വലിയ മാറ്റങ്ങളാണ് വരിക. പ്രളയം, ഭൂകമ്പം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ സംഭവിക്കാനുള്ള സാധ്യതകൾ മുൻകൂട്ടി അറിയാനും മുന്നൊരുക്കങ്ങൾ നടത്താനും 5ജി വഴി സാധിക്കും.



5ജി വരുമ്പോൾ നിരക്കുകൾ കുത്തനെ വർധിക്കുമോ എന്ന ചോദ്യം ഇതിനോടകം തന്നെ ഉയർന്നിട്ടുണ്ട്. എന്നാൽ ഇതുവരെ നിരക്ക് വർധനയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. എന്നാലും 4ജിയേക്കാൾ 10-20 ശതമാനം വരെ വർധനയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. നിരക്ക് വർധനയുടെ കാര്യത്തിൽ സർക്കാർ ഇടപെടില്ലെന്നാണ് റിപ്പോർട്ട്. നിലവിൽ രാജ്യത്തെ 4ജി നെറ്റ്‌വർക്ക് നിരക്ക് പരിഗണിച്ചാൽ ലോകത്തെ ഏറ്റവും നിരക്ക് കുറഞ്ഞ 5ജി ആയിരിക്കും ഇന്ത്യയിൽ ലഭിക്കുക.

ട്വിറ്ററിനെ സ്വന്തമാക്കി മസ്‌ക്

ട്വിറ്ററിനെ ഇലോൺ മസ്‌ക് ഏറ്റെടുത്ത വർഷമായിരുന്നു 2022. 4400 കോടി ഡോളറിനാണ് കരാർ ഒപ്പിട്ടത്. ഇതോടെ 16 വർഷം പിന്നിട്ട ട്വിറ്റർ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനിയായി മാറി. ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കുമൊടുവിലാണ് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഇടപാടുകളിലൊന്ന് യാഥാർഥ്യമായത്. മസ്‌ക് ട്വിറ്റർ ഏറ്റെടുത്തത് മുതൽ ഇന്ന് വരെ നിരവധി വിമർശനങ്ങൾ അദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു.



ഐഫോൺ 14 പ്രശ്നങ്ങൾ

ആപ്പിൾ 2022ൽ പുറത്തിറക്കിയ ഐഫോൺ സീരീസ് ആയിരുന്നു ഐഫോൺ 14. മികച്ച ഫീച്ചറുകളുമായി വിപണിയിലെത്തിയ ഫോൺ എന്നാൽ വേണ്ടത്ര വിൽക്കപ്പെട്ടിട്ടില്ല. ഫോണിലെ പല പ്രശ്നങ്ങളാണ് തിരിച്ചടിയായത്. ആദ്യം ഐഫോൺ 14 പ്രോ സീരീസിലെ ക്യാമറകൾ വിറയ്ക്കുന്ന ബഗ്ഗായിരുന്നു ഏവരെയും ഞെട്ടിച്ചത്. അത് അപ്ഡേറ്റിലൂടെ ആപ്പിൾ പരിഹരിച്ചു. എന്നാൽ പിന്നീട് സിമ്മുമായി ബന്ധപ്പെട്ട പ്രശ്നവും വിൽപ്പനയെ ബാധിച്ചു. ഐഫോൺ 14 സീരീസ് ഫോണുകളിൽ 'സിം പിന്തുണയ്ക്കുന്നില്ല' എന്ന ഒരു സന്ദേശം വരുന്നതായാണ് യൂസർമാർ പരാതിപ്പെട്ടത്. പോപ്പ്-അപ്പ് സന്ദേശം വന്നുകഴിഞ്ഞാൽ സ്മാർട് ഫോൺ പൂർണമായും നിശ്ചലമായിരുന്നു.




 നിർമിത ബുദ്ധി

നിർമിത ബുദ്ധിയുടെ വരവറിയിച്ച വർഷമായിരുന്നു 2022. കമ്പ്യൂട്ടറുകളെ മനുഷ്യനെപ്പോലെ ചിന്തിപ്പിക്കാൻ പരിശീലിപ്പിക്കുന്നു എന്നതാണ് നിർമിത ബുദ്ധിയുടെ ഏറ്റവും വലിയ സവിശേഷത. പൊതുസേവനങ്ങൾ ഉപയോഗപ്പെടുത്തുമ്പോഴും ഇന്റനെറ്റും സമൂഹ മാധ്യമങ്ങളും ഉപയോഗിക്കുമ്പോഴും പൊതുജനങ്ങളിൽ നിന്ന് ശേഖരിച്ചുകൊണ്ടിരിക്കുന്ന അതിവിപുലമായ വ്യക്തിഗത വിവരങ്ങളെ കമ്പ്യൂട്ടറുകളിൽ ഫീഡ് ചെയ്ത ശേഷം വിവിധ സാഹചര്യങ്ങൾക്കനുസരിച്ച് അവ വിശകലനം ചെയ്ത് അതിൽനിന്ന് ആൽഗരിതത്തിന്റെ സഹായത്തോടെ വ്യത്യസ്ത സമവാക്യങ്ങൾ സ്വയംതന്നെ കണ്ടെത്താൻ കമ്പ്യൂട്ടറുകളെ പരിശീലിപ്പിക്കുകയെന്നതാണ് നിർമിത ബുദ്ധി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.



ഫെയ്സ്ബുക്കിനേറ്റ തിരിച്ചടി

ഫെയ്‌സ്ബുക്കിന്റെ സജീവ ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ ഇടിവാണ് കഴിഞ്ഞ വർഷമുണ്ടായത്. 18 വർഷത്തെ ഫെയ്‌സ്ബുക്കിന്റെ ചരിത്രത്തിൽ ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ ഏറ്റവും വലിയ ഇടിവ്. കമ്പനിയുടെ പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. ഇതിനൊപ്പം മെറ്റാവേഴ്‌സ് എന്ന പുതിയ പദ്ധതിയിലൂടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന നഷ്ടവും അവരെ പിടിച്ച് കുലുക്കിയിട്ടുണ്ട്.



അതിഭീമമായ തുകയാണ് മെറ്റാവേഴ്‌സ് ദൗത്യങ്ങൾക്കായി സക്കർബർഗ് ചെലവാക്കിക്കൊണ്ടിരിക്കുന്നത്. എന്നാൽ കമ്പനിയുടെ മെറ്റാവേഴ്‌സ് ഗവേഷണ പ്രവർത്തനങ്ങൾ നടക്കുന്ന ലാബ്‌സ് ഡിവിഷന് കോടികളുടെ നഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നാണ് പുതിയ കണക്കുകൾ. നഷ്ടം സംഭവിച്ചതോടെ ചെലവ് വെട്ടിച്ചുരുക്കുന്നതിനായി കമ്പനിയിലെ 13 ശതമാനം ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു.

ടെക് വമ്പന്മാരെ ആക്രമിച്ച ലാപ്സസ് ഹാക്കർമാർ

കുപ്രസിദ്ധരായ സൈബർ കുറ്റവാളി സംഘം ലാപ്‌സസ് 2022ൽ നടത്തിയത് ടെക് ഭീമന്മാരെ ഞെട്ടിക്കുന്ന സൈബർ ആക്രമണമായിരുന്നു. മൈക്രോസോഫ്റ്റ്, സാംസങ്, എൻവിഡിയ, യുബിസോഫ്റ്റ്, ഒക്ട ഉൾപ്പടെയുള്ള വൻകിട കമ്പനികളെ ലക്ഷ്യമിട്ടായിരുന്നു ലാപ്‌സസിന്റെ ആക്രമണം. സൈബർ ആക്രമണത്തിലൂടെ കോടികളുടെ നഷ്ടമാണ് ഈ കമ്പനികൾക്ക് സംഭവിച്ചത്.



2023 ലും ടെക് ലോകത്ത് വലിയ മാറ്റങ്ങൾ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023 ൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സേവനം കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചേക്കും. ഷോപ്പിങിലും പണമിടപാടുകളിലും പുത്തൻ മാറ്റങ്ങൾ വരുമെന്നാണ് ടെക് ലോകം കരുതുന്നത്. ടെക് ലോകം 2023 ൽ ഒളിപ്പിച്ചുവച്ചിരിക്കുന്ന വിസ്മയങ്ങൾ എന്തൊക്കെയാണ് നമുക്ക് ഭാവിയിൽ കണ്ടറിയാം.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - ദിബിൻ രമ ഗോപൻ

contributor

Similar News