'പെർപ്ലക്‌സിറ്റി മുതൽ ആമസോൺ വരെ'; എല്ലാവരും കൂടി 'പണി നിർത്തിയാൽ', സൈബർ ലോകത്ത് അമ്പരപ്പ്
പെര്‍പ്ലക്സിറ്റി , സ്‌നാപ്ചാറ്റ്, കാന്‍വ, ആമസോൺ, പ്രൈം വീഡിയോ, സ്‌പോട്ടിഫൈ അടക്കമുള്ള പ്രമുഖരെല്ലാം 'പണിമുടക്കി'
Photo-Reuters
ന്യൂയോർക്ക്: ആപ്ലിക്കേഷനുകൾ 'ഡൗൺ' ആകുന്നത് സൈബർ ലോകത്ത് പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാൽ ഒന്നിലധികം ആപ്പുകൾ ഡൗൺ ആയാൽ എന്തു സംഭവിക്കും? തിങ്കളാഴ്ചയാണ് ടെക്‌നോളി രംഗത്തെ ആകെ അമ്പരപ്പിച്ച 'കൂട്ടപ്പണിമുടക്ക്'.
പുതിയ എഐ തരംഗമായ പെര്‍പ്ലക്സിറ്റി മുതല്‍ സ്‌നാപ്ചാറ്റ്, പ്രമുഖ ഇമേജ് എഡിറ്റിങ് ടൂളായ കാന്‍വ, ഓപൺ എഐവരെ 'പണിമുടക്കിയ'വരിൽ ഉൾപ്പെടും. ആമസോണിന്റെ ക്ലൗഡ് സേവനമായ ആമസോണ്‍ വെബ് സര്‍വീസ് അഥവാ എഡബ്ല്യുഎസ്സിലെ(AWS) തകരാറാണ് ആഗോളതലത്തിലെ 'കൂട്ടപ്പണിമുടക്കി'ന് കാരണമെന്നാണ് വിലയിരുത്തല്‍.
ഡൗൺ ഡിറ്റക്ടർ പ്രകാരം, ആമസോൺ, പ്രൈം വീഡിയോ, സ്‌പോട്ടിഫൈ, ക്ലോഡ്, കോയിൻബേസ്, സൂം, റെഡ്ഡിറ്റ് എന്നിവയാണ് തകരാറുകൾ റിപ്പോർട്ട് ചെയ്ത മറ്റ് പ്രധാന സേവനങ്ങൾ. ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് പ്രകാരം ബ്രിട്ടനില്‍ പ്രാദേശിക സമയം രാവിലെ 8 മണിയോടെയാണ് തടസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്. പിന്നാലെ പരാതി പ്രളയമായിരുന്നു. ഇപ്പോഴും പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. അതേസമയം ചില പ്ലാറ്റ്‌ഫോമുകളുടെ സേവനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ചതായുള്ള വാര്‍ത്തകളും വരുന്നുണ്ട്.
ലോകത്തിലെ ഇന്റർനെറ്റിന്റെ വിതരണശൃംഖലക്ക് നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾ നൽകുന്ന ഒരു സാങ്കേതിക ഭീമനാണ് എഡബ്ല്യുഎസ്. വലുതും ചെറുതുമായ നിരവധി വെബ്‌സൈറ്റുകളും സേവനങ്ങളും ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കുന്ന വെർച്വൽ സെർവറുകൾ മുതൽ ഇമേജുകൾ, വീഡിയോകൾ, ബാക്കപ്പുകൾ പോലുള്ള വെബ്‌സൈറ്റുകളുടെ ഉള്ളടക്കം സംഭരിക്കുന്നത് വരെയുള്ളതിന് AWS സേവനങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഇവിടെ വരുന്ന ഏതൊരു പ്രശ്നവും ഇവരെ ആശ്രയിക്കുന്നവരെ സ്വാഭാവികമായും ബാധിക്കും.