ആപ്പിളിനെ പിന്നിലാക്കി മൈക്രോസോഫ്റ്റ് ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനി

പ്രതീക്ഷിച്ചിരുന്നതിനേക്കാൾ 600 കോടി കുറഞ്ഞതാണ് ആപ്പിൾ ഇപ്പോൾ പിന്നോട് പോകാനുള്ള കാരണം

Update: 2021-11-02 13:34 GMT
Editor : Dibin Gopan | By : Web Desk
Advertising

ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മൈക്രോസോഫ്റ്റ്. ആപ്പിളിനെ പിന്നിലാക്കിയാണ് മൈക്രോസോഫ്റ്റ് മുന്നിലെത്തിയിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ ഇപ്പോഴത്തെ വിപണി മൂല്യം 2.49 ട്രില്ല്യൻ ഡോളറാണ്. ആപ്പിൾ കമ്പനിയുടെ ഇപ്പോഴത്തെ മൂല്യം 2.46 ട്രില്ല്യൻ ഡോളറുമാണ്. പ്രതീക്ഷിച്ചിരുന്നതിനേക്കാൾ 600 കോടി കുറഞ്ഞതാണ് ആപ്പിൾ ഇപ്പോൾ പിന്നോട് പോകാനുള്ള കാരണം. ആപ്പിൾ തന്നെ ഈ കാര്യം വ്യക്തമാക്കിയിരുന്നു. വാൾസ്ട്രീറ്റിന്റെ പ്രതീക്ഷകൾക്കൊപ്പം ഉയരാൻ സാധിക്കാത്തതാണ് ഇപ്പോൾ വന്ന നഷ്ടത്തിന് പിന്നിൽ. ഉപകരണങ്ങൾ നിർമ്മിക്കാൻ ആവശ്യമായ സാധനങ്ങളുടെ ലഭ്യതക്കുറവാണ് ഇപ്പോൾ ആപ്പിൾ നേരിടുന്ന പ്രധാന പ്രതിസന്ധി.

എന്നാൽ ഈ അവസ്ഥ മൈക്രോസോഫ്റ്റ് പ്രയോജനകരമാകുകയാണ് ചെയ്തത്. മുൻവർഷത്തേക്കാൾ 22 ശതമാനം അധികവരുമാനം ആണ് മൈക്രോസോഫ്റ്റ് സ്വന്തമാക്കിയിരിക്കുന്നത്. ഇതിനായി മൈക്രോസോഫ്റ്റ് ഉപയോഗിക്കുന്ന തന്ത്രങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ക്ലൗഡ് കംപ്യൂട്ടിങും ഓഫിസ് പ്രോഡക്ടിവിറ്റി സബ്സ്‌ക്രിപ്ഷനുകളുമാണ് മൈക്രോസോഫ്റ്റിന്റെ ഇപ്പോഴത്തെ പ്രധാന വരുമാന മാർഗങ്ങൾ. ഇവയ്ക്ക് ഐഫോണും മറ്റു ഉപകരണങ്ങൾ പോലെയും പബ്ലിസിറ്റി കുറവാണെങ്കിലും ഈ ബിസിനസുകൾ വളരെയധികം ലാഭം നേടാൻ സഹായിക്കുന്നുണ്ട്. ഇതുതന്നെയാണ് നിക്ഷേപകരെ മൈക്രോസോഫ്റ്റിലേക്ക് ആകർഷിക്കുന്ന ഘടകവും.

ലോകത്തെ തന്നെ ഏറ്റവും വലിയ 500 കമ്പനികളിൽ 78 ശതമാനവും മൈക്രോസോഫ്ട് ക്ലൗഡാണ് ഉപയോഗിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ അമരക്കാരൻ സത്യാ നദെല്ല ഊന്നൽ കൊടുക്കാൻ ശ്രമിക്കുന്നതും ക്ളൗഡ് കമ്പ്യൂട്ടിങിനാണ്. രണ്ടാമതാണെങ്കിലും ആപ്പിളിന്റെ പ്രൗഢി കുറയുന്നില്ല എന്നതും വസ്തുത തന്നെയാണ്. ഇപ്പോൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനായാൽ ആപ്പിൾ വീണ്ടും ഒന്നാം സ്ഥാനത്തെത്തും എന്നാണ് റിപ്പോർട്ടുകൾ.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News