'ശമ്പളം പോര, ചോദിച്ചത് കിട്ടിയില്ലെങ്കിൽ ടെസ്‍ലയിൽ നിന്ന് രാജിവെക്കും': ഓഹരിയുടമകള്‍ക്ക് മുന്നറിയിപ്പുമായി മസ്ക്
ടെസ്‌ല മോട്ടോഴ്‌സ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ റോബിന്‍ ഡെന്‍ഹോം ഓഹരിയുടമകള്‍ക്ക് നല്‍കിയ കത്തിലാണ് എലോൺ മസ്‌കിന് വേണ്ടിയുള്ള ഈ മുന്നറിയിപ്പ്.
വാഷിങ്ടണ്‍: ഒരു ട്രില്യൺ ഡോളർ ശമ്പളം ലഭിച്ചില്ലെങ്കിൽ ടെസ്‌ല വിടുമെന്ന ഭീഷണിയുമായി ശതകോടീശ്വരന്‍ എലോൺ മസ്‌ക്. ടെസ്‌ല മോട്ടോഴ്‌സ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ റോബിന്‍ ഡെന്‍ഹോം ഓഹരിയുടമകള്‍ക്ക് നല്‍കിയ കത്തിലാണ് എലോൺ മസ്‌കിന് വേണ്ടിയുള്ള ഈ മുന്നറിയിപ്പ്.
നവംബര്‍ ആറിന് നടക്കാനിരിക്കുന്ന വാര്‍ഷികയോഗത്തിന് മുന്നോടിയായാണ് ബോര്‍ഡ് മേധാവി ഇങ്ങനെ ഒരു ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്. 8.5 ട്രില്യൺ ഡോളർ വിപണി മൂല്യം കമ്പനി നേടിയാൽ ടെസ്‌ലയുടെ ഓഹരിയുടെ 12 ശതമാനം വരെ മസ്കിന് നൽകണോ വേണ്ടയോ എന്ന പദ്ധതിയിൽ നിക്ഷേപകർ യോഗത്തില്‍ തീരുമാനമെടുക്കും. 12 ശതമാനം ഓഹരിയാണ് മസ്ക് ലക്ഷ്യമിടുന്നത്. പ്രതിഫലമെല്ലാം ടെസ്‌ലയുടെ ഓഹരികളായാണ് നല്‍കുക.
കമ്പനിയുടെ ദീർഘകാല പദ്ധതിക്ക് മസ്‌കിനെ സജീവമായി രംഗത്തിറക്കാന്‍ ഈ നിർദ്ദേശം അത്യാവശ്യമാണെന്നാണ് ടെസ്‌ല ചെയർപേഴ്‌സൺ റോബിൻ ഡെൻഹോം പറയുന്നത്. എഐയിലും ഓട്ടോമേഷനിലും ആഗോള നേതാവെന്ന നിലയിൽ ടെസ്‌ലയുടെ സ്ഥാനം ഉറപ്പിക്കാൻ ശ്രമിക്കുമ്പോൾ മസ്‌കിന്റെ നേതൃത്വം നിർണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ശമ്പള പാക്കേജ് അംഗീകരിക്കാന്‍ ഓഹരിഉടമകളെ നിര്‍ബന്ധിതരാക്കും വിധമാണ് ഡെന്‍ഹോമിന്റെ കത്തുകള്‍.
മസ്‌കുമായുള്ള അടുത്ത ബന്ധത്തിന്റെ പേരിൽ ടെസ്‌ലയുടെ ബോർഡ് വർഷങ്ങളായി വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്.2018ലെ ശമ്പള പാക്കേജും വിവാദമായിരുന്നു. ശരിയല്ലെന്നും മതിയായ ചര്‍ച്ച നടന്നില്ലെന്നും ചൂണ്ടിക്കാട്ടി ഡെലവെയറിലെ ഒരു കോടതി റദ്ദാക്കിയിരുന്നു.