കൂടുതൽ കാണാം; ഇൻസ്റ്റഗ്രാം സ്‌റ്റോറി ഇനി 60 സെക്കൻഡ്

ഇന്ത്യയിൽ അവതരിപ്പിച്ച രക്ഷാകർതൃ മേൽനോട്ട സംവിധാനങ്ങളും ഫാമിലി സെന്ററും വഴി ഇൻസ്റ്റഗ്രാമിൽ രക്ഷിതാക്കൾക്ക് മേൽനോട്ടത്തിനും സമയനിയന്ത്രണം ഏർപ്പെടുത്തുന്നതിനും സൗകര്യം

Update: 2022-09-27 15:50 GMT
Advertising

ഇൻസ്റ്റഗ്രാം സ്‌റ്റോറികൾ ഇനി കൂടുതൽ നേരം കാണാൻ അവസരം. 15 സെക്കൻഡിൽ നിന്ന് 60 സെക്കൻഡിലേക്ക് സ്‌റ്റോറി സമയം നീട്ടുന്നതായാണ് വാർത്തകൾ. മുമ്പ് 15 സെക്കൻഡിലേറെയുള്ള സ്‌റ്റോറികൾ പല ഭാഗങ്ങളായാണ് ലഭ്യമായിരുന്നത്. കഴിഞ്ഞ വർഷം അവസാനത്തോടെ ചില ഉപഭോക്താക്കൾക്ക് 60 സെക്കൻ സ്‌റ്റോറി സൗകര്യം പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കിയിരുന്നതായാണ് കമ്പനി പറയുന്നത്. ടെക് ക്രഞ്ചാണ് സ്‌റ്റോറി സമയം വർധിപ്പിക്കുന്നതായി റിപ്പോർട്ട് ചെയ്തത്. നേരത്തെ 15 സെക്കൻഡിലേറെയുള്ള സ്‌റ്റോറികൾ പലതായി കിടക്കുന്നത് ടാഗ് ചെയ്യാനും ഇതര ഉപഭോക്താക്കളെ മെൻഷൻ ചെയ്യാനും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

അതേസമയം, ഈ മാസം ആദ്യം ഇൻസ്റ്റാഗ്രാം രക്ഷാകർതൃ മേൽനോട്ട സംവിധാനങ്ങളും ഫാമിലി സെന്ററും ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഇൻസ്റ്റഗ്രാം നിരന്തരം ഉപയോഗിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് നിയന്ത്രിക്കാൻ അവസരം നൽകുന്ന സംവിധാനങ്ങളാണിവ രണ്ടും. ഇതിലൂടെ രക്ഷിതാക്കൾക്ക് മേൽനോട്ടത്തിനും സമയനിയന്ത്രണം ഏർപ്പെടുത്തുന്നതിനും സൗകര്യം ലഭിക്കുന്നു. സമൂഹ മാധ്യമങ്ങൾ തുടർച്ചയായി ഉപയോഗിക്കുന്ന കുട്ടികളെ സംരക്ഷിക്കാനുള്ള മാതൃ കമ്പനി 'മെറ്റാ'യുടെ നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടി. രക്ഷാകർതൃ മേൽനോട്ട ഉപകരണങ്ങളും ഫാമിലി സെന്റർ ടൂളും മെറ്റ മാർച്ചിൽ തന്നെ പ്രഖ്യാപിച്ചിരുന്നു.

യൂറോപ്യൻ യൂണിയൻ ഡാറ്റ സ്വകാര്യതാ നിയമങ്ങൾ കർശനമായി ലംഘിച്ചതിന് കമ്പനിക്ക് അടുത്തിടെ 405 മില്യൺ യൂറോ (ഏകദേശം 3,200 കോടി രൂപ) പിഴ ചുമത്തപ്പെട്ടിരുന്നു. കൗമാരക്കാരുടെ വിവരങ്ങൾ മെറ്റയുടെ കീഴിലുള്ള സമൂഹ മാധ്യമങ്ങൾ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിരുന്നു. 13 -17 വയസ്സുവരെയുള്ളവരുടെ വിവരങ്ങൾ ഇൻസ്റ്റഗ്രാം പുറത്തുവിട്ടതായി അയർലാൻഡ് ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷൻ കണ്ടെത്തിയിരുന്നു.

News that Instagram Story is extending story time from 15 seconds to 60 seconds.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News