വിവോക്കും വൺപ്ലസിനും മുട്ടൻപണി കൊടുത്ത് നോക്കിയ; വിൽപ്പന നിർത്തിവെക്കാൻ ഉത്തരവ്‌

വിലക്കിനെ തുടർന്ന് ഓപ്പോയുടെയും വൺപ്ലസിന്റെയും വെബ്‌സൈറ്റുകളിൽ നിന്ന് ഫോണുകൾ പിൻവലിച്ചിരിക്കുകയാണ്

Update: 2022-08-09 12:49 GMT
Editor : Nidhin | By : Web Desk
Advertising

ചൈനീസ് മൊബൈൽ ബ്രാൻഡുകളായ ഓപ്പോയുടെയും വൺപ്ലസിന്റെയും വിൽപ്പനയ്ക്ക് ജർമനിയിൽ വിലക്ക്. ഫിൻലെൻഡ് കമ്പനിയായ നോക്കിയ നൽകിയ ഹർജിയെ തുടർന്നുണ്ടായ കോടതി ഉത്തരവിനെ തുടർന്നാണ് ഇരു ബ്രാൻഡുകളുടെയും വിൽപ്പന തടഞ്ഞത്.

ഒരുകാലത്ത് ലോക മൊബൈൽ വിപണി അടക്കിഭരിച്ചിരുന്ന നോക്കിയയുടെ പേരിലുള്ള വിവിധ പേന്റന്റുകളാണ് ഈ പ്രശ്‌നത്തിന്റെ മൂല കാരണം.

നോക്കിയയുടെ പേരിൽ പേന്റന്റുള്ള 5ജി സാങ്കേതികവിദ്യ തങ്ങളുടെ അനുവാദം കൂടാതെ ബിബികെ ഗ്രൂപ്പിന് കീഴിലുള്ള ഓപ്പോയും വൺപ്ലസും ഉപയോഗിച്ചെന്നാണ് നോക്കിയയുടെ ഹർജി. ഹർജിയെ തുടർന്ന് നോക്കിയക്ക് ലൈസൻസ് ഫീസ് നൽകാത്തപക്ഷം ജർമനിയിൽ ഓപ്പോയുടെയും വൺപ്ലസിന്റെയും വിൽപ്പന അനുവദിക്കാൻ പറ്റില്ലെന്ന് മ്യൂണിച്ച് 1 കോടതി ഉത്തരവിടുകയായിരുന്നു. ആഗസ്റ്റ് അഞ്ചു മുതൽ വിൽപ്പന വിലക്ക് പ്രാബല്യത്തിൽ വന്നു. വിലക്കിനെ തുടർന്ന് ഓപ്പോയുടെയും വൺപ്ലസിന്റെയും ജർമനിയിലെ വെബ്‌സൈറ്റുകളിൽ നിന്ന് ഫോണുകൾ പിൻവലിച്ചിരിക്കുകയാണ്. എന്നാൽ ഓപ്പോ, വൺപ്ലസ് ഫോണുകൾ ഇനിയും ഉപയോഗിക്കുന്നതിന് തടസമില്ലെന്നും സർവീസും കൃത്യമായ സുരക്ഷാ അപ്‌ഡേറ്റുകൾ ഇനിയും ലഭിക്കുമെന്നും ഇരു ബ്രാൻഡുകളും വ്യക്തമാക്കിയിട്ടുണ്ട്.

നോക്കിയക്ക് ലൈസൻസ് ഫീ നൽകുക എന്നത് ഓപ്പോയ്ക്കും വൺപ്ലസിനും അത്ര എളുപ്പമല്ല കാര്യമല്ല. ആഗോളതലത്തിലുള്ള കരാറാണ് നോക്കിയ ആവശ്യപ്പെട്ടിരിക്കുന്നത്. ആഗോളതലത്തിൽ ഇരു ബ്രാൻഡുകളും ഇതുവരെ വിറ്റ എല്ലാ ഫോണുകൾക്കും ഒരു ഫോണിന് 2.50 യൂറോ (204 രൂപ) യാണ് ലൈസൻസ് ഫീയായി നൽകേണ്ടി വരിക. ഓപ്പോക്കും വൺപ്ലസിനും മാത്രമല്ല ഇവരുടെ മാതൃകമ്പനിയായ ബിബികെ ഗ്രൂപ്പിന് കീഴീലുള്ള എല്ലാ ബ്രാൻഡുകൾക്കും ഈ ലൈസൻസ് ഫീ ബാധകമാകും. ഇതോടെ വിവോ, ഐക്യൂ, റിയൽമി എന്നീ ബ്രാൻഡുകൾ വിറ്റ മോഡലുകൾക്കും ലൈസൻസ് ഫീ നൽകേണ്ട വരും. അത്രയും ഭീമമായ തുക നൽകുക എന്നത് ബിബികെയുടെ ലാഭത്തിൽ വലിയ ഇടിവുണ്ടാക്കും. ഓപ്പോയ്ക്കും വിവോയ്ക്കും വലിയ പങ്കാളിത്തമില്ലാത്ത ജർമനി പോലൊരു വിപണിക്ക് വേണ്ടി അത്രയും വലിയ നഷ്ടം സഹിക്കാൻ കമ്പനി തയാറാകില്ലെന്നാണ് കണക്കുകൂട്ടൽ. അങ്ങനെ സംഭവിച്ചാൽ ഇന്ത്യയിലടക്കം മോഡലുകൾക്ക് അവർ വില കൂട്ടേണ്ടി വരും. അത് വിൽപ്പനയെ പ്രതികൂലമായി ബാധിക്കും.

അതേസമയം ജർമനിയിൽ മാത്രമല്ല യുകെ, നെതർലൻഡ്‌സ്, സ്‌പെയിൻ, ഫ്രാൻസ്, ഫിൻലൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങളിലും ഇതേവിഷയം ഉന്നയിച്ച് നോക്കിയ നൽകിയ ഹർജി കോടതിയുടെ പരിഗണനയിലാണ്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News