ഇനി ടി.വി സ്‌ക്രീനിൽ നക്കി രുചിയറിയാം; വിപ്ലവമാകാന്‍ പുതിയ കണ്ടുപിടിത്തം

ലോകത്തിന്റെ മറ്റൊരു മൂലയിലുള്ള റെസ്റ്റോറന്റിലെ ഭക്ഷണവിഭവങ്ങൾ സ്വന്തം വീട്ടിലിരുന്നു തന്നെ ആസ്വദിക്കാനുള്ള അവസരമൊരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പുതിയ കണ്ടുപിടിത്തത്തിനു നേതൃത്വം നൽകുന്ന ഹൊമി മിയാഷിത പറയുന്നു

Update: 2021-12-24 14:29 GMT
Editor : Shaheer | By : Web Desk

ലോകത്തിന്റെ ഏതു മൂലയിലുമുള്ള സംഗീതവും സിനിമയുമെല്ലാം സ്വന്തം വീടിന്റെ സൗകര്യങ്ങളിരുന്ന് ആസ്വദിക്കുന്നവരാണ് നമ്മളിപ്പോൾ. എന്നാൽ, ഇനി വീട്ടിലിരുന്നു തന്നെ ലോകത്തെവിടെയുമുള്ള രുചിഭേദങ്ങൾ നേരിട്ട് അനുഭവിച്ചറിയാനായാൽ എങ്ങനെയുണ്ടാകും? അതുമൊരു ടെലിവിഷൻ സ്‌ക്രീനിലൂടെ!

നെറ്റി ചുളിക്കേണ്ട! ഓൺലൈനായി ഭക്ഷണവിഭവങ്ങൾ രുചിച്ചറിയാനുള്ള ടെലിവിഷൻ സ്‌ക്രീൻ വരികയാണ്. ജപ്പാനിലെ ടോക്യോയിലുള്ള മെയ്ജി സർവകലാശാലയിൽ പ്രൊഫസറായ ഹൊമി മിയാഷിതയാണ് പുതിയ കണ്ടുപിടിത്തത്തിനു പിന്നിൽ. 'ടേസ്റ്റ് ദ ടി.വി'(ടി.ടി ടി.വി) എന്നു പേരിട്ടിരിക്കുന്ന പുതിയ സ്മാർട്ട് ടി.വി വഴി നിരവധി രുചിഭേദങ്ങളാണ് നാവിൽതുമ്പിൽ തൊട്ടറിയാനാകുക.

Advertising
Advertising

ആദ്യ ഘട്ടമായി പത്ത് വ്യത്യസ്ത രുചികളാണ് ഹൊമി മിയാഷിതയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘം വികസിപ്പിച്ച സ്മാർട്ട് ടി.വിയിലുള്ളത്. ഇതിൽ ഇഷ്ടമുള്ള വിഭവം ആവശ്യപ്പെട്ടാൽ അതിന്റെ സാംപിൾ വൃത്തിയുള്ള സ്‌ക്രീൻ പ്രതലത്തിലേക്ക് സ്േ്രപ ചെയ്യും. ഇതിൽ നക്കിയിട്ട് രുചിയറിയാനാകുന്ന തരത്തിലാണ് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്.

ലോകത്തിന്റെ മറ്റൊരു മൂലയിലുള്ള റെസ്റ്റോറന്റിലെ ഭക്ഷണവിഭവങ്ങൾ സ്വന്തം വീട്ടിലിരുന്നു തന്നെ ആസ്വദിക്കാനും അനുഭവിക്കാനുമുള്ള അവസരമൊരുക്കുകയാണ് തങ്ങളുടെ ഗവേഷണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹൊമി മിയാഷിത വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. സ്മാർട്ട് ടി.വികളിലൂടെയും സ്മാർട്ട് ഫോണിലൂടെയും സിനിമയും സംഗീതവുമെല്ലാം ആസ്വദിക്കുന്ന പോലെത്തന്നെ രുചികളുമറിയാനുള്ള സാധ്യത സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.

30ഓളം വിദ്യാർത്ഥികൾക്കൊപ്പം ചേർന്നാണ് ലോകത്ത് പുതിയൊരു രുചിവിപ്ലവം സൃഷ്ടിക്കാൻ പോകുന്ന കണ്ടുപിടിത്തത്തിന് മിയാഷിത നേതൃത്വം നൽകുന്നത്. ഒരു വർഷമെടുത്താണ് ടി.ടി ടി.വിയുടെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചത്. ഇത് വാണിജ്യാടിസ്ഥാനത്തിൽ വിപണിയിലെത്തിക്കാവുന്ന തരത്തിലെത്തിക്കണമെങ്കിൽ ഒരു ലക്ഷം യെൻ(ഏകദേശം 65,000 രൂപ) ചെലവ് വരുമെന്നാണ് മിയാഷിത പറയുന്നത്.

വീട്ടിലിരുന്ന് രുചിയറിയാനുള്ള സ്മാർട്ട് ടി.വി എന്ന സങ്കൽപ്പത്തിനൊപ്പം റെസ്റ്റൊറന്റികളിലും മറ്റുമെല്ലാം ഉപഭോക്താക്കൾക്ക് ഭക്ഷണ സാംപിൾ നൽകാനും ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താനാകും. വിവിധ പിസ്സ, ചോക്ലേറ്റ്, ബ്രഡ് ടോസ്റ്റ് വിഭവങ്ങൾ ഉപഭോക്താക്കൾക്ക് ടി.വി സ്‌ക്രീൻ വഴി രുചിച്ചറിയാൻ ബ്രാൻഡുകൾക്ക് സൗകര്യമൊരുക്കാനാകും. ഈ ലക്ഷ്യത്തോടെ പുതിയ സാങ്കേതികവിദ്യ വ്യാവസായികാടിസ്ഥാനത്തിൽ വികസിപ്പിക്കാനായി വിവിധ കമ്പനികളുമായി ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും മിയാഷിത വെളിപ്പെടുത്തിയിട്ടുണ്ട്.

Summary: A Japanese professor has developed a prototype lickable TV screen, called Taste the TV (TTTV), that can imitate food flavours, another step towards creating a multi-sensory viewing experience

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News