30 പേർക്കുവരെ പങ്കെടുക്കാവുന്ന വിഡിയോ കോൾ; വാട്‌സ്ആപ്പിനെ വെല്ലാൻ പുതിയ ഫീച്ചറുകളുമായി ടെലഗ്രാം

സന്ദേശം അയക്കുമ്പോഴും സ്വീകരിക്കുമ്പോഴും ബഹുവർണത്തിലുള്ള ചിത്രങ്ങള്‍ പശ്ചാത്തലത്തിൽ ചലിച്ചുകൊണ്ടിരിക്കുന്ന ആനിമേറ്റഡ് ബാക്ക്ഗ്രൗണ്ടുകൾ, സ്‌ക്രീൻ ഷെയറിങ് എന്നിവ പുതിയ ഫീച്ചറുകളാണ്

Update: 2021-06-27 11:44 GMT
Editor : Shaheer | By : Web Desk

ഗ്രൂപ്പ് വിഡിയോ കോൾ, സ്‌ക്രീൻ ഷെയറിങ് അടക്കം പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ടെലഗ്രാം. ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിലാണ് ടെലഗ്രാം വിഡിയോ കോൾ അടക്കമുള്ള വന്‍മാറ്റങ്ങൾ  അവതരിപ്പിക്കുന്നത്. ഒരേസമയം മെസേജ് ആപ്പ് ഭീമനായ വാട്‌സ്ആപ്പിനും സൂം, ഗൂഗിൾ മീറ്റ് അടക്കമുള്ള വിഡിയോ കോളിങ് പ്ലാറ്റ്‌ഫോമുകൾക്കും ഭീഷണിയാകുന്ന തരത്തിലാണ് ആപ്പിലെ പുതിയ മാറ്റങ്ങൾ.

പുതുതായി ചേര്‍ത്ത വിഡിയോ കോളില്‍ 30 പേർക്കുവരെ ഒരേസമയം പങ്കെടുക്കാനാകും. ഈ പരിധിയും അധികം വൈകാതെ തന്നെ കൂട്ടുമെന്നും ടെലഗ്രാം വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. വാട്‌സ്ആപ്പിൽ പരമാവധി എട്ടുപേർക്കു മാത്രമേ വിഡിയോ കോളിൽ പങ്കെടുക്കാന്‍ കഴിയുകയുള്ളൂ. ഈ സമയത്താണ് കൂടുതല്‍ സാധ്യതകളൊരുക്കി ടെലഗ്രാം രംഗത്തെത്തിയിരിക്കുന്നത്.

Advertising
Advertising

സ്‌ക്രീൻ ഷെയറിങ് ആണ് മറ്റൊരു ശ്രദ്ധേയമായ മാറ്റം. വെബ് ബ്രൗസറുകളും വിഡിയോ പ്ലേയറുകളും പോലെ ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷനുകളും ഇനിമുതൽ ടെലഗ്രാമിലൂടെ സ്‌ക്രീൻഷെയർ ചെയ്യാനാകും. ഇതോടൊപ്പം ആനിമേറ്റഡ് ബാക്ക്ഗ്രൗണ്ടുകൾ, മെസേജ് ആനിമേഷനുകൾ എന്നിങ്ങനെയുള്ള ഫീച്ചറുകളും പുതിയ മാറ്റത്തിൽ ചേർത്തിട്ടുണ്ട്. സന്ദേശം അയക്കുമ്പോഴും സ്വീകരിക്കുമ്പോഴും ബഹുവർണത്തിലുള്ള ചിത്രങ്ങളും മറ്റും പശ്ചാത്തലത്തിൽ ചലിച്ചുകൊണ്ടിരിക്കും. മെസേജ് ആപ്പുകളിൽ  ആദ്യമായാണ് ഇത്തരത്തിലൊരു ഫീച്ചർ വരുന്നത്. പുതിയ ആനിമേറ്റഡ് ബാക്ക്ഗ്രൗണ്ടുകൾ ഫോണിലെ ബാറ്ററി ചാർജ് അധികം കവരുമെന്ന ഭീതി വേണ്ടെന്നും ടെലഗ്രാം അറിയിച്ചിട്ടുണ്ട്.

പശ്ചാത്തലത്തിലെ ബഹളങ്ങളും ശബ്ദങ്ങളും കുറയ്ക്കുന്ന സംവിധാനവും കൂടുതൽ മെച്ചപ്പെടുത്തിയിട്ടുമുണ്ട്. ഇതുവഴി ബഹളമയമായ സ്ഥലത്തുവച്ച് ടെലഗ്രാമിൽ കോൾ ചെയ്യുമ്പോഴും വോയ്‌സ് സന്ദേശം നൽകുമ്പോഴുമെല്ലാം ഉപയോക്താവിന്റെ ശബ്ദം അപ്പുറത്തുള്ളയാൾക്ക് വ്യക്തമായും കേൾക്കാനാകും. സെറ്റിങ്‌സിൽ പോയി ഈ സംവിധാനം ഓൺ ചെയ്യാനും ഓഫ് ചെയ്യാനുമാകും. ഐഒഎസ്, ആൻഡ്രോയ്ഡ്, ഡെസ്‌ക്‌ടോപ്പ് പതിപ്പുകളിലെല്ലാം ടെലഗ്രാമിന്റെ പുതിയ ഫീച്ചറുകൾ ലഭ്യമാകും. ഐഒഎസിൽ ടെലഗ്രാമിന്റെ രൂപത്തിൽ തന്നെ മാറ്റമുണ്ടെന്നാണ് വിവരം.

നിക്കോളായ്, പവേൽ ദുറോവ് എന്നീ റഷ്യൻ സഹോദരന്മാരാണ് ടെലഗ്രാം സ്ഥാപകർ. റഷ്യയിലെ ഏറ്റവും വലിയ സമൂഹമാധ്യമ കമ്പനിയായ 'വികെ'യുടെ ഉടമകൾകൂടിയായ ഇവർ 2013ലാണ് ടെലഗ്രാം ആപ്ലിക്കേഷൻ ആദ്യമായി ലോഞ്ച് ചെയ്യുന്നത്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News