അനുമതിയില്ലാതെ വിവരങ്ങൾ പകർത്തി; ഓപൺ എഐയെയും മൈക്രോസോഫ്റ്റിനെയും കോടതി കയറ്റി ന്യൂയോർക്ക് ടൈംസ്

പുതിയ സംഭവ വികാസങ്ങളോടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ

Update: 2023-12-28 12:05 GMT

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ മുൻനിരക്കാരായ ഓപൺ എഐ, ​അവരുടെ പ്രധാന സാമ്പത്തിക പങ്കാളിയായ മൈക്രോസോഫ്റ്റ് എന്നിവർക്കെതിരെ കേസ് ഫയൽ ചെയ്ത് ന്യൂയോർക്ക് ടൈംസ്. പകർപ്പവകാശം ലംഘിച്ച് തങ്ങളുടെ ദശലക്ഷക്കണക്കിന് വാർത്തകളും ലേഖനങ്ങളും ചാറ്റ് ജിപിടിയുടെ എഐ മാതൃകകൾക്ക് പരിശീലനം നൽകാൻ ഉപയോഗിച്ചുവെന്നാണ് പരാതി.

ന്യൂയോർക്ക് ഫെഡറൽ ഡിസ്ട്രിക്റ്റ് കോടതിയിലാണ് കേസ് നൽകിയിരിക്കുന്നത്. ലൈസൻസ് ഫീ നൽകാതെ തങ്ങളുടെ വിവരങ്ങൾ പകർത്തുന്നത് അനധികൃതമാണെന്ന് ന്യൂയോർക്ക് ടൈംസ് അറിയിച്ചു. ജിപിടി 4 ശേഖരിച്ച നൂറിലധികം വിവരങ്ങളുടെ പകർപ്പ് പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വിവരങ്ങളുടെ ഉറവിടം ജിപിടി 4 രേഖപ്പെടുത്തിയിട്ടില്ല.

Advertising
Advertising

തങ്ങളുടെ വിവരങ്ങൾ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് ന്യൂയോർട്ട് ടൈംസ് ഓപൺ എഐയുമായി കഴിഞ്ഞ ഏപ്രിൽ മുതൽ കരാറിന് ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ, ഇത് ഫലം കണ്ടില്ല. ഇതോടെയാണ് ​കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇവർ കോടതിയെ സമീപിക്കുന്നത്.

സംഭവത്തിൽ പ്രതികരണവുമായി ഓപൺ എഐ രംഗത്തെത്തി. ‘ന്യൂയോർക്ക് ടൈംസുമായുള്ള ചർച്ച ക്രിയാത്മകമായ രീതിയിൽ മുന്നോട്ടുപോവുകയായിരുന്നു. എന്നാൽ പുതിയ സംഭവ വികാസങ്ങൾ ആശ്ചര്യപ്പെടുത്തുന്നതും നിരാശാജനകവുമാണ്. മറ്റു പല പ്രസാധകരുമായി ചെയ്യുന്നത് പോലെ ഇരുകൂട്ടർക്കും ഗുണകരമാകും വിധം ഒരുമിച്ച് പ്രവർത്തിക്കാനാകുമെന്നാണ് പ്രതീക്ഷ’ -ഓപൺ എഐ അധികൃതർ വ്യക്തമാക്കി.

അതേസമയം, കോടതി വ്യവഹാരങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് വലിയ മാറ്റങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News