അശ്ലീല ഉള്ളടക്കമുള്ള വിഡിയോ ടിക്ടോക്ക് സ്വമേധയാ നീക്കം ചെയ്യും

നിരോധനത്തിനുശേഷം ഇന്ത്യയിൽ തിരിച്ചെത്താനുള്ള നീക്കം നടത്തുന്നതിനിടെയാണ് ടിക്ടോക്ക് പുതിയ ഓട്ടോമേഷൻ സംവിധാനമൊരുക്കിയിരിക്കുന്നത്

Update: 2021-07-10 15:18 GMT
Editor : Shaheer | By : Web Desk
Advertising

അശ്ലീല ഉള്ളടക്കങ്ങളുള്ള വിഡിയോകളും ചിത്രങ്ങളും ഇനി ടിക്ടോക്ക് സ്വമേധയാ നീക്കം ചെയ്യും. അക്രമസ്വഭാവമുള്ള വിഡിയോകൾക്കെതിരെയും ഉടനടി നടപടിയുണ്ടാകും. നിരോധനത്തിനുശേഷം ഇന്ത്യയിൽ തിരിച്ചെത്താനുള്ള നീക്കം ശക്തമാക്കുന്നതിനിടെയാണ് ടിക്ടോക്ക് പുതിയ ഓട്ടോമേഷൻ സംവിധാനമൊരുക്കിയിരിക്കുന്നത്.

അക്രമസ്വഭാവം, നഗ്നതയും ലൈംഗിക പ്രവൃത്തികളും അടങ്ങുന്ന അശ്ലീല ഉള്ളടക്കം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയ്‌ക്കെതിരെയാണ് നടപടിയുണ്ടാകുക. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഡിയോകളും നീക്കം ചെയ്യും. ഇത്തരം വിഡിയോ നീക്കം ചെയ്ത ശേഷം ഉപയോക്താവിനെ വിവരമറിയിക്കുകയും ചെയ്യും. അശ്ലീല ഉള്ളടക്കങ്ങളുടെയും അക്രമസ്വഭാവമുള്ള വിഡിയോകളുടെയും പേരിൽ വ്യാപകമായി പരാതി ഉയർന്നതിനെതുടർന്നാണ് ഇവയ്‌ക്കെതിരെ കൂടുതൽ  കാര്യക്ഷമമായ നടപടിക്ക് കമ്പനി തയാറായത്.

വിനോദം മുന്നിൽകണ്ടുള്ള പ്ലാറ്റ്‌ഫോമിൽ അനുചിതമായതും ഉപയോക്താക്കൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിലുമുള്ള വിഡിയോകൾ ഒഴിവാക്കുകയാണ് പുതിയ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ടിക്ടോക്ക് പറയുന്നു. പുതിയ ഓട്ടോമേഷൻ സംവിധാനം വിജയകരമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സ്വമേധയാ നീക്കം ചെയ്തതില്‍ ഇരുപതില്‍ ഒന്നിൽ മാത്രമാണ് നടപടി തെറ്റിയിട്ടുള്ളതെന്ന് കമ്പനി പറയുന്നു.

പുതിയ മാറ്റങ്ങൾ അമേരിക്കയിലും കാനഡയിലും ഉടൻ പ്രാബല്യത്തിൽവരും. ഇന്ത്യയിലെ നിരോധനം നീക്കാൻ കേന്ദ്ര സർക്കാരുമായി ടിക്ടോക്ക് വൃത്തങ്ങൾ ചർച്ച നടത്തിവരികയാണ്. ഇതുവിജയിച്ചാൽ ഇന്ത്യയിലും പുതിയ ഓട്ടോമേഷൻ സംവിധാനം കൊണ്ടുവരും.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News