നവംബർ 28 ന് ആദ്യ ലൈവ് സ്ട്രീം ഷോപ്പിങ് നടത്താനൊരുങ്ങി ട്വിറ്റർ

തുടക്കത്തിൽ ഐഒഎസ്സിലും ഡെസ്‌ക്‌ടോപ്പിലുമാണ് സേവനം ലഭ്യമാകുക. ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് സ്ട്രീമിങ് കാണാൻ മാത്രമാണ് സാധിക്കുക

Update: 2022-08-29 10:43 GMT
Advertising

ഹൈപ്പർ മാർക്കറ്റ് രംഗത്തെ വൻകിട അമേരിക്കൻ കമ്പനിയായ വാൾമാർട്ടിനൊപ്പം നവംബർ 28ന് വൈകീട്ട് ഏഴുമണിക്ക് ആദ്യ ഷോപ്പിങ് ലൈവ് സ്ട്രീം നടത്താനൊരുങ്ങി മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റർ. ഉപഭോക്താക്കൾക്ക് അനന്തമായ ഷോപ്പിങ് അവസരമൊരുക്കുന്ന ലൈവ് ഷോപ്പിങ് ആദ്യമായാണ് ട്വിറ്റർ നടത്തുന്നത്. ലൈവ് ഷോപ്പിങ് പേജിൽ പുതിയ ഷോപ്പബിൾ ബാനർ, ഷോപ് ടാബ് എന്നിവയുണ്ടാകും. ഇതുവഴി ഉപഭോക്താക്കൾക്ക് നിർമാതാക്കളുമായി സംവദിക്കാനും നല്ല ഉൽപ്പന്നങ്ങൾ കണ്ടെത്താനും കഴിയുമെന്ന് ട്വിറ്റർ അറിയിച്ചു.

ആർട്ടിസ്റ്റ് ജാസൺ ഡെറ്യൂലോ ഹോസ്റ്റ് ചെയ്യുന്ന '' 30 മിനുട്ട് വെറൈറ്റി ഷോ'' വഴി ഇലക്‌ട്രോണിക്‌സ്, വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവ അവതരിപ്പിക്കും. പ്രത്യേക അതിഥികളും ലൈവിലെത്തും. നേരത്തെ മെറ്റ ക്രിയേറ്റേഴ്‌സിന് ഫേസ്ബുക്ക് ലൈവ് ഷോപ്പിങ് പ്രഖ്യാപിച്ചിരുന്നു. പിൻട്രസ്റ്റ് 'പിൻട്രസ്റ്റ് ടിവി' എന്ന പേരിൽ ലൈവ് ഷോപ്പിങ് സീരിസും അവതരിപ്പിച്ചിട്ടുണ്ട്. യൂട്യൂബ് ഹോളിഡേ സ്ട്രീം ആൻഡ് ഷോപ് എന്ന പേരിൽ യൂട്യൂബും ലൈവ് ഷോപ്പിങ് ഫീച്ചർ തുടങ്ങിയിട്ടുണ്ട്.



എന്താണ് ലൈവ് സ്ട്രീം ഷോപ്പിങ്?

നിരവധി ടെക് കമ്പനികൾ സ്വീകരിച്ചുതുടങ്ങിയ വാണിജ്യ രീതിയാണ് ലൈവ് സ്ട്രീം ഷോപ്പിങ്. ഈ രീതിയുടെ തുടക്കം ചൈനയിൽ നിന്നാണ്. ചില കസ്റ്റമേഴ്‌സ് പരമ്പരാഗത ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്ക് പകരം സാമൂഹിക മാധ്യമങ്ങൾ വഴി സാധനങ്ങൾ വാങ്ങിത്തുടങ്ങിയതിനെ തുടർന്നാണ് ഈ പുതിയ രീതി നിലവിൽ വന്നത്. സാമൂഹിക മാധ്യമവും ഇ-കൊമേഴ്‌സും സംയോജിപ്പിച്ചുള്ള വിഡിയോ ലൈവ് സ്ട്രീമിങ്ങാണിത്. ഉപഭോക്താക്കൾ ഇടപെടാനും ഇൻ സ്‌റ്റോർ അനുഭവം ഓൺലൈനായി നേടാനും ഈ രീതിയിലൂടെ കഴിയുന്നു. അതായത് സാധാരണ ഗതിയിൽ മടുപ്പിക്കുന്ന ഉൽപ്പന്ന വിവരണങ്ങൾക്ക് പകരം സ്വാഭാവിക സംഭാഷണത്തിലൂടെയുള്ള പർച്ചേസിംഗ് സാധ്യമാകുന്നു.



സാധാരണ വിഡിയോ സ്ട്രീമിങ്ങിൽ നിന്ന് വ്യത്യസ്തമായാണ് ട്വിറ്ററിൽ ഈ രീതി നടപ്പാക്കുകയെന്നാണ് അവർ പുറത്തുവിട്ട ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. ഓൺലൈൻ കാറ്റലോഗ്, ട്വീറ്റുകൾ ഫീഡ് എന്നിവ സ്ട്രീമിനൊപ്പമുണ്ടാകും. നാം ഒരു ലിങ്കിലോ വിൽപ്പനക്കാരന്റെ വെബ്‌സൈറ്റിലോ പിന്തുടർന്നാൽ പിക്ച്ചർ ഇൻ പിക്ച്ചർ മോഡിൽ സ്ട്രീമിങ്ങുണ്ടാകും. തുടക്കത്തിൽ ഐഒഎസ്സിലും ഡെസ്‌ക്‌ടോപ്പിലുമാണ് സേവനം ലഭ്യമാകുക. ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് സ്ട്രീമിങ് കാണാൻ മാത്രമാണ് സാധിക്കുക. ഷോപ്പിങിൽ ഇടപെടാനാകില്ല. നവംബറിൽ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി തുടങ്ങുന്നത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News