'വിഐ'ക്ക് ഈ വർഷത്തിൽ മൂന്നുമാസം തോറും ഒരു ബില്യൺ ഡോളറിന്റെ നഷ്ടം

കഴിഞ്ഞ മൂന്നു മാസങ്ങളിലായി കമ്പനിക്ക് 2.4 മില്യൺ ഉപഭോക്താക്കളെയാണ് നഷ്ടമായത്

Update: 2021-11-12 13:44 GMT
Advertising

വോഡഫോണും ഐഡിയയും ചേർന്ന് രൂപവത്കരിച്ച 'വിഐ'ക്ക് ഈ വർഷത്തിൽ മൂന്നുമാസം തോറും ഒരു ബില്യൺ ഡോളറിന്റെ നഷ്ടം. 2021 ലെ ആദ്യ ഒമ്പത് മാസത്തിൽ ആകെ 80 കോടിയുടെ നഷ്ടമാണ് കമ്പനിക്കുള്ളത്. കമ്പനി ഏറെ പരിതാപകരമായ അവസ്ഥയിലാണ് നീങ്ങുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയടക്കമുള്ള പണംവായ്പ നൽകിയവരോട് ലോൺ അടക്കുന്നതിൽ ഇളവ് നൽകാൻ കമ്പനി ആവശ്യപ്പെട്ടതായി നേരത്തെ വാർത്തയുണ്ടായിരുന്നു. എന്നാൽ വാക്‌സിനേഷൻ വ്യാപകമായ ശേഷം സാമ്പത്തിക രംഗം സജീവമായതോടെ കമ്പനി തിരിച്ചുവരവിന്റെ പാതയിലാണെന്ന് വി.ഐ എം.ഡിയും സിഇഒയുമായ രവീന്ദ്രർ ടാക്കർ പറഞ്ഞു.

ടെലികോം കമ്പനികളുടെ പ്രകടനം വിലയിരുത്തുന്ന ആവറേജ് റവന്യൂ പെർ യൂസറിൽ (ARPU) അഞ്ചു ശതമാനം വർധനവ് വി.ഐക്കുണ്ടായത് ശുഭകരമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇൻറർകണക്ട് യൂസേജ് ചാർജ് ഒഴിവാക്കിയ ശേഷമാണ് കമ്പനിക്ക് ഈ വർധനവുണ്ടയത്. എന്നാൽ 2021 മാർച്ചിലുണ്ടായ വൻഇടിവിൽ നിന്ന് പൂർണമായി തിരിച്ചുകയറാൻ കമ്പനിക്കായിട്ടില്ല. ഉണ്ടാക്കിയ വർധനവ് തന്നെ പ്രാഥമിക പ്ലാൻ 49 നിന്ന് 79 ആക്കിയത് വഴി ലഭിച്ചതാണ്. ചില പോസ്റ്റ് പെയ്ഡ് പ്ലാനുകളിൽ താരിഫ് നിരക്ക് വർധിപ്പിക്കുകയും ചെയ്തിരുന്നു. 4ജി ഉപഭോക്താക്കളുടെ എണ്ണത്തിൽ 3.6 ശതമാനം വർധനവുണ്ടായതും കമ്പനിക്ക് ഉപകാരപ്രദമായിട്ടുണ്ട്. കഴിഞ്ഞ മൂന്നു മാസങ്ങളിലായി കമ്പനിക്ക് 2.4 മില്യൺ ഉപഭോക്താക്കളെയാണ് നഷ്ടമായത്. എന്നാൽ പത്തു മില്യൺ ഉപഭോക്താക്കളെ നഷ്ടപ്പെട്ട കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് ഇക്കുറി കുറവ് നഷ്ടമാണുണ്ടായിട്ടുള്ളത്.

വിജയകരമായി 5ജി ട്രയൽ നടത്തി വിഐ

വോഡഫോൺ ഐഡിയ ലിമിറ്റഡ് നോക്കിയയുമായി ചേർന്ന് 5ജി ട്രയൽ വിജയകരമായി നടത്തിയിരുന്നു. 5ജി പരീക്ഷണത്തിനായി സർക്കാർ അനുവദിച്ചിട്ടുള്ള 3.5 ജിഗാഹെർട്ട്‌സ് സ്‌പെക്ട്രത്തിലാണ് ട്രയൽ നടത്തിയത്. ഇതുവഴി ഗുജറാത്തിലെ ഗാന്ധിനഗറിൽ ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി ലഭ്യമാക്കി. നോക്കിയയുടെ 5ജി ഉപകരണങ്ങൾ ഉപയോഗിച്ച് വി 17.1 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്ത് 100 എംബിപിഎസിലധികം വേഗത്തിലാണ് 5ജി കണക്റ്റിവിറ്റി വിജയകരമായി വി പരീക്ഷിച്ചത്. ഗ്രാമീണ മേഖലയിൽ വേഗമേറിയ കണക്റ്റിവിറ്റി ലഭ്യമാക്കാനുള്ള ഇന്ത്യ സർക്കാരിന്റെ കാഴ്ചപ്പാടിനെ പിന്തുണച്ചു കൊണ്ടാണ് വിയും നോക്കിയയും ചേർന്ന് ട്രയൽ നടത്തിയത്. വലുതും ചെറുതും ഇടത്തരവുമായ ബിസിനസ് സംരംഭങ്ങൾക്ക് വിശ്വസനീയമായ കണക്റ്റിവിറ്റി നൽകാൻ കഴിയുന്ന നോക്കിയയുടെ എയർസ്‌കെയിൽ റേഡിയോ പോർട്ട്‌ഫോളിയോയും മൈക്രോവേവ് ഇ-ബാൻഡ് സൊലൂഷനുമാണ് വി ട്രയലിന് ഉപയോഗിച്ചത്.

വി ജിഗാനെറ്റിന്റെ അതിവേഗ നെറ്റ് വർക്ക് നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ഉപയോക്താക്കളെയും സംരംഭങ്ങളെയും ഈ ഡിജിറ്റൽ യുഗത്തിൽ മുന്നിൽ നിർത്തുന്നുവെന്നും തങ്ങളുടെ 5ജി റെഡി നെറ്റ് വർക്കും നോക്കിയയുടെ സൊലൂഷനും ചേർന്ന് ഗ്രാമീണ മേഖലകളിൽ വേഗമേറിയ 5ജി കവറേജ് നൽകുന്നതിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും വോഡഫോൺ ഐഡിയ ലിമിറ്റഡ് ചീഫ് ടെക്‌നോളജി ഓഫീസർ ജഗ്ബീർ സിങ് പറഞ്ഞു. തങ്ങളുടെ ഫിക്‌സഡ് വയർലെസ് 5ജി സൊലൂഷൻ വോഡഫോൺ ഐഡിയക്ക് ഗ്രാമീണ മേഖലകളിലേക്ക് 5ജി കവറേജ് നൽകുന്നതിന് സഹായമാകുന്നുണ്ടെന്നും വോഡഫോൺ ഐഡിയയുമായി ഏറെ നാളത്തെ സഹകരണമുണ്ടെന്നും ഗ്രാമീണ മേഖലകളിലേക്ക് 5ജി കണക്റ്റിവിറ്റി എത്തിക്കുന്നതിൽ അവർക്ക് പിന്തുണ നൽകുന്നതിൽ സന്തോഷമുണ്ടെന്നും നോക്കിയ ഇന്ത്യ മാർക്കറ്റ് മേധാവിയും സീനിയർ വൈസ് പ്രസിഡന്റുമായ സഞ്ജയ് മാലിക് പറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News