വിക്കിപീഡിയയെ ആർക്കും വേണ്ടേ? സന്ദർശകരുടെ എണ്ണം കുറയുന്നു
എഐ ടൂളുകൾ പല മേഖലകളിലേക്കും നുഴഞ്ഞുകയറുന്നതാണ് വിക്കിപീഡിയക്ക് 'പണി' കൊടുക്കുന്നത്
ന്യൂയോർക്ക്: ഇന്റർനെറ്റുള്ള കാലം തൊട്ടെ അറിയാവുന്ന വിക്കിപീഡിയ ഇനി ഓർമയാകുമോ? ടെക്‌നോളജികൾ വികസിക്കുംതോറും പലതും മൺമറഞ്ഞെങ്കിലും കൊടുങ്കാറ്റിലും ഇളക്കാനാവാത്തതെന്ന രീതിയിൽ പിടിച്ചുനിൽക്കുകയായിരുന്നു വിക്കിപീഡിയ.
എന്നാൽ അതെ വിക്കിപീഡിയയുടെ വേരുകളും ഇളകുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. എഐ ടൂളുകൾ പല മേഖലകളിലേക്കും നുഴഞ്ഞുകയറുന്നതാണ് വിക്കിപീഡിയക്ക് പണി കൊടുക്കുന്നത്. ഒരു ബ്ലോഗ്‌പോസ്റ്റിലാണ് വിക്കിപീഡിയയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. ട്രാഫിക്കില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 8% കുറവ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് വിക്കിമീഡിയ പറയുന്നത്.
അതേസമയം കഴിഞ്ഞ മെയ് മാസത്തിൽ അസാധാരണമാംവിധം ഉയർന്ന ട്രാഫിക് ശ്രദ്ധയില്‍പെട്ടെന്നും എന്നാലത് ബോട്ടുകളാണെന്ന് കണ്ടെത്തിയെന്നും വിക്കിമീഡിയ പറയുന്നു.
എഐ ചാറ്റ്ബോട്ടുകളും സെർച്ച് എഞ്ചിനുകളും വിക്കിപീഡിയയിലെ ഉള്ളടക്കം നീക്കം ചെയ്യുകയും ഉപയോക്താക്കൾക്ക് നേരിട്ട് ഉത്തരങ്ങൾ നൽകുകയും ചെയ്യുന്നതാണ് ഈ ഇടിവിന് കാരണമെന്നാണ്, വിക്കിമീഡിയയിലെ സീനിയർ പ്രൊഡക്റ്റ് ഡയറക്ടർ മാർഷൽ മില്ലര്‍ പറയുന്നത്. വിക്കിമീഡിയ പ്രോജക്റ്റുകളിലേക്കുള്ള ട്രാഫികില്‍ ബോട്ടുകള്‍ ഇപ്പോഴും കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
അതേസമയം വിവരങ്ങള്‍ ലഭ്യമാക്കുന്ന പുതിയ മാര്‍ഗങ്ങളെ മില്ലര്‍ സ്വാഗതം ചെയ്തു. എന്നാല്‍ അതൊന്നും വിക്കിപീഡിയയുടെ പ്രസക്തി ഇല്ലാതാക്കുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇപ്പോഴും ഉപയോക്താക്കള്‍ക്ക് ഏറിയപങ്ക് വിവരങ്ങളും തങ്ങളുടെ വെബ്സൈറ്റില്‍ നിന്നുതന്നെയാണ് ലഭിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെടുന്നു. അതേസമയം എഐ സംവിധാനങ്ങൾ വിക്കിപീഡിയയെ കൂടുതലായി ആശ്രയിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.