സ്മാര്‍ട്ഫോണ്‍ വിപണിയിലെ കൊമ്പന്‍ ആര്? സിംഹാസനമുറപ്പിച്ച് ഷവോമി

ചരിത്രത്തിലാദ്യമായാണ് സാംസങ്ങിനെയും ആപ്പിളിനെയും മറികടന്ന് ഷവോമി ആഗോള വില്‍പനയില്‍ ഒന്നാമതെത്തുന്നത്.

Update: 2021-08-06 16:43 GMT

വിപണിയിലെ മറ്റു ഭീമന്‍മാരെയെല്ലാം പിന്തള്ളി ലോകത്തിലെ ഒന്നാം നമ്പർ സ്മാർട്ട്‌ഫോൺ വിൽപനക്കാരായി ഷവോമി. സ്മാര്‍ട്ഫോണ്‍ വിപണിയിലെ ഭീമന്മാരായ ആപ്പിളിനെയും സാംസങിനെയും വീഴ്ത്തിയാണ് ഷവോമി നേട്ടമുണ്ടാക്കിയത്. ചരിത്രത്തിലാദ്യമായാണ് സാംസങ്ങിനെയും ആപ്പിളിനെയും മറികടന്ന് ഷവോമി ആഗോള വില്‍പനയില്‍ ഒന്നാമതെത്തുന്നത്.


ഏറ്റവും പുതിയതായി പുറത്തുവന്ന കൗണ്ടർപോയിന്‍റ് റിപ്പോര്‍ട്ടാണ് ഷവോമിയുടെ നേട്ടം സ്ഥിരീകരിക്കുന്നത്. കുറേയധികം നാളുകളായി ഷവോമി ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ വിപണിയിൽ മുൻപന്തിയിലാണ്, എന്നാല്‍ ആഗോളതലത്തിലും ഇതേ നേട്ടം ആവര്‍ത്തിക്കാന്‍ ജൂണ്‍ മാസത്തില്‍ ഷവോമിക്ക് കഴിഞ്ഞുവെന്ന് കൗണ്ടർ പോയിന്‍റ് പുറത്തുവിട്ട പഠന റിപ്പോർട്ടില്‍ വ്യക്തമാകുന്നു. ജൂൺ മാസത്തിൽ മാത്രം ഷവോമിയുടെ വിൽപ്പനയിൽ 26 ശതമാനത്തിന്‍റെ വർധനവാണുണ്ടായത്. ജൂണിൽ ലോകത്ത് ഏറ്റവും കൂടുതൽ വളർച്ച കൈവരിച്ച കമ്പനിയെന്ന നേട്ടവും ഇതോടെ ഷവോമി സ്വന്തമാക്കി.

Advertising
Advertising

നേരത്തെ 2020-21 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ലോകത്ത് ഏറ്റവുമധികം സ്മാർട്ട്ഫോണുകൾ വിറ്റഴിച്ച രണ്ടാമത്തെ കമ്പനിയെന്ന നേട്ടവും ഷവോമി സ്വന്തമാക്കിയിരുന്നു. 2011ൽ ആഗോള മാര്‍ക്കറ്റില്‍ ഷവോമി അവതരിപ്പിക്കപ്പെട്ടതിന് ശേഷം ഇന്നോളം 800 ദശലക്ഷം സ്മാർട്ട്‌ഫോണുകളാണ് വിറ്റഴിച്ചിട്ടുള്ളത്. യൂറോപ്പിലും ചൈനയിലും ഇന്ത്യയിലുമടക്കം കോവിഡ് വ്യാപനത്തില്‍ ഈ മാസമുണ്ടായ കുറവാണ് ജൂൺ മാസത്തിൽ ഷവോമിക്ക് നേട്ടമുണ്ടാക്കിയത്. ഈ കാലയളവില്‍ സാംസങ്ങിന് വിപണിയില്‍ തിരിച്ചടി കൂടി നേരിട്ടതോടെ ഷവോമിക്ക് കാര്യങ്ങള്‍ എളുപ്പമായി. വിതരണശൃംഖലയില്‍ നേരിട്ട തടസ്സമാണ് സാംസങിന് തിരിച്ചടിയായത്.



സാംസങിന്‍റെ ആസ്ഥാനമായ വിയറ്റ്നാമിലെ പുതിയ കോവിഡ് തരംഗമാണ് കമ്പനിയുടെ ഉൽപ്പാദനത്തെ ബാധിച്ചത്. ഇതോടെ ലോകത്തെമ്പാടും കമ്പനിയുടെ ഉൽപ്പന്നങ്ങൾ കിട്ടാതെ വരികയും തുടര്‍ന്ന് അത് അവരുടെ വിൽപ്പനയെ ബാധിക്കുകയും ചെയ്തു. ഈ അവസരത്തിലാണ് ഷവോമി വിപണിയില്‍ നേട്ടം കണ്ടെത്തിയത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News