സെന്‍ഫോണ്‍ ഉത്പാദനം നിര്‍ത്തുമോ അസൂസ് ?
അസൂസിന്റെ തന്നെ റിപബ്ലിക്ക് ഓഫ് ഗെയിമേസ് (ആര്‍.ഒ.ജി) എന്ന ബ്രാന്‍ഡിന് കീഴിലായിരിക്കും പുതിയ ഗെയിമിങ് സീരീസ് ഇറക്കുന്നത്
സെന്‍ഫോണ്‍ സ്മാര്‍ട്ട്‌ഫോണ്‍ സീരീസിന്റെ ഉത്പാദനം അവസാനിപ്പിക്കകയാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി അസൂസ്. സെന്‍ഫോണ്‍ ബ്രാന്‍ഡുകള്‍ കൂടുതല്‍ വികസിതമായി തന്നെ വിപണിയില്‍ ഇറക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്ന് അസൂസ് അറിയിച്ചു. എന്നാല്‍ പവര്‍ യൂസേഴ്‌സിനെയും ഗെയിമേസിനെയും ലക്ഷ്യം വെച്ചു കൊണ്ടുള്ള പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ ഇറക്കാനാണ് കമ്പനി ശ്രദ്ധ കൊടുക്കുന്നതെന്ന് കമ്പനി അറിയിച്ചു.
അസൂസിന്റെ തന്നെ റിപബ്ലിക്ക് ഓഫ് ഗെയിമേസ് (ആര്‍.ഒ.ജി) എന്ന ബ്രാന്‍ഡിന് കീഴിലായിരിക്കും പുതിയ ഗെയിമിങ് സ്മാര്‍ട്ട്‌ഫോണ്‍ സീരീസ് ഇറക്കുന്നത്. എന്നാല്‍ ഇതിന്റെ ഭാഗമായി സെന്‍ഫോണ്‍ ബ്രാന്‍ഡ് നിര്‍ത്തി വെക്കുന്നതായുള്ള വാര്‍ത്തകള്‍ കമ്പനി തള്ളുകയായിരുന്നു. കമ്പനിയുടെ സി.ഇ.ഒ സ്ഥാനത്ത് നിന്നും ജെറി ഷെന്‍ പടിയിറങ്ങിയതിനു പിറകെയാണ് ഫോണ്‍ സീരീസില്‍ കളം മാറ്റി ചവിട്ടാനുള്ള തീരുമാനവുമായി തായ്‍വാനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്.
സ്മാര്‍ട്ട്‌ഫോണ്‍ മേഖലക്കു പുറമെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ), ഇന്റര്‍നെറ്റ് അനുബന്ധ കാര്യങ്ങള്‍ (ഐ.ഒ.ടി), ബിസിനസ് ടു ബിസിനസ് (ബി2ബി), കൊമേഴ്‌സ്യല്‍ ആപ്ലിക്കേഷന്‍സ് എന്നിവയിലും നിക്ഷേപം വര്‍ദ്ധിപ്പിക്കാനൊരുങ്ങുകയാണ് അസൂസ്. കമ്പ്യൂട്ടര്‍ വിപണിയിലും നില ഭദ്രമാക്കാന്‍ അസൂസിന് പദ്ധതിയുണ്ട്.