ഈ ഹോട്ടലില്‍ കയറിയാല്‍ റോബോട്ടുകള്‍ നിങ്ങള്‍ക്ക് ഭക്ഷണം വിളമ്പും!
എ.ഐ സാങ്കേതിക വിദ്യയുമായി ആലിബാബ ഗ്രൂപ്പ് ചൈനയില്‍
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്റ്സിനെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടലുണ്ട്, ഇവിടെയൊന്നുമല്ല, അങ്ങ് ചൈനയിലാണത്. ഫ്ലൈ സൂ എന്ന് പേരിട്ട ഈ ഹോട്ടല്‍ നിര്‍മിച്ചിരിക്കുന്നത് ഇന്‍റര്‍നെറ്റ് ഭീമന്‍മാരായ ആലിബാബ കമ്പനിയാണ്.
ചൈനയിലെ സെയ്ജാംങ് പ്രവശ്യയുടെ തലസ്ഥാനമായ ഹാങ്സൌവില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ച ഈ ഹോട്ടലില്‍ കയറിയാല്‍ റിസപ്ഷനില്‍ തടിച്ച രജിസ്റ്ററുകളില്‍ ഇല്ല. ഹോട്ടല്‍ ബുക്കിംഗും രജിസ്ട്രേഷനും എല്ലാം മൊബൈല്‍ ആപ്പ് വഴിയാണ്. ഇതില്‍ എന്താണ് ഇത്ര പുതുമ എന്നല്ലേ, നിങ്ങളുടെ റൂമിലേക്ക് പ്രവേശിക്കാന്‍ കമ്പനി ചാവി തരില്ല, പകരം ഡോറില്‍ മുഖം കാണിച്ചാല്‍ മതി, മുഖം തിരിച്ചറിഞ്ഞാല്‍ വാതില്‍ തനിയെ തുറക്കും. റൂമില്‍ നല്ല ചൂടാണോ, അതോ ടിവി കാണണോ എന്താ വേണ്ടത് എന്ന് വെച്ചാല്‍ അത് പറഞ്ഞാല്‍ മതി. ശബ്ദം പിടിച്ചെടുത്ത് അത് തനിയെ പ്രവര്‍ത്തിച്ചുകൊള്ളും.
ഹോട്ടലിനെ കുറിച്ച് ഉപഭോക്താക്കള്‍ക്കും നല്ല മതിപ്പാണ്. തീന്‍മേശയിലേക്ക് ഭക്ഷണം കൊണ്ട് വരുന്നതും റൂം വൃത്തിയാക്കുന്നതുമെല്ലാം റോബോട്ടുകളാണ്. എന്നാല്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ചയിലൂടെ ജോലി പോകുമെന്ന ഭയമൊന്നും ജീവനക്കാര്‍ക്കില്ല. വ്യക്തിവിവരങ്ങള്‍ പരസ്യമാകുമോ എന്ന ഭയം വേണ്ടെന്നും അധികൃതര്‍ ഉറപ്പ് നല്‍കുന്നു. ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍റസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആലിബാബയുടെ ആദ്യ ഹോട്ടലാണ് ഫ്ലൈ സൂ ഹോട്ടല്‍.