48 എം.പി കാമറ; ഹോണര്‍ വ്യൂ 20 ഈ മാസം ഇന്ത്യയിലെത്തും, വിലയും പ്രത്യേകതകളും
ലോകത്ത് ആദ്യമായി 48 എം.പി കാമറയുമായി എത്തുന്ന സ്മാര്‍ട്ട്ഫോണ്‍ എന്നതാണ് ഹോണര്‍ വ്യൂ20 യുടെ പ്രത്യേകത.
ഡി.എസ്.എല്‍.ആര്‍ കാമറയുടേതു പോലെ മിഴിവും തെളിച്ചവുമായി ലോകത്ത് ആദ്യമായി ഒരു സ്‍മാര്‍ട്ട് ഫോണ്‍. അതാണ് ഹോണര്‍ വ്യൂ 20. ജനുവരി 29 ന് ഹോണര്‍ വ്യൂ 20 ഇന്ത്യയില്‍ എത്തും. ആമസോണ്‍ ഇന്ത്യയാണ് ഹോണര്‍ വ്യൂ 20 നെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്.
ഇക്കഴിഞ്ഞ ഡിസംബറിലാണ് ചൈനയില്‍ ഹോണര്‍ വ്യൂ 20 അവതരിച്ചത്. ആഗോളതലത്തില്‍ ഹോണര്‍ വ്യൂ 20 നെ ജനുവരി 22 ന് പാരീസില്‍ വച്ച് പരിചയപ്പെടുത്തും. ഇതിന് ശേഷമായിരിക്കും ആമസോണ്‍ ഇന്ത്യ വഴി ഹോണര്‍ വ്യൂ 20 രാജ്യത്തേക്ക് എത്തുക.
ഹോണര്‍ വ്യൂ 20 ന്റെ ഇന്ത്യയിലെ വില കമ്പനി ഔദ്യോഗികമായി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ ചൈനീസ് വിപണിയിലെ വില അനുസരിച്ച് ആറ് ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഹോണര്‍ വ്യൂ 20 ന്റെ ഇന്ത്യന്‍ വില ഏകദേശം 30,400 രൂപ ആയിരിക്കും. എട്ട് ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഹോണര്‍ വ്യൂ 20 ന്റെ വില ഏകദേശം 35,500 രൂപയായിരിക്കും.
ലോകത്ത് ആദ്യമായി 48 എം.പി കാമറയുമായി എത്തുന്ന സ്മാര്‍ട്ട്ഫോണ്‍ എന്നതാണ് ഹോണര്‍ വ്യൂ20 യുടെ പ്രത്യേകത. 6.4 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്പ്ലേയായിരിക്കും ഇതിന്റെ മുഖം. കീറിന്‍ 980 എ.ഐ ചിപ്പ് സെറ്റാണ് ഈ ഫോണിന്‍റെ പ്രവര്‍ത്തന വേഗത നിര്‍ണ്ണയിക്കുന്നത്. പരമാവധി 256 ജിബി ആയിരിക്കും ഈ ഫോണിന്റെ മെമ്മറി. സ്റ്റോറേജ് ഉയര്‍ത്താനുള്ള സ്ലോട്ട് ഇതിലുണ്ടാകില്ല. 4000 mAh ബാറ്ററിയാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. പഗ് ജി പോലുള്ള വീഡിയോ ഗെയിമുകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പോലും ഈ ഫോണ്‍ ഒരു ദിവസത്തെ ചാര്‍ജ് ഉറപ്പ് നല്‍കുന്നുണ്ട്.
ആന്‍ഡ്രോയ്ഡ് 9 പൈ അടിസ്ഥാനമാക്കിയുള്ള മാജിക് യു.ഐ 2.0 യിലാണ് ഹോണര്‍ വ്യൂ 20 യുടെ പ്രവര്‍ത്തനം. സോണി IMX586 സെന്‍സറോട് കൂടിയ 48 എം.പി കാമറയാണ് പ്രധാന പ്രത്യേകത. 25 എം.പിയാണ് സെല്‍ഫി കാമറ. ഒപ്പം ഇന്‍ സ്ക്രീന്‍ മുന്‍ കാമറയുള്ള ഫുള്‍ വ്യൂ ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്. ടി.ഒ.എഫ് 3ഡി കാമറ സ്മാര്‍ട്ട്ഫോണ്‍ ഫോട്ടോഗ്രാഫിയില്‍ വിപ്ലവം തീര്‍ക്കുമെന്നാണ് ഹോണറിന്‍റെ അവകാശവാദം.