ഷവോമിയെ വീഴ്ത്താന്‍ സാംസങ് പുറത്തിറക്കുന്ന മോഡലുകളുടെ വില വിവരം പുറത്ത്
ഇന്ത്യന്‍ വിപണിയെ തിരിച്ചുപിടിക്കാന്‍ സാംസങ് അവതരിപ്പിക്കുന്ന ഗ്യാലക്‌സി എം10, എം20 എന്നീ മോഡലുകളുടെ വില പുറത്ത്.
ഇന്ത്യന്‍ വിപണിയില്‍ മേധാവിത്വം ഉറപ്പിക്കാന്‍ സാംസങ് അവതരിപ്പിക്കുന്ന ഗ്യാലക്‌സി എം10, എം20 എന്നീ മോഡലുകളുടെ വില വിവരം പുറത്ത്. ഷവോമിയെ നേരിടാനാണ് സാംസങ് എം പരമ്പരയിലുള്ള മൂന്ന് മോഡലുകള്‍ അവതരിപ്പിക്കുന്നത്. വാര്‍ത്ത ഏജന്‍സിയായ ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് പ്രകാരം ഗ്യാലക്‌സി എം10ന് 7,990 രൂപയും എം20ക്ക് 10,990 രൂപയുമാണ് വില. എം30യാണ് കമ്പനി പുറത്തിറക്കുന്ന മൂന്നാമത്തെ മോഡല്‍. ഇതിന്റെ വില സംബന്ധിച്ച് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നില്ല. ഈ മാസം 28നാണ് ഫോണ്‍ പുറത്തിറക്കുന്നത്. ആമസോണിലൂടെയും സാംസങിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയും ഫോണ്‍ സ്വന്തമാക്കാം.
ഇന്ത്യയിലെ നോയിഡയിലായിരുന്നു ഈ മോഡലുകളുടെ നിര്‍മ്മാണം. ഇന്‍ഫിനിറ്റി വി മോഡല്‍ നോച്ച് ഡിസ്‌പ്ലെയാണ് ഈ മോഡലുകളുടെ ആകര്‍ഷണം. ഫാസ്റ്റ് ചാര്‍ജിങും ബാറ്ററി ലൈഫുമാണ് മറ്റു പ്രത്യേകതകളെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എം20ക്ക് 5,000 എം.എഎച്ച് ബാറ്ററിയും എം10ന് 3,500 എം.എ.എച്ച് ബാറ്ററിയുമാണ്. എം20യുടെത് 6.13 ഇഞ്ചാണ് ഡിസ്‌പ്ലെ വലുപ്പം. 3ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് അടിസ്ഥാന മോഡല്‍. ബ്ലൂ, ഡാര്‍ക് ഗ്രേ നിറങ്ങളില്‍ ലഭ്യമാവും. ആന്‍ഡ്രോയിഡ് 8.1 ഒറിയോ ആണ് ഓപ്പറേറ്റിങ് സിസ്റ്റം. അതേസമയം എം10ന് 6.5 ഇഞ്ചാണ് ഡിസ്‌പ്ലെ വലിപ്പം. ക്യാമറയിലെ പ്രത്യേകതകളുള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ ലോഞ്ചിങ് സമയത്തെ പുറത്തുവരൂ.
ചെറുപ്പക്കാരെ ലക്ഷ്യമിട്ടുള്ളതാണ് എം പരമ്പരയിലുള്ള മോഡലുകളെന്ന് കമ്പനി വക്താവ് നേരത്തെ വ്യക്തമാക്കിയിരുന്നു. പവര്‍ഫുള്‍ ഡിസ്‌പ്ലെ, മികച്ച ക്യാമറ, ബാറ്ററി ബാക്ക് അപ്, പ്രൊസസര്‍ എന്നിവ മോഡലുകളുടെ പ്രത്യേകതകളായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.