ലോക്സഭ തെരഞ്ഞെടുപ്പ്: രാഷ്ട്രീയ പരസ്യങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവിടുമെന്ന് ഗൂഗിള്‍

ആരാണ് പരസ്യം നല്‍കിയത്? ചെലവഴിക്കുന്ന തുകയെത്ര? തുടങ്ങിയ വിവരങ്ങള്‍ ഗൂഗിളിന്റെ പ്ലാറ്റ്‌ഫോമുകളിലൂടെ പുറത്തുവിടും...

Update: 2019-01-23 15:47 GMT

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഗൂഗിള്‍ വഴി നടത്തുന്ന രാഷ്ട്രീയ പരസ്യങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവിടുമെന്ന് ഗൂഗിള്‍, കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് പരസ്യദാതാക്കള്‍ക്കുള്ള നിര്‍ദേശങ്ങള്‍ ഗൂഗിള്‍ പുറത്തുവിട്ടത്. സുതാര്യത ലക്ഷ്യമിട്ടാണ് നടപടി.

ഫേസ്ബുക്കിനും ട്വിറ്ററിനും പിന്നാലെയാണ് തെരഞ്ഞെടുപ്പ് പരസ്യങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ഗൂഗിളും തീരുമാനിച്ചത്. ആരാണ് പരസ്യം നല്‍കിയത്? ചെലവഴിക്കുന്ന തുകയെത്ര? തുടങ്ങിയ വിവരങ്ങള്‍ ഗൂഗിളിന്റെ പ്ലാറ്റ്‌ഫോമുകളിലൂടെ പുറത്തുവിടും. ഇതിനായി ഇന്ത്യക്ക് മാത്രമായി രാഷ്ട്രീയപരസ്യ സുതാര്യതാ റിപ്പോര്‍ട്ട് തയ്യാറാക്കും. തെരഞ്ഞെടുപ്പ് കമ്മീഷനും ഉപയോക്താക്കള്‍ക്കും പെട്ടെന്ന് വിവരങ്ങള്‍ ലഭിക്കുന്നതിനായി പരസ്യ ലൈബ്രറിയും ഒരുക്കുന്നുണ്ട്. മാര്‍ച്ചോടെ ഇത് പ്രവര്‍ത്തനസജ്ജമാകും.

Advertising
Advertising

പരസ്യദാതാക്കള്‍ക്ക് ചില നിബന്ധനകളും ഗൂഗിള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്, പരസ്യം നല്‍കുന്നവര്‍ ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഐഡന്റിറ്റി വെരിഫിക്കേഷന് ശേഷം മാത്രമേ പരസ്യം നല്‍കൂ, വെരിഫിക്കേഷന് നടപടികള്‍ അടുത്ത മാസം 14 മുതല്‍ തുടങ്ങും. 2013 ല്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രീ സര്‍ട്ടിഫിക്കറ്റ് നിബന്ധന കൊണ്ടുവന്നിരുന്നു, എന്നാല്‍ ഇത് കൃത്യമായി കമ്പനികള്‍ പാലിച്ചിരുന്നില്ല.

അതേസമയം സുതാര്യത ഉയര്‍ത്തി ഗൂഗിള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ എത്രത്തോളം ഗുണം ചെയ്യും എന്ന കാര്യത്തില്‍ സംശയം ഉയരുന്നുണ്ട്. തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് ചെറുക്കാന്‍ ഇതുവഴി സാധിക്കില്ലെന്ന് സാങ്കേതിക രംഗത്ത് നിന്നുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News