വിവര സാങ്കേതിക കമ്പനികളുടെ വാര്‍ഷിക മേളയായ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിന് ബാര്‍സലോണയില്‍ നാളെ തുടക്കം
വിവര സാങ്കേതിക വിദ്യാരംഗത്ത് പ്രവര്‍ത്തിക്കുന്ന ലോകോത്തര കമ്പനികളുടെ വാര്‍ഷിക മേളയായ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിന് ബാര്‍സലോണയില്‍ നാളെ തുടക്കമാകും. ചൈനീസ് കമ്പനിയായ വാവായ്ക്ക് അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്ന വിലക്കിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ മേള നടക്കുന്നത്.
തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ 2400 കമ്പനികളാണ് പങ്കെടുക്കുന്നത്. ചൈനീസ് ഉത്പാദകര്‍ക്ക് യൂറോപ്യന്‍ വിപണിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് മൈബൈല്‍ ഫോണ്‍ ഉത്പാദകരുടെ കൂട്ടായ്മയായ ജിഎസ്.എം.എ ചര്‍ച്ച ചെയ്യും. ചൈനീസ് മൊബൈല്‍ ഉത്പാദക ഭീമനായ വാവേയ്ക്ക് അമേരിക്കയും ചില സഖ്യരാജ്യങ്ങളും ഏര്‍പ്പെടുത്തിയ വിലക്ക് ലോക ആഗോള വിവര സാങ്കേതിക വിദ്യ വിപണിയെ പ്രതികൂലമായി ബാധിച്ചിരുന്നു. 5ജി സാങ്കേതിക വിദ്യയിലെ പുതിയ ഉത്പന്നങ്ങളുടെ അവതരണമായിരിക്കും മേളയുടെ മുഖ്യ ആകര്‍ഷണം.
കൂടുതല്‍ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളുടെ പങ്കാളിത്തം ഇത്തവണത്തെ മേളയ്ക്കുണ്ട്. 1,20,000 സ്ക്വയര്‍ മീറ്ററുള്ള വേദിയാണ് ഒരുക്കിയിട്ടുള്ളത്. മുന്‍ വര്‍ഷത്തേക്കാള്‍ വേദിയുടെ വലിപ്പം 5000 സ്ക്വയര്‍ മീറ്റര്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 200 രാജ്യങ്ങളില്‍ നിന്ന് 1 ലക്ഷത്തിലധികം പേര്‍ മേള സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.