ബുക്കിങ് ആരംഭിച്ചു; യുഎഇയിലേക്ക് അടുത്തയാഴ്ച മുതൽ പോകാൻ ആകുമോ?

യാത്രാവിലക്ക് വൈകാതെ പിന്‍വലിക്കുമെന്ന് സൂചന

Update: 2021-07-16 07:33 GMT
Editor : abs | By : Web Desk

കൊച്ചി: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് യുഎഇ അടുത്തയാഴ്ചയോടെ നീക്കുമെന്ന് സൂചന. ഏതാനും വിമാനക്കമ്പനികൾ ബുക്കിങ് ആരംഭിച്ചിട്ടുണ്ടെന്ന് കൊച്ചിയിലെ ട്രാവൽ ഏജൻസിയെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് പത്രം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ യാത്ര എന്ന് ആരംഭിക്കുമെന്ന് ഏജൻസികൾ യാത്രക്കാർക്ക് ഉറപ്പു നൽകിയിട്ടില്ല.

നിലവിൽ 17000-18000 രൂപയാണ് കൊച്ചി-ദുബൈ യാത്രയുടെ ടിക്കറ്റ് നിരക്ക്. താമസ, തൊഴിൽ വിസയുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ യുഎഇ തിരിച്ചുവരാന്‍ അനുമതി നൽകുന്നത്. നിക്ഷേപവിസയുള്ളവർക്കും യാത്രാനുമതിയുണ്ട്.

Advertising
Advertising

യുഎഇ വ്യോമയാന മന്ത്രാലയത്തിൽ നിന്ന് യാത്രയുമായി ബന്ധപ്പെട്ട് ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ വ്യക്തമാക്കി. പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് എന്നും കമ്പനി വക്താവ് പറഞ്ഞു. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. ജൂലൈ 21ന് ശേഷം മാത്രമേ സർവീസുകൾ പുനരാരംഭിക്കൂവെന്നാണ് കൊച്ചി വിമാനത്താവള അധികൃതർ പറയുന്നത്. 

യാത്രാവിലക്ക് ഈ മാസം അവസാനത്തോടെ പിന്‍വലിക്കുമെന്നാണ് സൂചന. ഇക്കാര്യത്തിൽ ദുബായ് അധികൃതരുമായുള്ള കോൺസൽ ജനറൽ അമൻ പുരിയുടെ ചർച്ചകൾ പുരോഗമിക്കുകയാണ്. ഘട്ടംഘട്ടമായിട്ടായിരിക്കും വിലക്ക് പിൻവലിക്കുക. ഒക്ടോബറിൽ എക്‌സ്‌പോ ആരംഭിക്കുന്നതിന് മുമ്പ് എല്ലാ യാത്രാ വിലക്കുകളും ദുബായ് പിൻവലിക്കുമെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യയിലെ കോവിഡ് സാഹചര്യങ്ങൾ അധികൃതർ നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് എമിറേറ്റ്‌സ് ഉദ്യോഗസ്ഥരെ ഉദ്ധറിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.

മടങ്ങാനാകാതെ പ്രവാസികൾ

ഏപ്രിൽ 25 നാണ് ഇന്ത്യയിൽ നിന്ന് നേരിട്ട് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് യുഎഇ നിരോധം ഏർപ്പെടുത്തിയത്. പിന്നീട് പത്തു ദിവസത്തേക്കു കൂടി നീട്ടി. ഇതിന്റെ കാലാവധി മെയ് 14ന് അവസാനിക്കുന്നതിന് മുമ്പു തന്നെ വിലക്ക് അനിശ്ചിത കാലത്തേക്ക് നീട്ടുകയായിരുന്നു. ഇന്ത്യയിലെ കോവിഡ് സാഹചര്യം പരിഗണിച്ചായിരുന്നു തീരുമാനം. വിലക്കു മൂലം ലക്ഷക്കണക്കിന് പ്രവാസികളാണ് യുഎഇയിലേക്ക് തിരിച്ചു പോകാനാകാതെ കുടുങ്ങിക്കിടക്കുന്നത്.

ഇന്ത്യയിൽ നിന്നുള്ള പ്രൈവറ്റ് ജെറ്റുകൾക്ക് യുഎഇ വിലക്കേർപ്പെടുത്തിയിട്ടില്ല. ഏതാനും പേർ ഈ സാധ്യത ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാൽ സാധാരണ പ്രവാസികള്‍ക്ക്  ചിന്തിക്കാവുന്നതിനും അപ്പുറമാണ് ജെറ്റുകളുടെ യാത്രാ ചെലവ്. മറ്റു രാഷ്ട്രങ്ങൾ വഴി യുഎഇയിലെത്തുന്നവരുമുണ്ട്. എന്നാൽ അതിലും പ്രായോഗിക തടസ്സങ്ങൾ നിലനിൽക്കുകയാണ്.

യുഎഇ അംഗീകരിച്ച വാക്‌സിനിന്റെ രണ്ടു ഡോസും എടുത്തവർക്ക് മാത്രമാണ് ദുബായിലേക്ക് വരാനുള്ള അനുമതി ലഭിക്കുക. സിനോഫാം, ഫൈസർ-ബയോഎൻടെക്, സ്പുട്‌നിക് വി റഷ്യ, ഓക്‌സ്ഫഡ്-ആസ്ട്രാ സെനക (കൊവിഷീൽഡ്) വാക്‌സിനുകളാണ് യുഎഇ അംഗീകരിച്ചിട്ടുള്ളത്. കൊവിഷീൽഡ് വാക്‌സിനാണ് ഇന്ത്യയിൽ കൂടുതലായി കുത്തിവയ്ക്കുന്നത്.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News