തെരഞ്ഞെടുപ്പ് വീഴ്ച പരിശോധിച്ച് സിപിഎം; റിപ്പോര്‍ട്ട് സംസ്ഥാനകമ്മിറ്റി ഇന്ന് പരിഗണിക്കും

വനിത കമ്മീഷന്‍റെ പുതിയ അധ്യക്ഷയുടെ കാര്യത്തിലും തീരുമാനമുണ്ടായേക്കും

Update: 2021-07-09 01:23 GMT

നിയമസഭ തെരഞ്ഞെടുപ്പില്‍ സംഘടന രംഗത്തുണ്ടായ വീഴ്ച പരിശോധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ട് സംസ്ഥാനകമ്മിറ്റി ഇന്ന് പരിഗണിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ വേണ്ട തിരുത്തല്‍ നടപടികള്‍ രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന സംസ്ഥാനകമ്മിറ്റി സ്വീകരിക്കും. വനിത കമ്മീഷന്‍റെ പുതിയ അധ്യക്ഷയുടെ കാര്യത്തിലും തീരുമാനമുണ്ടായേക്കും.

പാല, കല്‍പ്പറ്റ, കുണ്ടറ, തൃപ്പൂണിത്തുറ, മണ്ഡലങ്ങളിലെ തോല്‍വിക്ക് കാരണം സംഘടനാ വീഴ്ചയാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കണ്ടെത്തിയത്. നെന്മാറ, ഒറ്റപ്പാലം, അരുവിക്കര, അമ്പലപ്പുഴ മണ്ഡലങ്ങളില്‍ വിജയിച്ചെങ്കില്‍ നേതാക്കളുടെ ഭാഗത്ത് നിന്നടക്കം വീഴ്ചയുണ്ടായെന്നാണ് പാര്‍ട്ടി കണ്ടെത്തല്‍.

Advertising
Advertising

അമ്പലപ്പുഴയിലെ വീഴ്ചയില്‍ ജി.സുധാകരനെതിരെ ജില്ലാകമ്മിറ്റിയല്‍ കടുത്ത വിമര്‍ശനം ഉണ്ടായെങ്കിലും സെക്രട്ടറിയേറ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പേരെടുത്ത് വിമര്‍ശനമില്ല. പാലായിലും, കല്‍പ്പറ്റയിലും പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായി. അരുവിക്കരയില്‍ ജയിച്ചെങ്കിലും ജില്ലാസെക്രട്ടറിയേറ്റ് അംഗം വി.കെ മധുവിനെതിരെ പരാതിയുണ്ട്. ഇതടക്കം എല്ലാ വീഴ്ചകളും പരിശോധിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് സംസ്ഥാനകമ്മിറ്റി പരിഗണിക്കുന്നത്.

എല്‍ഡിഎഫ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മ‍ഞ്ചേശ്വരം, കാസര്‍ഗോഡ്, പാലക്കാട് മണ്ഡലങ്ങളില്‍ എന്ത് നടപടി വേണമെന്നും സംസ്ഥാനസമിതി തീരുമാനിക്കും. വീഴ്ചവരുത്തിയ നേതാക്കള്‍ക്കെതിരെ നടപടി നിര്‍ദേശമൊന്നും സെക്രട്ടറിയേറ്റ് സംസ്ഥാനകമ്മിറ്റിക്ക് മുന്നില്‍ വയ്ക്കാന്‍ സാധ്യതയില്ല. തിരുത്തല്‍ നിര്‍ദേശങ്ങള്‍ സംസ്ഥാനകമ്മിറ്റി തയ്യാറാക്കും.

സ്വര്‍ണ്ണക്കടത്ത് കേസില്‍ സിപിഎമ്മനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രതിരോധിക്കുന്നതും, പുതിയ വനിത കമ്മീഷന്‍ അധ്യക്ഷയുടെ കാര്യവും ഇന്ന് തീരുമാനിച്ചേക്കും. സംസ്ഥാനസമിതി അംഗം സൂസന്‍കോടിയുടെ പേരാണ് കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News