വിശ്വം ജയിച്ച് ടീം ഇന്ത്യ; ടി20 ലോകകിരീടം നിലനിർത്തുന്ന ആദ്യ ടീം, ഫൈനലിലും താരമായി സഞ്ജു

സഞ്ജു സാംസണെ പ്ലെയർഓഫ്ദി ടൂർണമെന്റായും ബുംറയെ പ്ലെയർഓഫ്ദിമാച്ചായും തെരഞ്ഞെടുത്തു

Update: 2026-03-08 18:37 GMT
Editor : Sharafudheen TK | By : Sports Desk

അഹമ്മദാബാദ്: മലയാളി താരം സഞ്ജു സാംസണിന്റെ ചിറകിലേറി മൂന്നാം ടി20 കിരീടംചൂടി ഇന്ത്യ. ടി20 കിരീടം നിലനിർത്തുന്ന ആദ്യ ടീമായി സൂര്യകുമാർ യാദവും സംഘവും. ഇന്ത്യ ഉയർത്തിയ 256 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കിവികളുടെ പോരാട്ടം 19 ഓവറിൽ 159ൽ അവസാനിച്ചു. അർധ സെഞ്ച്വറി നേടിയ ടിം സെയ്‌ഫെർട്ടിന് (26 പന്തിൽ 52) മാത്രമാണ് ന്യൂസിലൻഡ് നിരയിൽ മികച്ചുനിൽക്കാനായത്. ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാല് വിക്കറ്റും അക്‌സർ പട്ടേൽ മൂന്ന് വിക്കറ്റും വീഴ്ത്തി. ജസ്പ്രീത് ബുംറയെ പ്ലെയർഓഫ്ദിമാച്ചായി തെരഞ്ഞെടുത്തു. സഞ്ജു സാംസണാണ് ടൂർണമെന്റിലെ താരം. അഞ്ച് ഇന്നിങ്‌സുകളിൽ നിന്നായി 321 റൺസ് നേടിയാണ് മലയാളി താരം പ്ലെയർഓഫ്ദി സീരിസ് ട്രോഫി സ്വന്തമാക്കിയത്.

Advertising
Advertising

   നേരത്തെ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഇന്ത്യ സഞ്ജു സാംസണിന്റെയും (46 പന്തിൽ 89) ഇഷാൻ കിഷന്റേയും (25 പന്തിൽ 54), അഭിഷേക് ശർമയുടേയും (21 പന്തിൽ 52) അർധ സെഞ്ച്വറി കരുത്തിലാണ് 255 റൺസ് പടുത്തുയർത്തിയത്. സൂപ്പർ എട്ടിനും സെമിക്കും പിന്നാലെ ഫൈനലിലും സഞ്ജു സാംസൺ ഇന്ത്യയുടെ ടോപ് സ്‌കോററായി മാറുകയായിരുന്നു. 

കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കിവീസ് നിരയിൽ സെയ്‌ഫെർട്ടിന് പുറമെ  മിച്ചൽ സാന്റ്നർ (35 പന്തിൽ 43), ഡാരിൽ മിച്ചൽ (17) എന്നിവർക്ക് മാത്രമാണ്  രണ്ടക്കം കാണാനായത്. പവർ പ്ലേയിൽ തന്നെ ന്യൂസിലൻഡിന് ഫിൻ അലൻ (9), രചിൻ രവീന്ദ്ര (1), ഗ്ലെൻ ഫിലിപ്സ് (5) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി.  മാർക് ചാപ്മാൻ (3), സീഫെർട്ട് എന്നിവർ കൂടി മടങ്ങിയതോടെ അഞ്ചിന് 72 എന്ന നിലയിലേക്ക് തകർന്നടിഞ്ഞു.  പിന്നീടൊരു തിരിച്ചുവരവ് നടത്താൻ കിവീസിനായില്ല. പവർപ്ലെയിൽ ഫിൻ അലെന്റേയും ഗ്ലെൻ ഫിലിപ്പ്‌സിന്റേയും വിക്കറ്റ് വീഴ്ത്തിയ അക്‌സർ പട്ടേലിന്റെ ബൗളിങ് പ്രകടനവും ഇന്ത്യൻ ജയത്തിൽ നിർണായകമായി. സെമിയിൽ ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ച്വറി നേടിയ അലനെ(9) അക്‌സർ തിലക് വർമയുടെ കൈകളിലെത്തിച്ചു. പിന്നാലെ അപകടകാരിയായ ഗ്ലെൻ ഫിലിപ്പ്‌സിനെ ക്ലീൻബൗൾഡാക്കി.  നേരത്തെ മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഓപ്പണിങിൽ സഞ്ജു - അഭിഷേക് സഖ്യം 98 റൺസ് പടുത്തുയർത്തി. പവർപ്ലെയിൽ ഇരുവരും തകർത്തടിച്ചതോടെ 92 എന്ന റെക്കോർഡ് സ്‌കോറിലെത്തി. 

  അഭിഷേക് പുറത്തായ ശേഷം ഇഷാൻ കിഷനുമായി(54) ചേർന്ന് സഞ്ജു സാംസൺ സ്‌കോർ ഉയർത്തികൊണ്ടേയിരുന്നു. 15.1 ഓവറിൽ സഞ്ജു മടങ്ങുമ്പോൾ ഇന്ത്യൻ സ്‌കോർ 200 കടന്നിരുന്നു. എന്നാൽ പിന്നീടെത്തിയ സൂര്യകുമാർ യാദവ്(0) വേഗത്തിൽ മടങ്ങിയതോടെ റൺറേറ്റിൽ നേരിയ കുറവുണ്ടായി. ഹാർദിക് പാണ്ഡ്യ 18 റൺസെടുത്തു മടങ്ങി. എന്നാൽ അവസാന ഓവറിൽ ശിവം ദുബെ രണ്ട് സിക്‌സും മൂന്ന് ഫോറും സഹിതം 24 റൺസാണ് അടിച്ചെടുത്തത്.


Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News