കർണാടകയുടെ കാനന ഭംഗിയും പൈതൃക പെരുമയും കണ്ടറിയാം: 'സ്വർണരഥ'ത്തിൽ ഒരു സ്വപ്നയാത്ര; 'ഗോൾഡൻ ചാരിയറ്റ്' കുതിപ്പ് തുടങ്ങി

ബന്ദിപ്പൂര്‍, മൈസൂരു, ഹാലേബിഡു, ചിക്കമംഗളൂരു, ഹംപി, ഗോവ എന്നിവിടങ്ങളിലൂടെയാണ് ട്രെയിന്‍ സഞ്ചരിക്കുന്നത്

Update: 2026-10-24 17:21 GMT

ബെംഗളൂരു: കര്‍ണാടകയിലെ മുന്‍നിര ആഡംബര ടൂറിസ്റ്റ് ട്രെയിനായ ഗോള്‍ഡന്‍ ചാരിയറ്റിന്റെ 2026-27 സീസണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. 'പ്രൈഡ് ഓഫ് കര്‍ണാടക' എന്ന പേരില്‍ അഞ്ച് രാത്രിയും ആറ് പകലും നീണ്ടുനില്‍ക്കുന്നതാണ് ഉദ്ഘാടന യാത്ര. ക്രാന്തിവീര സാംഗൊള്ളി രായണ്ണ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 75 അതിഥികളുമായിട്ടാണ് ട്രെയിന്‍ യാത്ര പുറപ്പെട്ടത്.

ബന്ദിപ്പൂര്‍, മൈസൂരു, ഹാലേബിഡു, ചിക്കമംഗളൂരു, ഹംപി, ഗോവ എന്നിവിടങ്ങളിലൂടെയാണ് ട്രെയിന്‍ സഞ്ചരിക്കുന്നത്. ബന്ദിപ്പൂര്‍ ദേശീയോദ്യാനത്തിലെ വന്യജീവി സഫാരി, മൈസൂരു കൊട്ടാരം, ശ്രീരംഗപട്ടണം എന്നിവിടങ്ങളിലേക്കുള്ള സന്ദര്‍ശനം, ബേലൂരിലെയും ഹാലേബിഡുവിലെയും ഹൊയ്‌സാല ക്ഷേത്രങ്ങള്‍, ചിക്കമംഗളൂരുവിലെ കോഫി-എസ്റ്റേറ്റ് സന്ദര്‍ശനം, യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ ഹംപിയിലേക്കുള്ള ഗൈഡഡ് ടൂര്‍ എന്നിവ ഗോള്‍ഡന്‍ ചാരിയറ്റ് പാക്കേജില്‍ ഉള്‍പ്പെടുന്നു.

Advertising
Advertising

യാത്രക്കാര്‍ക്ക് കര്‍ണാടകയെ കൂടുതല്‍ സമഗ്രമായി കണ്ടെത്താന്‍ സഹായിക്കുന്ന തരത്തിലാണ് യാത്ര രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അഞ്ച് രാത്രികളും ആറ് പകലും അടങ്ങുന്ന 'പ്രൈഡ് ഓഫ് കര്‍ണാടക', 'ജ്യൂവല്‍സ് ഓഫ് സൗത്ത്', മൂന്ന് രാത്രികളും നാല് പകലും അടങ്ങുന്ന ഗ്ലിംപ്‌സസ് ഓഫ് കര്‍ണാടക എന്നിങ്ങനെ മൂന്ന് യാത്രാ പരിപാടികളാകും 2026-27 വര്‍ഷത്തില്‍ ഗോള്‍ഡന്‍ ചാരിയറ്റ് നടത്തുക. 'പ്രൈഡ് ഓഫ് കര്‍ണാടക' ബെംഗളൂരുവിനെ കര്‍ണാടക, ഗോവ എന്നിവിടങ്ങളിലെ സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്നു. 'ജ്യൂവല്‍സ് ഓഫ് സൗത്തി'ല്‍, മൈസൂരു, ഹംപി, മഹാബലിപുരം, തഞ്ചാവൂര്‍, ചെട്ടിനാട്, കൊച്ചി, കുമരകം എന്നിവ ഉള്‍പ്പെടുന്നു. 'ഗ്ലിംപ്‌സസ് ഓഫ് കര്‍ണാടക' ബന്ദിപ്പൂര്‍, മൈസൂരു, ഹംപി എന്നിവ കേന്ദ്രീകരിച്ചാണ്.

സ്വകാര്യ അതിഥി ക്യാബിനുകള്‍, ഡൈനിങ് കാറുകള്‍, സ്പാ സൗകര്യങ്ങള്‍ തുടങ്ങി വിവിധ പ്രീമിയം സൗകര്യങ്ങള്‍ ഗോള്‍ഡന്‍ ചാരിയറ്റ് ട്രെയിനിലുണ്ട്. കര്‍ണാടകയുടെ പൈതൃകവും വൈവിധ്യവും ആഭ്യന്തര, അന്തര്‍ദേശീയ യാത്രക്കാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന ഈ ട്രെയിന്‍ യാത്രയ്ക്ക് വീണ്ടും ശ്രദ്ധ ലഭിച്ചതായി മുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ പറഞ്ഞു.

Tags:    

Writer - അതുല്യ സെബാസ്റ്റ്യൻ

contributor

Editor - അതുല്യ സെബാസ്റ്റ്യൻ

contributor

By - അതുല്യ സെബാസ്റ്റ്യൻ

contributor

Similar News