ട്രെയിൻ ടിക്കറ്റ് എടുത്ത് ശ്രീലങ്കയിൽ പോകാം! ഇത് 'ബോട്ട് മെയിലിന്റെ' ഇതിഹാസ ചരിത്രം

വിമാനയാത്രകൾ വ്യാപകമാകുന്നതിന് മുമ്പ് ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പ്രധാന ആശ്രയമായിരുന്നു ഈ റെയിൽ-ബോട്ട് സേവനം

Update: 2026-11-01 12:00 GMT

ചെന്നൈയിൽ നിന്നും ഒറ്റ റെയിൽവേ ടിക്കറ്റെടുത്ത് ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോ വരെ യാത്ര ചെയ്യാൻ കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ ഇതിഹാസ ട്രെയിനായ 'ബോട്ട് മെയിൽ' ആണ് ലക്ഷക്കണക്കിന് ആളുകൾക്ക് ഈ അപൂർവയാത്ര സാധ്യമാക്കിയത്.

1914 മുതൽ ഇന്ത്യൻ സ്വാതന്ത്ര്യം വരെ നീണ്ടുനിന്ന ഈ യാത്രയുടെ ഒന്നാം ഘട്ടം ചെന്നൈ എഗ്‌മോറിൽ നിന്ന് ആരംഭിച്ച് രാമേശ്വരം വഴി ധനുഷ്കോടി വരെയായിരുന്നു. ധനുഷ്കോടിയിൽ ഇറങ്ങുന്ന യാത്രക്കാർ അവിടെനിന്ന് സ്റ്റീമർ ബോട്ടിൽ കയറി 35 കിലോമീറ്റർ നീളത്തിലുള്ള പാക് കടലിടുക്ക് താണ്ടി സിലോണിലെ (ശ്രീലങ്ക) തലൈമന്നാറിലെത്തും. തുടർന്ന് സിലോൺ ഗവൺമെന്റ് റെയിൽവേയുടെ ട്രെയിനിൽ കൊളംബോയിലേക്ക് യാത്ര തിരിക്കും.

Advertising
Advertising

സിലോണിലേക്ക് കടൽ കടക്കാൻ ബോട്ട് ഉപയോഗിച്ചിരുന്നതുകൊണ്ടാണ് ഇതിന് 'ബോട്ട് മെയിൽ' എന്ന പേര് വന്നത്. വിമാനയാത്രകൾ വ്യാപകമാകുന്നതിന് മുമ്പ് ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പ്രധാന ആശ്രയമായിരുന്നു ഈ റെയിൽ-ബോട്ട് സേവനം.

1880ലാണ് ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള റെയിൽ-ബോട്ട് യാത്രയ്ക്ക് തുടക്കമാകുന്നത്. ആദ്യകാലത്ത് തൂത്തുക്കുടി വഴിയായിരുന്നു ഈ സർവീസ്. തൂത്തുക്കുടിയിൽ നിന്നും കൊളംബോയിലേക്കുള്ള കടൽയാത്ര ഏകദേശം 270 കിലോമീറ്ററോളമായിരുന്നു. എന്നാൽ 1914ൽ പാമ്പൻ പാലം നിലവിൽ വന്നതോടെ ബോട്ട് മെയിലിന്റെ റൂട്ട് രാമേശ്വരം വഴി ധനുഷ്കോടിയിലേക്ക് മാറുകയും കടൽയാത്ര വെറും 35 കിലോമീറ്ററായി കുറയുകയും ചെയ്തു.

ഇന്ത്യൻ സ്വാതന്ത്ര്യത്തിനു ശേഷം ട്രെയിൻ സർവീസ് ധനുഷ്കോടിയിൽ അവസാനിപ്പിച്ചു. എന്നാൽ 1964ലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ ധനുഷ്കോടി പൂർണമായി കടലെടുത്തുപോയതോടെ ബോട്ട് മെയിലിന്റെ യാത്ര രാമേശ്വരം വരെയായി ചുരുങ്ങി.

പിന്നീട് തമിഴ്നാട്ടിലെ റെയിൽ പാളങ്ങൾ മീറ്റർഗേജിൽ നിന്നും ബ്രോഡ്ഗേജിലേക്ക് മാറിയതിനനുസരിച്ച് ബോട്ട് മെയിലിന്റെ റൂട്ടിലും പല മാറ്റങ്ങളുണ്ടായി. ഇന്ന് അമൃത എക്സ്പ്രസ്സുമായി ലിങ്ക് ചെയ്ത് ഓടുന്ന ഈ ട്രെയിൻ, ഒരു നൂറ്റാണ്ടിലേറെ നീണ്ട ചരിത്രവും വഹിച്ച് ഇപ്പോഴും പ്രയാണം തുടരുകയാണ്.

Tags:    

Writer - അതുല്യ സെബാസ്റ്റ്യൻ

contributor

Editor - അതുല്യ സെബാസ്റ്റ്യൻ

contributor

By - അതുല്യ സെബാസ്റ്റ്യൻ

contributor

Similar News