70000 ക്യുഅനോണ്‍ അക്കൗണ്ടുകള്‍ ട്വിറ്റര്‍ പൂട്ടി

അമേരിക്കയിലെ കാപിറ്റോള്‍ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി.

Update: 2021-01-12 05:22 GMT
Advertising

ക്യുഅനോണ്‍ ഉള്ളടക്കങ്ങള്‍ ഷെയര്‍ ചെയ്ത 70000 അക്കൗണ്ടുകള്‍ ട്വിറ്റര്‍ സസ്പെന്‍ഡ് ചെയ്തു. അമേരിക്കയിലെ കാപിറ്റോള്‍ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. ട്രംപ് അനുകൂലികളായ ക്യുഅനോണ്‍ സംഘത്തിന്‍റെ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരം ഉള്ളടക്കങ്ങളുള്ള അക്കൌണ്ടുകള്‍ എന്നേയ്ക്കുമായി നീക്കം ചെയ്യാന്‍ ട്വിറ്റര്‍ തീരുമാനിച്ചത്.

അടിസ്ഥാനരഹിതമായ പ്രചാരണവുമായി ക്യുഅനോണ്‍ സംഘങ്ങള്‍ 2017 മുതല്‍ സജീവമാണ്. ശിശു പീഡകരെ കുടുക്കാന്‍ ഡോണള്‍ഡ് ട്രംപ് രഹസ്യ യുദ്ധത്തിലാണെന്നായിരുന്നു ആദ്യ കാലത്തെ പ്രചാരണം. എന്നാല്‍ ക്യുഅനോണ്‍ സംഘത്തെയോ അവര്‍ പറയുന്ന കാര്യങ്ങളെയോ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു ട്രംപ് നേരത്തെ പ്രതികരിച്ചത്. ക്യു ഡ്രോപ്സ് എന്ന പേരില്‍ ഇടയ്ക്കിടെ വ്യാജ പ്രചാരണം നടത്തുന്ന ഈ സംഘത്തിന്‍റെ നേതാവ് ആരാണെന്ന് വ്യക്തമല്ല. ഡമോക്രാറ്റിക് നേതാക്കളെയും ഹോളിവുഡ് സെലിബ്രിറ്റീസിനെയും ചില മാധ്യമപ്രവര്‍ത്തകരെയും ലക്ഷ്യമിട്ടാണ് ഇവരുടെ വ്യാജ പ്രചാരണങ്ങള്‍.

ട്രംപിനെ അനുകൂലിച്ച് കാപിറ്റോളില്‍ കലാപം അഴിച്ചുവിട്ടവരില്‍ ക്യുഅനോണ്‍ അനുകൂലികളുമുണ്ടായിരുന്നു. ക്യുഅനോണ്‍ ഷാമന്‍ എന്ന് അറിയപ്പെടുന്ന ജെയ്ക്ക് അഞ്ചെലിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags:    

Similar News