യെമൻ യുദ്ധം അവസാനിപ്പിക്കാൻ നീക്കം ശക്തം; യു.എൻ പ്രത്യേക ദൂതൻ തെഹ്റാനിൽ

ഇതാദ്യമായാണ് യു.എൻ ദൂതൻ ഇറാനിലെത്തുന്നതും ചർച്ചക്ക് തുടക്കം കുറിക്കുന്നതും.

Update: 2021-02-08 01:31 GMT
Advertising

ആറു വർഷത്തോളമായി തുടരുന്ന യെമൻ യുദ്ധം സൃഷ്ടിച്ച കെടുതികൾ വലുതാണ്. ഇറാൻ പിന്തുണയുള്ള ഹൂതി വിഭാഗം സൻആയിൽ അധികാരം പിടിച്ചതോടെ സൗദി നേതൃത്വത്തിലുള്ള സഖ്യസേന യുദ്ധത്തിന് തുടക്കം കുറിക്കുകയായിരുന്നു. യെമനിൽ നിന്നും സൗദിക്കു നേരെ തുടർച്ചയായ മിസൈൽ ആക്രമണങ്ങൾ കൂടിയായതോടെ യുദ്ധം നീളുന്ന സാഹചര്യവും രൂപപ്പെട്ടു. ബൈഡൻ യു.എസ് പ്രസിഡൻറായി അധികാരം ഏറ്റതോടെ യെമൻ യുദ്ധത്തിനുള്ള പിന്തുണ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു. ഹൂതികളെ അന്താരാഷ്ട്ര ഭീകരപട്ടികയിൽ പെടുത്തിയ ട്രംപിന്റെ തീരുമാനവും ബൈഡൻ റദ്ദാക്കും എന്നാണ് സൂചന.

അതിനിടെ, യു.എന്നിന്റെ യെമനിലെ പ്രത്യേക ദൂതൻ മാർട്ടിൻ ഗ്രിഫിത്സ് തെഹ്റാനിൽ ചർച്ചകൾക്ക് തുടക്കം കുറിച്ചു. ഇതാദ്യമായാണ് യു.എൻ ദൂതൻ ഇറാനിലെത്തുന്നതും ചർച്ചക്ക് തുടക്കം കുറിക്കുന്നതും. ഇറാൻ നേതൃത്വം ഇടപെട്ടാൽ ഹൂതികളെ അനുരഞ്ജന പാതയിലേക്ക് കൊണ്ടു വരാൻ സാധിക്കുമെന്നാണ് യു.എൻ കണക്കുകൂട്ടൽ. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ എല്ലാം ചെയ്യുമെന്ന ബൈഡൻ ഭരണകൂടത്തിന്റെ പ്രഖ്യാപനം സൗദി സ്വാഗതം ചെയ്തിട്ടുണ്ട്.ഏതായാലും ഒട്ടും വൈകാതെ തന്നെ യെമൻ യുദ്ധം അവസാനിപ്പിക്കുന്നതായ പ്രഖ്യാപനം ഉണ്ടാകും എന്നു തന്നെയാണ് വിലയിരുത്തൽ.

Full View
Tags:    

Similar News