ക്ഷേത്ര ഭണ്ഡാരം കവർന്ന വി.എച്ച്.പി നേതാവ് അറസ്റ്റിൽ
വിശ്വ ഹിന്ദു പരിഷത്തിന്റെ ഉള്ളാൾ ഘടകം കൺവീനർ താരാനാഥ് മോഹൻ ആണ് അറസ്റ്റിലായത്
മംഗളൂരുവിൽ ക്ഷേത്രത്തിലെ ഭണ്ഡാരം കവർന്ന കേസിൽ ബി.ജെ.പി നേതാവ് അറസ്റ്റിൽ. വിശ്വ ഹിന്ദു പരിഷത്തിന്റെ ഉള്ളാൾ ഘടകം കൺവീനർ താരാനാഥ് മോഹൻ ആണ് അറസ്റ്റിലായത്. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ ഞായറാഴ്ച രാത്രിയോടെയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ക്ഷേത്ര ഭണ്ഡാരത്തോടൊപ്പം ബൈക്ക് മോഷണ കേസിലും പ്രതിയാണ് അറസ്റ്റിലായ താരാനാഥ് മോഹൻ.
മഞ്ചനാഡിയിലെ ക്ഷേത്രത്തിൽ നിന്നാണ് ഭണ്ഡാരം മോഷ്ടിച്ചത്. സമീപ പ്രദേശമായ മോന്തെപദവിൽ നിന്നാണ് ഇയാൾ ബൈക്ക് മോഷ്ടിച്ചത്.
മഞ്ചനാടി ക്ഷേത്രത്തിലെ ഭണ്ഡാരം കടത്തിക്കൊണ്ടുപോയതുള്‍പ്പെടെ രണ്ടിടങ്ങളിൽ കവര്‍ച്ച നടത്തിയത് താനാണെന്ന് താരനാഥ് പൊലീസിനോട് സമ്മതിച്ചു. ഈ കവര്‍ച്ചയുടെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. അടുത്തിടെ പ്രദേശത്ത് കൂടുതൽ ക്ഷേത്രങ്ങളിൽ മോഷണം നടന്നിട്ടുണ്ട്. ഇതിന് പിന്നിൽ പൊലീസ് ഇയാളുടെ പങ്ക് സംശയിക്കുന്നുണ്ട്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്.