വയലിനിസ്റ്റ് ബാലഭാസ്കറിന്റേത് അപകട മരണം തന്നെയെന്ന് സി.ബി.ഐ

ശാസ്ത്രീയ തെളിവുകളടക്കം പരിശോധിച്ചാണ് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത്

Update: 2021-02-02 12:38 GMT

വയലിനിസ്റ്റ് ബാലഭാസ്കറിന്റേത് അപകട മരണം തന്നെയെന്ന് സി.ബി.ഐ. വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അർജുൻ നാരായണനെ പ്രതിയാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം സി.ജി.എം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. മരണത്തിൽ അട്ടിമറിയോ ദുരൂഹതയോ കണ്ടെത്താൻ കഴിഞ്ഞില്ല.

ബാലഭാസ്കറിന്റേത് അപകട മരണമാണെന്ന ക്രൈം ബ്രാഞ്ച് കണ്ടെത്തൽ ശരിവെക്കുന്നതാണ് സി.ബി.ഐ കുറ്റപത്രം. 132 ഓളം സാക്ഷിമൊഴികൾ രേഖപ്പെടുത്തി. നൂറിലധികം രേഖകളും അന്വേഷണ സംഘം പരിശോധിച്ചു. ശാസ്ത്രീയ തെളിവുകളടക്കം പരിശോധിച്ചാണ് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത്.

Advertising
Advertising

മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. തെറ്റായ വിവരങ്ങൾ നൽകിയതിന് കലാഭവൻ സോബിക്കെതിരെ കേസെടുക്കും.

മരണത്തിൽ ദുരൂഹതയുണ്ടെന്നു ബാലഭാസ്കറിന്റെ മാതാപിതാക്കൾ ആരോപിച്ചിരുന്നു. സ്വർണ്ണക്കടത്തുമായി മരണത്തിനു ബന്ധമുണ്ടെന്ന തരത്തിൽ ആരോപണങ്ങളും ഉയർന്നിരുന്നു. ഇതെല്ലാം പരിശോധിച്ചാണ് ബാലഭാസ്കറിന്റേത് അപകട മരണമാണെന്ന നിഗമനത്തിൽ സി.ബി.ഐ എത്തിയത്.

സംഭവം കൊലപാതകമാണെന്ന് പറഞ്ഞ സാക്ഷികളിലൊരാളായ കലാഭവന്‍ സോബിക്കെതിരെ കേസെടുക്കാനും സിബിഐ നടപടി തുടങ്ങി.തെറ്റായ വിവരങ്ങള്‍ സിബിഐക്ക് നല്‍കിയതിനും തെളിവുകള്‍ കെട്ടിച്ചമച്ചതിനുമാണ് കേസെടുക്കുക.അപകടം നടന്ന സ്ഥലത്ത് സ്വര്‍ണ്ണക്കടത്ത്കേസ് പ്രതികളെ കണ്ടെന്നും റൂബന്‍ തോമസിനെ തിരിച്ചറിഞ്ഞെന്നും സോബി മൊഴി നല്‍കിയിരുന്നു.

കുറ്റപത്രത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ബാലഭാസ്കറിന്‍റെ അച്ഛന്‍ കെ സി ഉണ്ണി പ്രതികരിച്ചു

Tags:    

Similar News