ബോട്ട് യാത്രയിലെ ഓപ്പറേഷൻ, പെട്രോമാക്സ് വെളിച്ചത്തിലെ ശസ്ത്രക്രിയകൾ; 20,000 ജീവനുകൾ കാത്ത ഹിന്ദുമ്പിയുടെ കഥ...

​60-ാം വയസ്സിൽ ഔദ്യോഗികമായി വിരമിച്ചെങ്കിലും, ആരോഗ്യമേഖലയോടുള്ള അടങ്ങാത്ത ആവേശം കൊണ്ട് അവർ കരാർ അടിസ്ഥാനത്തിൽ വീണ്ടും ജോലിയിൽ പ്രവേശിക്കുകയായിരുന്നു

Update: 2026-07-03 13:40 GMT

Courtesy: Indian Express

കവരത്തി: 'പെട്രോമാക്സ് വിളക്കുകളുടെ വെളിച്ചത്തിൽ കുഞ്ഞുങ്ങളെ പ്രസവിപ്പിക്കുകയും, ബോട്ടുകളിൽ രോഗികളെ ആശുപത്രിയിലെത്തിക്കുകയും ചെയ്യുമ്പോൾ, ആശുപത്രികളിലേക്ക് ഇന്നും ജനങ്ങൾക്ക് എളുപ്പത്തിൽ എത്താൻ കഴിയാത്തതിന്റെ ബുദ്ധിമുട്ട് ഞാൻ നേരിട്ടറിയുന്നുണ്ട്. അതുകൊണ്ട് തന്നെ, ഇതിനെ വെറുമൊരു ജോലിയായിട്ടല്ല, മറിച്ച് ഒരു ജീവൻ രക്ഷിക്കുന്ന സേവനമായാണ് ഞാൻ കാണുന്നത്'- അപകടകരവും അത്യാസന്നവുമായ 20,000-ത്തിലേറെ ശസ്ത്രക്രിയകൾക്കും ശുശ്രൂഷകൾക്കുമൊടുവിൽ, തന്‍റെ 53-മത്തെ വയസ്സിൽ നഴ്സിങ് ജോലിയിൽ നിന്ന് വിരമിക്കാനിരിക്കെ ലക്ഷദ്വീപുകാരിയായ ഹിന്ദുമ്പി കൗറോം കക്കടയുടെ വാക്കുകളാണിത്.

Advertising
Advertising

മുന്നോട്ടുള്ള ജീവിതത്തിലെ അന്നന്നത്തേക്കുള്ള അന്നത്തിനായി മാത്രം പണിയെടുക്കുന്ന കേവലമൊരു ജീവനക്കാരിയായിരുന്നില്ല അവരെന്ന് ഈ വാക്കുകളിൽ തന്നെ വ്യക്തം. ലക്ഷദ്വീപ് നിവാസികളുടെ മോശം ദിവസങ്ങളിൽ, വേദനിച്ചിരിക്കുന്ന സമയങ്ങളിൽ ആശ്വാസപ്പെയ്ത്തായി മാറുകയായിരുന്നു ഹിന്ദുമ്പി കൗറോം തന്‍റെ ജീവിതത്തിലെ നല്ല കാലമത്രയും. 53-ാം വയസ്സിൽ നഴ്സിങ് ജീവിതത്തോട് ആദ്യമായി വിടപറഞ്ഞെങ്കിലും, കരാറടിസ്ഥാനത്തിൽ അവർ വീണ്ടും തിരിച്ചുവരികയായിരുന്നു.

 

ആരോഗ്യമേഖലക്ക് നഴ്സുമാർ നൽകുന്ന മികവാർന്ന സേവനത്തിനുള്ള 2023-ലെ ഫ്ലോറൻസ് നൈറ്റിൻഗേൾ അവാർഡ് പ്രസിഡന്‍റിന്‍റെ കയ്യിൽ നിന്ന് വാങ്ങിയ ഹിന്ദുമ്പിയെ തേടി മറ്റൊരു നേട്ടം കൂടി വന്നുചേർന്നിരിക്കുകയാണ്, 214 രാജ്യങ്ങളിൽ നിന്നുള്ള നഴ്സുമാരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് 2026-ന്‍റെ അവസാന പത്ത് പേരിൽ ഇടംപിടിച്ചിരിക്കുകയാണ് അവർ, തികച്ചും അവിചാരിതമായ നേട്ടം. ഇന്നിതാ, ലോകമൊന്നടങ്കമുള്ള മികച്ച നഴ്സുമാരുടെ കൂട്ടത്തിലേക്ക് അവർ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, അവരേക്കാളേറെ സന്തോഷിക്കുകയാണ് ദ്വീപ് നിവാസികൾ.

ബോട്ടിൽ വെച്ച് നടന്ന ശസ്ത്രക്രിയ-മറക്കാനാവാത്ത ഓർമ

1972-ലാണ് ഹിന്ദുമ്പി തന്‍റെ ഔദ്യോഗിക ജീവിതമാരംഭിച്ചത്. അന്ന് ദ്വീപിൽ ഒരുപാട് ആശുപത്രികളൊന്നും ഉണ്ടായിരുന്നില്ല. ദ്വീപിലെ ജനങ്ങൾക്ക് ആകെയുണ്ടായിരുന്ന ആശ്രയമെന്നോണം നഴ്സായി അവരും, ഒരു ഹെൽത്ത് ഇൻസ്പെക്ടറും അയാളുടെ ഭാര്യയും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് അവർ ഓർത്തെടുത്തു. ആശുപത്രികൾ ഒരുപാട് അകലെയായിരുന്നതിനാൽ മിക്കവാറും പ്രസവങ്ങളും വീട്ടിൽ വെച്ചുതന്നെയാണ് നടക്കാറുണ്ടായിരുന്നത്. അത്യാവശ്യം വല്ല മരുന്നുകൾ സംഘടിപ്പിക്കാമെന്ന് വെച്ചാൽ തന്നെയും കൊച്ചിയിലേക്കുള്ള കപ്പലുകളെ ആശ്രയിക്കേണ്ടിവരും. 'ആർക്കെങ്കിലും അത്യാവശ്യമായി ആശുപത്രിയിലെത്തണമെന്നുണ്ടെങ്കിൽ ഒരൊറ്റ വഴിയേ അവർക്ക് മുന്നിലുണ്ടാകൂ, തൊട്ടടുത്ത് ഏതെങ്കിലും മുക്കുവസംഘം ഉണ്ടായിരുന്നെങ്കിലെന്ന് അകമഴിഞ്ഞ് പ്രാർത്ഥിക്കാം. മറ്റുവഴികളൊന്നുമുണ്ടായിരുന്നില്ല.' കക്കട വ്യക്തമാക്കി.

നഴ്സിങ് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരനുഭവം സമൃതിമണ്ഡലത്തിൽ നിന്ന് അവർ പെറുക്കിയെടുക്കുന്നത് ഇങ്ങനെ...

'ഒരിക്കൽ അഗത്തിയിലേക്ക് അത്യാവശ്യമായി എത്തണമെന്ന് പറഞ്ഞ് സന്ദേശമെത്തി. ഗർഭസംബന്ധമായ രക്തസ്രാവത്തെ തുടർന്ന് ഒരു സ്ത്രീ വല്ലാതെ പ്രയാസപ്പെട്ട് കഴിയുകയായിരുന്നു അവിടെ. ഇതുപോലുള്ള ഗുരുതരമായ പ്രശ്നങ്ങളെ കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങൾ അഗത്തിയിൽ ഉണ്ടായിരുന്നില്ല. അവർക്കാണേൽ, ഹീമോഗ്ലോബിൽ തീരെ കുറവായിരുന്നു. കവരത്തിയിലെ ആശുപത്രിയിലേക്ക് എത്രയും വേഗം കൊണ്ടെത്തിക്കുകയെന്നതല്ലാതെ മറ്റൊരു വഴിയും മുന്നിലുണ്ടായിരുന്നില്ല. അങ്ങനെ, എത്രയും തൊട്ടടുത്തുണ്ടായിരുന്ന ഫിഷിങ് ബോട്ടുകാരെ ഞങ്ങൾ വിളിച്ചുവരുത്തി'. അവർ പറഞ്ഞു. യാത്രയ്ക്കിടെ അവർക്ക് നഷ്ടമായ രക്തത്തിന് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ നടത്തേണ്ടിവന്നെന്നും അവർ വ്യക്തമാക്കി. ആറ് മണിക്കൂർ നീണ്ട ആ ബോട്ട് യാത്ര ജീവിതത്തിലിതേ വരെയും മറക്കാനായില്ലെന്നും അവർ പറഞ്ഞു. സമാനമായ രീതിയിൽ മറ്റനേകം സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

പെട്രോമാക്സ് വെളിച്ചത്തിൽ നടത്തേണ്ടിവന്ന ശസ്ത്രക്രിയകൾ

കവരത്തിയിലെ ഇന്ദിരാ ഗാന്ധി ഹോസ്പിറ്റലിൽ 80-ാമത്തെ വയസിലും കർമനിരതയാണ് ഹിന്ദുമ്പി കക്കട. കരിയറിന്‍റെ തുടക്കക്കാലത്തിലേത് പോലെയല്ല, ഇന്നവർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ പവർ ബാക്കപ്പ് സംവിധാനങ്ങൾക്ക് യാതൊരുവിധ പഞ്ഞവുമില്ല.

'കരിയറിന്‍റെ തുടക്കകാലത്തിൽ പവർ കട്ടുകളൊക്കെ ഉണ്ടാകാറുണ്ട്. കറന്‍റ് വരുന്നതുവരെയ്ക്കും കാത്തിരുന്നാൽ രോഗി ബാക്കിയുണ്ടാകില്ല എന്നതിനാൽ പെട്രോമാക്സ് വെളിച്ചത്തിൽ ശസ്ത്രക്രിയ നടത്തിയ അനുഭവങ്ങളുമുണ്ട്. പലപ്പോഴും മരുന്നുകൾ സമയത്തിന് എത്താറില്ല. അത്യാവശ്യ സാഹചര്യങ്ങളിൽ തൊട്ടടുത്തൊരു മത്സ്യത്തൊഴിലാളിയും ബോട്ടും ഉണ്ടായിരുന്നെങ്കിലെന്ന് പ്രാർത്ഥിക്കുകയല്ലാതെ മറ്റ് വഴികളൊന്നുമുണ്ടാകാറില്ല.' കക്കട വിശദമാക്കി.

പത്താം ക്ലാസ് കഴിഞ്ഞ് കോഴിക്കോട്ട് പോയി നഴ്‌സിങ് പഠനം പൂർത്തിയാക്കിയ ഹിന്ദുമ്പിക്ക് പിതാവിന്റെ അകമഴിഞ്ഞ പിന്തുണയാണ് ഏറ്റവും വലിയ കരുത്തായത്. ഗാന്ധിജിയോടൊപ്പം ദണ്ഡി യാത്രയിൽ പങ്കെടുത്ത പിതാവ് പകർന്നുനൽകിയ സാമൂഹിക സേവന മനോഭാവമാണ് തന്നെ നയിക്കുന്നതെന്ന് അവർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സൗദി അറേബ്യയിൽ മൂന്ന് വർഷം ജോലി ചെയ്തെങ്കിലും, സ്വന്തം നാട്ടുകാർക്ക് തന്റെ സേവനം ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് അവർ തിരികെ കവരത്തിയിലെത്തി.

​60-ാം വയസ്സിൽ ഔദ്യോഗികമായി വിരമിച്ചെങ്കിലും, ആരോഗ്യമേഖലയോടുള്ള അടങ്ങാത്ത ആവേശം കൊണ്ട് അവർ കരാർ അടിസ്ഥാനത്തിൽ വീണ്ടും ജോലിയിൽ പ്രവേശിക്കുകയായിരുന്നു. ഇന്നും കവരത്തിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിൽ എത്തുന്ന രോഗികളുടെ മുഖത്ത് പുഞ്ചിരി വിടർത്താൻ ഈ 80-കാരി മുടങ്ങാതെ എത്താറുണ്ട്..

​2023-ൽ രാഷ്ട്രപതിയിൽ നിന്ന് ഫ്ലോറൻസ് നൈറ്റിൻഗേൾ പുരസ്കാരം ഏറ്റുവാങ്ങിയ ഹിന്ദുമ്പിക്ക് ലഭിക്കുന്ന മറ്റൊരു വലിയ അംഗീകാരമാണ് ഈ ഗ്ലോബൽ നഴ്‌സിങ് അവാർഡ് നോമിനേഷൻ. അവാർഡ് ലഭിച്ചാലും ഇല്ലെങ്കിലും, തന്റെ ആശുപത്രി ജോലികളും വാക്സിനേഷൻ ഷെഡ്യൂളുകളും പൂർത്തിയാക്കുന്ന തിരക്കിലായിരിക്കും താനെന്ന് അവർ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ലക്ഷദ്വീപിലെ ഓരോ വീട്ടിലും ഹിന്ദുമ്പിയുടെ കരുതലിന്റെ കഥകൾ പറയാനുണ്ടാകും. അത്രയേറെ സ്നേഹത്തോടെ ദ്വീപ് ജനതയെ ചേർത്തുപിടിച്ചൊരാളുടെ കഥകൾ വിസ്മൃതിയിലേക്ക് കൈവിട്ടുകളയുന്നതെങ്ങനെ.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Similar News