സീനിയർ തസ്തികയിൽ ഉയർന്ന ശമ്പളം വാങ്ങി ചെയ്തിരുന്ന ജോലിയിൽ നിന്ന് മാറി ഒരു ക്ലീനറായി ജോലി ചെയ്യേണ്ടിവന്ന ഒരു സ്ത്രീയുടെ ജീവിതമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മുംബൈ സ്വദേശിനിയായ 37കാരി ശ്വേത ദേശായിയുടെ അനുഭവ കഥ ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ തുറന്നുകാട്ടുന്നതിനോടൊപ്പം അതിൽ നിന്ന് ഉണ്ടാകേണ്ടുന്ന ഉയർത്തെഴുനേൽപ്പിനെകൂടി കാണിക്കുന്നു.
ലണ്ടനിലെ കോർപ്പറേറ്റ് ലോകത്തെ തിളക്കമാർന്ന കരിയറിൽ നിന്ന് മെൽബണിലെ എയർബിഎൻബി അപ്പാർട്മെന്റുകൾ വൃത്തിയാക്കുന്ന ജോലിയിലേക്കായിരുന്നു ശ്വേത ദേശായിയുടെ യാത്ര. മുംബൈയിൽ ജനിച്ച് വളർന്ന ശ്വേത 2008ലാണ് ഉപരിപഠനത്തിനായി ലണ്ടനിലേക്ക് താമസം മാറിയത് 15 വർഷത്തോളം അവിടെ തുടർന്നു. സുരക്ഷിതവും വിജയകരമായതുമായ ഒരു കരിയറും അവർ കെട്ടിപ്പടുത്തു. ഒരു ബുട്ടീക് വെഡിങ് രജിസ്ട്രി കമ്പനിയിൽ 'ഹെഡ് ഓഫ് പ്രൊഡക്റ്റ്' ആയി ജോലി ചെയ്തിരുന്ന അവർക്ക് പ്രതിവർഷം 1,00,000 പൗണ്ട് (ഏകദേശം ഒരു കോടി രൂപ) ശമ്പളവും ലഭിച്ചിരുന്നു.
എന്നാൽ, ശ്വേതയുടെ ഭർത്താവിന് മെൽബണിൽ ജോലി ലഭിച്ചതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. കൂടുതൽ മെച്ചപ്പെട്ട ജീവിതം ആഗ്രഹിച്ചും പുതിയൊരു തുടക്കം പ്രതീക്ഷിച്ചും 2023 അവസാനത്തോടെ അവർ ഓസ്‌ട്രേലിയയിലേക്ക് മാറാൻ തീരുമാനിച്ചു. തുടർന്നുണ്ടായ സാഹചര്യങ്ങൾ താൻ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു എന്ന് ശ്വേത പറയുന്നു.
" ഹെഡ് ഓഫ് പ്രൊഡക്റ്റ് എന്ന സ്ഥാനത്തുനിന്നും മെൽബണിലെ അപ്പാർട്ട്‌മെന്റുകൾ വൃത്തിയാക്കുന്ന ജോലിയിലേക്ക് എനിക്ക് മാറേണ്ടി വന്നു. എന്റെ വ്യക്തിത്വം പൂർണമായും നഷ്ടപ്പെട്ടുവെന്ന് ഞാൻ കരുതി." സോഷ്യൽമീഡിയയിൽ വൈറലായ വീഡിയോയിൽ അവർ പറയുന്നു.
ലണ്ടനിലെ ജോലിയിൽ വർഷങ്ങളുടെ പ്രവൃത്തിപരിചയം ഉണ്ടായിരുന്നിട്ടും, സമാനമായ ഒരു ജോലി ഓസ്‌ട്രേലിയയിൽ കണ്ടെത്താൻ ശ്വേത ഏറെ ബുദ്ധിമുട്ടി. മെൽബണിലെ തൊഴിൽ വിപണി തികച്ചും വ്യത്യസ്തമായിരുന്നു എന്നതാണ് ഇതിന് കാരണം.
അനുയോജ്യമായ അവസരങ്ങളൊന്നും ലഭിക്കാതെ മാസങ്ങൾ കടന്നുപോയി. ഇതോടെ തനിക്ക് ലഭിച്ച ആദ്യത്തെ ജോലി സ്വീകരിക്കാൻ അവർ തീരുമാനിച്ചു. എയർബിഎൻബി അപ്പാർട്ട്‌മെന്റുകൾ വൃത്തിയാക്കുന്ന ജോലിയായിരുന്നു അത്. മുറികൾ വൃത്തിയാക്കുക, വിരിപ്പുകൾ അലക്കുക, അതിഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകുക തുടങ്ങിയവയായിരുന്നു ചെയ്യേണ്ടത്.
“ ഒന്നും ശരിയാകാതെ വന്നപ്പോൾ, ലഭിച്ച ആദ്യത്തെ ജോലി ഞാൻ തിരഞ്ഞെടുത്തു. അവ വൃത്തിയാക്കുന്നതും അവിടുത്തെ വിരിപ്പുകളും മറ്റും കഴുകുന്നതും അതിഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതും ഇതിൽ ഉൾപ്പെടുന്നു,” അവർ പറഞ്ഞു.
കരിയറിലെ ഈ മാറ്റം സാമ്പത്തികമായ മാറ്റങ്ങൾ മാത്രമല്ല കൊണ്ടുവന്നതെന്നും തന്നെക്കുറിച്ച് തന്നെയുള്ള കാഴ്ചപ്പാടിനെയും അത് ആഴത്തിൽ ബാധിച്ചുവെന്നും അവർ പറയുന്നു. ഒരു ജോലിയും ചെറുതല്ലെന്നും തൊഴിലിന്റെ പേരിലല്ല ഒരാളുടെ മൂല്യം നിശ്ചയിക്കേണ്ടതെന്നും ഈ അനുഭവം തന്നെ പഠിപ്പിച്ചതായി ശ്വേത പറയുന്നു.
“ലണ്ടനിൽ ജീവിച്ചിരുന്നപ്പോൾ വാർഡ്രോബിൽ എപ്പോഴും ഇഷ്ടംപോലെ വസ്ത്രങ്ങളുണ്ടായിരുന്നു. ആറോ ഏഴോ ജോഡി ഷൂസുകൾ, ബ്രാൻഡഡ് മേക്കപ്പ് സാധനങ്ങൾ, ഹാൻഡ് ബാഗുകൾ... ഒരു രാജ്ഞിയെപ്പോലെയായിരുന്നു ജീവിച്ചിരുന്നത്.” അവർ പറഞ്ഞു
തന്റെ കരിയറിലെ വ്യക്തിത്വം നഷ്ടപ്പെട്ടത് തന്നെ മാനസികമായി തളർത്തിയെന്നും തന്നിൽ നിന്ന് തന്നെ അകറ്റിയെന്നും ശ്വേത വിശദീകരിച്ചു. “ബാക്കിയുണ്ടായിരുന്നത് വെറുമൊരു തോട് പോലെയായിരുന്നു. മറ്റുള്ളവർക്ക് വേണ്ടി എന്ത് വിട്ടുവീഴ്ച ചെയ്യാനും തയ്യാറായി, സ്വന്തം ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നുണ്ടോ എന്ന് നോക്കിയില്ല, അതിന് മുൻഗണന നൽകിയില്ല, ആരോടും ചോദിച്ചതുമില്ല. അത് വളരെ മോശമായൊരു അവസ്ഥയായിരുന്നു,” അവർ പങ്കുവെച്ചു.
ഈ കാലയളവിൽ സൗമ്യ സംഭാഷണങ്ങൾ പോലും ബുദ്ധിമുട്ടായി മാറി. ഒരുകാലത്ത് സാധാരണമായി തോന്നിയിരുന്ന ചോദ്യങ്ങൾ പെട്ടെന്ന് അസ്വസ്ഥതയുണ്ടാക്കാൻ തുടങ്ങി. “എവിടെ പോയാലും ആളുകൾ ചോദിക്കുമായിരുന്നു, ‘എന്താണ് ചെയ്യുന്നത്?’ എന്ന്. എനിക്ക് കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല. ‘ഞാൻ വഴികൾ തേടിക്കൊണ്ടിരിക്കുകയാണ്’ എന്നോ ‘ഞാൻ ഒരു വീട്ടമ്മയാണ്’ എന്നോ ഒക്കെ മറുപടി പറയും. വീട്ടമ്മമാരോട് ഒട്ടും ബഹുമാനക്കുറവില്ലാതെ തന്നെ പറയട്ടെ, ആ സമയത്ത് ഞാനൊരു മുഖംമൂടി ധരിച്ചിരിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ഇനി എന്റെ ജീവിതം ജീവിക്കുന്നില്ല എന്ന് എനിക്ക് തോന്നിത്തുടങ്ങി. ഒരു കരിയർ നഷ്ടപ്പെടുന്നതിനെക്കുറിച്ച് ആരും പറയാത്ത ഒരു കാര്യമുണ്ട്. പദവികൾ ഇല്ലാതാകുമ്പോൾ, യഥാർത്ഥത്തിൽ നിങ്ങൾ ആരാണെന്ന് തിരിച്ചറിയും” അവർ പറഞ്ഞു.
വിജയത്തെയും വ്യക്തിത്വത്തെയും കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകളെയും മാറ്റിമറിക്കപ്പെട്ടു. തന്റെ മൂല്യം എന്നത് കേവലം ഒരു പദവിയിലോ ശമ്പളത്തിലോ ആഡംബര ജീവിതത്തിലോ മാത്രം ഒതുങ്ങുന്നതല്ലെന്ന് അവർ തിരിച്ചറിഞ്ഞതായും വീഡിയോയിൽ പറയുന്നു.
ഇന്ന്, മെൽബണിൽ തന്റെ ജീവിതത്തിന്റെ പുതിയൊരു അധ്യായം പടുത്തുയർത്തുകയാണ് ശ്വേത. അപ്പാർട്ട്‌മെന്റുകൾ നോക്കിനടത്തുന്നതിനൊപ്പം അവർ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുകയും സ്വന്തമായി ഒരു കോച്ചിംഗ് ബിസിനസ്സ് കെട്ടിപ്പടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. പണത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള അവരുടെ ധാരണയും ഇപ്പോൾ മാറിയിരിക്കുന്നു. "പണം എന്നാൽ സ്വാതന്ത്ര്യമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു," ശ്വേത പറഞ്ഞു.