കൂട്ടപിരിച്ചുവിടലുകളുടെ വാർത്തകളാണ് ചുറ്റിലും. ഞെട്ടിപ്പിക്കുന്ന കുറിപ്പുകളും അനുഭവങ്ങളും ഇതിൻ്റെ ഭാഗമായി പുറത്തുവരുന്നു. ആയിരക്കണക്കിന് മറ്റ് ജീവനക്കാർക്കൊപ്പം ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെടുന്നത് ജീവിതത്തിൽ വലിയ അനിശ്ചിതത്വത്തിലേക്ക് നയിച്ചേക്കാം. എന്നാൽ, അതിനുപകരം അത്തരം സാഹചര്യത്തെ താൻ ഒരു ഡെഡ്‌ലൈൻ ആയിട്ടാണ് കണ്ടതെന്ന് പറയുന്ന ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറൽ. തൻ്റെ കൃത്യമായ ഇടപെടലിലൂടെ വെറും 45 ദിവസത്തിനുള്ളിൽ മൂന്ന് ജോലികളുടെ ഓഫറുകളാണ് നേടിയെടുത്തതെന്നും അദ്ദേഹം പറയുന്നു.
/developersIndia എന്ന റെഡ്ഡിറ്റ് (Reddit) പോസ്റ്റിലൂടെയാണ് ടെക്കി തന്റെ അനുഭവം പങ്കുവെച്ചത്. "ജോലിയിൽ നിന്ന് പിരിച്ചുവിട്ട് 45 ദിവസത്തിനുള്ളിൽ ഒന്നിലധികം ഓഫറുകൾ ലഭിച്ചു. ഞാൻ ചെയ്തത് ഇതാണ്" എന്ന തലക്കെട്ടോടെയായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
പോസ്റ്റിലെ വിവരം അനുസരിച്ച്, മാർച്ച് 31-ന് ഒറാക്കിളിൽ (Oracle) നടന്ന പിരിച്ചുവിടലിൽ ബാധിക്കപ്പെട്ട ജീവനക്കാരിൽ ഒരാളായിരുന്നു അദ്ദേഹം. ഈ തിരിച്ചടിയെക്കുറിച്ച് ഓർത്ത് വിഷമിച്ചിരിക്കുന്നതിന് പകരം, തന്റെ അടുത്ത അവസരത്തിനായി തയ്യാറെടുക്കുന്നതിലേക്ക് ഉടനടി ശ്രദ്ധ കേന്ദ്രീകരിച്ചു.
"ഇനി കാര്യമായിട്ട് തന്നെ ഇതിലേക്ക് ഇറങ്ങണം എന്ന് ഞാൻ ചിന്തിച്ചു," അഭിമുഖങ്ങൾക്കായുള്ള തയാറെടുപ്പുകൾക്കും സ്കിൽ ഡെവലപ്‌മെന്റിനുമായി താൻ ഒരു കർശനമായ ദിനചര്യ ഉണ്ടാക്കിയതിനെക്കുറിച്ച് അദ്ദേഹം എഴുതി.
ഡാറ്റാ സ്ട്രക്ചറുകളും അൽഗോരിതങ്ങളും (data structures and algorithms) പരിശീലിക്കുന്നതിനായി താൻ എല്ലാ ദിവസവും മൂന്ന് മുതൽ നാല് മണിക്കൂർ വരെ ചിലവഴിച്ചിരുന്നുവെന്നും ഇതിനായി പ്രധാനമായും 'നീറ്റ്കോഡ്' (NeetCode) ആണ് ഉപയോഗിച്ചതെന്നും ഈ റെഡ്ഡിറ്റ് ഉപയോക്താവ് പറഞ്ഞു. അതേസമയം തന്നെ, ട്രാൻസ്ഫോർമറുകളും അറ്റൻഷൻ മെക്കാനിസങ്ങളും പോലുള്ള ആശയങ്ങൾ ഉൾപ്പെടെ, എഐ എഞ്ചിനീയറിംഗിന്റെ (AI engineering) അടിസ്ഥാന കാര്യങ്ങൾ തുടക്കം മുതൽ പഠിച്ചെടുക്കുന്നതിനായി ദിവസവും ഒന്നര മുതൽ രണ്ട് മണിക്കൂർ വരെ അദ്ദേഹം മാറ്റിവെച്ചു.
പഠനത്തിനായി 30 ദിവസത്തെ ഒരു റോഡ്മാപ്പ് തയ്യാറാക്കാൻ ക്ലോഡ് (Claude) പോലും ഉപയോഗിക്കുകയും അത് കൃത്യമായി പിന്തുടരുകയും ചെയ്തു. ഒടുവിൽ അഭിമുഖങ്ങളിൽ കാണിക്കുന്നതിനായി എഐയുമായി ബന്ധപ്പെട്ട രണ്ട് പ്രോജക്ടുകളും നിർമ്മിച്ചു.
അതിനോടൊപ്പം സിസ്റ്റം ഡിസൈനിലും വലിയ രീതിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഹലോ ഇന്റർവ്യൂ , ബൈറ്റ്ബൈറ്റ്ഗോ, കൂടാതെ വിവിധ സബ്‌സ്റ്റാക്ക് (Substack) ലേഖനങ്ങൾ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ പഠിക്കാനായി ദിവസവും ഏകദേശം രണ്ട് മണിക്കൂർ ചിലവഴിച്ചു.
ജോലി അന്വേഷണത്തെ ഒരു ഫുൾ ടൈം ജോലി പോലെയാണ് താൻ കണ്ടതെന്ന് ഈ എഞ്ചിനീയർ പറയുന്നു. തന്റെ നൗക്രി (Naukri) പ്രൊഫൈൽ എല്ലാ ദിവസവും അപ്‌ഡേറ്റ് ചെയ്യുകയും, തനിക്ക് ഉടൻ തന്നെ ജോലിയിൽ പ്രവേശിക്കാൻ സാധിക്കുമെന്ന് രേഖപ്പെടുത്തുകയും ചെയ്തു. കൂടാതെ കമ്പനികളുടെ കരിയർ പേജുകൾ, ലിങ്ക്ഡ്ഇൻ, വെൽഫൗണ്ട്, ഇൻഡീഡ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലുടനീളം ദിവസേന 10 മുതൽ 15 വരെ ഒഴിവുകളിലേക്ക് അപേക്ഷിക്കുകയും ചെയ്തു. ജോലികൾക്ക് അപേക്ഷിക്കുന്നതിന് കമ്പനികളുടെ കരിയർ പോർട്ടലുകളാണ് ഏറ്റവും ഫലപ്രദമായി അദ്ദേഹം കണ്ടത്. റിക്രൂട്ടർമാർക്ക് അദ്ദേഹത്തിന്റെ പ്രൊഫൈൽ കണ്ടെത്താൻ നൗക്രി സഹായകമായി.
കഠിനാധ്വാനം ഒടുവിൽ ഫലം കണ്ടു. ലിങ്ക്ഡ്ഇൻ വഴി ഇരുപതോളം റിക്രൂട്ടർമാർ ബന്ധപ്പെട്ടതായും നിരവധി അഭിമുഖങ്ങൾ നിശ്ചയിച്ചതായും അദ്ദേഹം പറഞ്ഞു. മെയ് മാസത്തിന്റെ ആദ്യവാരത്തിനും പകുതിക്കും ഇടയിൽ ഏഴ് കമ്പനികളുമായി അഭിമുഖങ്ങളിൽ പങ്കെടുത്തു. ചിലർ നിരസിച്ചു, ഒടുവിൽ ഒരു എഐ എഞ്ചിനീയർ (AI engineer) ആയി ജോലി സ്വീകരിക്കുന്നതിന് മുൻപ് മൂന്ന് ഓഫറുകൾ ഉറപ്പാക്കിയതായും പോസ്റ്റിൽ പറയുന്നു.
തന്റെ വിജയത്തിന് പിന്നിലെ ഏറ്റവും വലിയ കാരണങ്ങളിലൊന്ന് പുതിയ കാര്യങ്ങൾ അറിയാനുള്ള ജിജ്ഞാസയാണെന്ന് അദ്ദേഹം കരുതുന്നു. താൻ നിരന്തരം പുതിയ വിവരങ്ങൾ മനസിലാക്കാറുണ്ടായിരുന്നുവെന്നും, പെട്ടെന്ന് തന്നെ ആവശ്യമില്ലാത്ത സാങ്കേതിക ആശയങ്ങളാണെങ്കിൽ പോലും പഠിക്കാനുള്ള താല്പര്യം കൊണ്ട് മാത്രം പലപ്പോഴും അവയുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്നിരുന്നുവെന്നും ടെക്കി പറഞ്ഞു.
പോസ്റ്റ് വലിയ ശ്രദ്ധ നേടി. നിലവിലെ തൊഴിൽ വിപണിയിലെ പിരിച്ചുവിടലുകളെയും ജോലി അന്വേഷണങ്ങളെയും നേരിടുന്നതുമായി ബന്ധപ്പെട്ട അനുഭവങ്ങളുമായി കാര്യങ്ങളെ താരതമ്യം ചെയ്യാൻ പലരും ശ്രമിച്ചു.